Advertisement

ലോകായുക്ത നിയമഭേദഗതി കൂട്ടായ ചര്‍ച്ചകളിലൂടെ മാത്രമേ നടപ്പാക്കൂ: ആനത്തലവട്ടം ആനന്ദന്‍

January 30, 2022
Google News 1 minute Read

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് വിഷയത്തില്‍ മുന്നണിക്കകത്ത് മതിയായ ചര്‍ച്ചകള്‍ നടന്നില്ലെന്ന വിമര്‍ശനം ആവര്‍ത്തിച്ച് സിപിഐ രംഗത്തുവന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. ലോകായുക്ത നിയമഭേദഗതി കൂട്ടായ ചര്‍ച്ചകളിലൂടെ മാത്രമേ നടപ്പാക്കുകയുള്ളൂ എന്ന് ആനത്തലവട്ടം ആനന്ദന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഗവര്‍ണറുടെ അനുമതിക്കുശേഷം എല്‍ഡിഎഫില്‍ വിശദമായ ചര്‍ച്ചനടത്തി വേണ്ട ഭേദഗതി വരുത്തുമെന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന് എല്‍ ഡി എഫിലെ ഒരു ഘടകകക്ഷിയും ആവശ്യപ്പെട്ടിട്ടില്ല. ചില അഭിപ്രായ വ്യത്യാസം മാത്രമാണ് നിലവിലുള്ളതെന്നും അത് പ്രകടിപ്പിക്കാന്‍ സിപിഐക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനം ഒരു ബജറ്റ് സമ്മേളനം എന്ന രൂപത്തില്‍ ചിട്ടപ്പെടുത്തിയതിനാലാണ് വിഷയം ആ സമയത്തേക്ക് മാറ്റിവെക്കാത്തതെന്ന് ആനത്തലവട്ടം ആനന്ദന്‍ വിശദീകരിച്ചു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പരിമിതമായ സമയത്തിനുള്ളില്‍ നിയമസഭാ സമ്മേളനത്തില്‍ ഒട്ടനേകം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട്. ഓര്‍ഡിനന്‍സ് ഇറക്കാനുള്ള തീരുമാനം ക്യാബിനറ്റിന്റേതാണ്. അതില്‍ എല്‍ ഡി എഫിന്റെ എല്ലാ കക്ഷികളുടേയും പ്രതിനിധികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മതിയായ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് തോന്നിയാല്‍ അത് പറയാനുള്ള അവകാശം സിപിഐക്കുണ്ട്. ഇത് ഒരു പാര്‍ട്ടി ഭരിക്കുന്ന സംവിധാനമല്ല. മുന്നണിയാകുമ്പോള്‍ അഭിപ്രായ വ്യത്യാസമുണ്ടാകും. അതാണ് ജനാധിപത്യരീതിയെന്നും അതില്‍ ഭൂകമ്പമുണ്ടാക്കേണ്ട കാര്യമില്ലെന്നും ആനത്തലവട്ടം ആനന്ദന്‍ വ്യക്തമാക്കി.

ഉഭയ കക്ഷി ചര്‍ച്ചകളില്‍ കാനം രാജേന്ദ്രനില്‍ നിന്ന് വിഷയം മറച്ചുവച്ചതായി ആക്ഷേപമുയരുന്നുണ്ട്. ഈ മാസം 11 നാണ് മന്ത്രിസഭയില്‍ ലോകായുക്ത ഓര്‍ഡിനന്‍സ് വിഷയം അവതരിപ്പിച്ചത്. കൂടുതല്‍ പഠിക്കണമെന്ന സിപിഐ മന്ത്രിമാരുടെ ആവശ്യപ്രകാരം വിഷയം മാറ്റിവച്ചു. രണ്ട് ദിവസത്തിന് ശേഷം ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഓര്‍ഡിനന്‍സ് വിഷയം സിപിഐഎം മാറ്റിവച്ചു.

മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തില്ല. പിന്നീട് ഈ മാസം 19 ന് കൂടിയ മന്തിസഭാ യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടായത്. നിയമസഭയില്‍ വിശദ ചര്‍ച്ച മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ സിപിഐ മന്ത്രിമാര്‍ പച്ചക്കൊടി കാട്ടി.

Story Highlights : anathalavattom anandan lokayuktha ordinance cpi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here