Advertisement

പരാമര്‍ശിച്ചത് ഐസ്‌ക്രീം പാര്‍ലര്‍ കേസും ജസ്റ്റിസ് സിറിയക് ജോസഫിനേയും; വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ജലീല്‍

January 30, 2022
Google News 2 minutes Read

ലോകായുക്തയ്‌ക്കെതിരായ ആരോപണങ്ങള്‍ കടുപ്പിച്ച് വീണ്ടും കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിവാദമായ കഴിഞ്ഞ ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചത് ഐസ്‌ക്രീം പാര്‍ലര്‍ കേസാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പുതിയ പോസ്റ്റ്. വിമര്‍ശനങ്ങള്‍ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ തന്നെയാണെന്നും പുതിയ പോസ്റ്റില്‍ ജലീല്‍ അടിവരയിടുന്നുണ്ട്. മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത് ജസ്റ്റിസ് സിറിയക് ജോസഫിന്റെ ബെഞ്ചാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഉള്‍പ്പെടുത്തിയാണ് പോസ്റ്റ്.

യുഡിഎഫ് നേതാവിനെ പ്രമാദമായ കേസില്‍ നിന്നും രക്ഷിക്കാന്‍ സിറിയക് ജോസഫ് സഹോദര ഭാര്യക്ക് എംജി വിസി പദവി വിലപേശി വാങ്ങി എന്ന് ജലീല്‍ ആരോപിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ പോസ്റ്റില്‍ സിറിയക് ജോസഫിന്റെ പേര് നേരിട്ട് സൂചിപ്പിക്കാതെയായിരുന്നു വിമര്‍ശനമെങ്കില്‍ ജസ്റ്റിസിന്റെ പേരും രേഖകളും ഹൈലൈറ്റ് ചെയ്തുകൊണ്ടാണ് പുതിയ പോസ്റ്റ്.


‘ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനും മുന്‍ പ്രതിപക്ഷ നേതാവിനും സമര്‍പ്പിക്കുന്നു. ശ്രദ്ധിച്ച് വായിച്ച് മറുപടി പറഞ്ഞാല്‍ നന്നാകും. രമേശ്ജി, നിയമനം നടത്തുമ്പോള്‍ ചൂഴ്ന്ന് നോക്കാന്‍ ചക്കയല്ലല്ലോ?’ എന്ന ചോദ്യത്തോടെയാണ് രേഖകള്‍ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജലീലിന്റെ വിവാദമായ മുന്‍ പോസ്റ്റിന്റെ പൂര്‍ണരൂപം:

ഗോദ്സെയുടെ കയ്യിൽ കിട്ടിയാൽ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നത്. UDF നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങിയ ഏമാൻ, തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ആർക്കുവേണ്ടിയും ചെയ്യും.


മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ച് പെറുക്കി നോക്കിയിട്ടും ഒരു നയാപൈസയുടെ ക്രമക്കേടോ അവിഹിത സമ്പാദ്യമോ കണ്ടെത്താൻ കഴിയാതെ പത്തി മടക്കി പിൻവാങ്ങിയപ്പോഴാണ് പിണറായി സർക്കാരിനെ പിന്നിൽ നിന്ന് കുത്താൻ UDF പുതിയ ”കത്തി” കണ്ടെത്തിയത്. കേന്ദ്ര മനുഷ്യാവകാശ കമ്മീഷനായി കോൺഗ്രസ് നിർദ്ദേശിച്ച “മാന്യനെ” ഇപ്പോൾ ഇരിക്കുന്ന പദവിയിൽ പന്തീരാണ്ടുകാലം കുടിയിരുത്തി കേരളത്തിലെ ഇടതുപക്ഷ സർക്കരിനെ അസ്ഥിരപ്പെടുത്താനാണ് UDF നേതാക്കളുടെ പടപ്പുറപ്പാട്. ഇന്ത്യയിൽ ഒരിടത്തുമില്ലാത്ത നിയമം കേരളത്തിൽ മാത്രം വേണമെന്ന വാശിക്ക് പുല്ലു വില പോലും ജനങ്ങൾ കൽപ്പിക്കില്ല.


2005 ജനുവരി 25 ന് പുറത്ത് വന്ന പ്രമാദ കേസിലെ വിധിയുടെ കോപ്പിയും 2004 നവംബർ 14 ന് വൈസ് ചാൻസലർ പദവി സഹോദര ഭാര്യ ഏറ്റതിൻ്റെ രേഖയുമെല്ലാം നാട്ടിലെ മുറുക്കാൻ കടകളിൽ പോലും കിട്ടും. “ജാഗരൂഗരായ” കേരളത്തിലെ മാധ്യമങ്ങൾ എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. മാധ്യമ മുതലാളിമാരുടെ ആ ഒട്ടകപ്പക്ഷി നയം കൊണ്ടാന്നും ആരും രക്ഷപ്പെടാൻ പോകുന്നില്ല. “പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ” എന്നല്ലേ പ്രമാണം. അതിനു ഞാൻ നിമിത്തമായി എന്നു മാത്രം.

Story Highlights : kt jaleel new facebook post lokayukta ice cream parlour case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here