Advertisement

ലോകായുക്ത വിവാദം; കെ ടി ജലീലിന് സിപിഐഎമ്മിന്റെ പരസ്യ പിന്തുണയില്ല

January 30, 2022
Google News 2 minutes Read

ലോകായുക്ത വിഷയത്തിൽ കെ ടി ജലീലിന് സിപിഐഎമ്മിന്റെ പരസ്യപിന്തുണയില്ല. കെ ടി ജലീലിന്റെത് സ്വന്തം നിലപാടെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. പാർട്ടി അംഗമല്ലാത്തതിനാൽ സ്വാതന്ത്ര നിലപാട് കൈക്കൊള്ളാം. കെ ടി ജലീലിന്റെ അഭിപ്രായപ്രകടനം വ്യക്തിപരമെന്നും നേതൃത്വം വ്യക്തമാക്കുന്നു.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഗുരുതര ആരോപണവുമായിയാണ് മുൻ മന്ത്രി കെ.ടി ജലീൽ രംഗത്തെത്തെത്തിയത്. തക്ക പ്രതിഫലം കിട്ടിയാല്‍ സിറിയക് എന്തു കടുംകൈയും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്ന് ജലീല്‍ ആരോപിച്ചു. സിറിയക് ജോസഫിൻ്റെ സഹോദര ഭാര്യയ്ക്ക് വി സി നിയമനം ലഭിച്ചതിൽ ദുരൂഹതയുണ്ട്. യുഡിഫ് നേതാവിനെ രക്ഷിക്കാൻ ബന്ധിവിന് വി സി പദവി പ്രതിഫലമായി വാങ്ങിക്കൊടുത്തു. പിണറായി സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ഇതെന്നും ജലീല്‍ ഫേസ്ബുക്കില്‍ ആരോപിച്ചു.

പിന്നെയും ലോകായുക്തയ്‌ക്കെതിരായ ആരോപണങ്ങള്‍ കടുപ്പിച്ച് കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നു.

മഹാത്മാഗാന്ധിയുടെ കയ്യിൽ വിശ്വസിച്ച് കൊടുത്ത ആയുധം ഗോദ്സെയുടെ കയ്യിൽ കിട്ടിയാൽ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നത്. UDF നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങിയ ഏമാൻ, തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ആർക്കുവേണ്ടിയും ചെയ്യും.

മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ച് പെറുക്കി നോക്കിയിട്ടും ഒരു നയാപൈസയുടെ ക്രമക്കേടോ അവിഹിത സമ്പാദ്യമോ കണ്ടെത്താൻ കഴിയാതെ പത്തി മടക്കി പിൻവാങ്ങിയപ്പോഴാണ് പിണറായി സർക്കാരിനെ പിന്നിൽ നിന്ന് കുത്താൻ UDF പുതിയ ”കത്തി” കണ്ടെത്തിയത്. കേന്ദ്ര മനുഷ്യാവകാശ കമ്മീഷനായി കോൺഗ്രസ് നിർദ്ദേശിച്ച “മാന്യനെ” ഇപ്പോൾ ഇരിക്കുന്ന പദവിയിൽ പന്തീരാണ്ടുകാലം കുടിയിരുത്തി കേരളത്തിലെ ഇടതുപക്ഷ സർക്കരിനെ അസ്ഥിരപ്പെടുത്താനാണ് UDF നേതാക്കളുടെ പടപ്പുറപ്പാട്. ഇന്ത്യയിൽ ഒരിടത്തുമില്ലാത്ത നിയമം കേരളത്തിൽ മാത്രം വേണമെന്ന വാശിക്ക് പുല്ലു വില പോലും ജനങ്ങൾ കൽപ്പിക്കില്ല.

Read Also :കെ സുരേന്ദ്രന് മറുപടി; ജസ്റ്റിസ് സിറിയക് ജോസഫിന് വീണ്ടും രൂക്ഷ വിമർശനവുമായി കെ ടി ജലീൽ

2005 ജനുവരി 25 ന് പുറത്ത് വന്ന പ്രമാദ കേസിലെ വിധിയുടെ കോപ്പിയും 2004 നവംബർ 14 ന് വൈസ് ചാൻസലർ പദവി സഹോദര ഭാര്യ ഏറ്റതിൻ്റെ രേഖയുമെല്ലാം നാട്ടിലെ മുറുക്കാൻ കടകളിൽ പോലും കിട്ടും. “ജാഗരൂഗരായ” കേരളത്തിലെ മാധ്യമങ്ങൾ എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. മാധ്യമ മുതലാളിമാരുടെ ആ ഒട്ടകപ്പക്ഷി നയം കൊണ്ടാന്നും ആരും രക്ഷപ്പെടാൻ പോകുന്നില്ല. “പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ” എന്നല്ലേ പ്രമാണം. അതിനു ഞാൻ നിമിത്തമായി എന്നു മാത്രം. – കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

Story Highlights : CPIM On Lokayukta – K T Jaleel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here