‘ഒരു മണിക്കൂർ മതി കോലിയെ അറിയാൻ, നേട്ടത്തിൽ അഭിമാനിക്കാം’: പോണ്ടിംഗ്

വിരാട് കോലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തീരുമാനിച്ചതിൽ താൻ ശരിക്കും അത്ഭുതപ്പെട്ടെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ്. ഏകദിന ക്രിക്കറ്റ് ക്യാപ്റ്റൻസിയിൽ നിന്ന് പിന്മാറുന്നതിനെ കുറിച്ചും, ടെസ്റ്റ് ക്യാപ്റ്റനായി തുടരാനുള്ള ആഗ്രഹത്തെപ്പറ്റിയും കോലി പറഞ്ഞിരുന്നു. ക്രിക്കറ്റിനെയും നായക സ്ഥാനത്തേയും സ്നേഹിക്കുകയും വിലമതിക്കുകയും ചെയുന്ന വ്യക്തിയാണ് കോലിയെന്നും പോണ്ടിംഗ് കൂട്ടിച്ചേർത്തു.
കോലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീം ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കി. ടീം വിജയിക്കണമെന്ന് അദ്ദേഹം എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഒരു മണിക്കൂർ കളിക്കളത്തിൽ കോലിയെ കണ്ടാൽ മതിയെന്നും പോണ്ടിംഗ് അഭിപ്രായപ്പെട്ടു. “വിരാട് ഏഴ് വർഷത്തോളമായി ഇവിടെയുണ്ട്. ലോകത്ത് ക്യാപ്റ്റനാകാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു രാജ്യമുണ്ടെങ്കിൽ, അത് ഒരുപക്ഷേ ഇന്ത്യയാണ്” പോണ്ടിംഗ് പറഞ്ഞു.
“ദീർഘകാലമായി ലോക ക്രിക്കറ്റിൽ ആധിപത്യം പുലർത്തിയിരുന്ന ഒരു ടീമിനെയാണ് ഞാൻ ഏറ്റെടുത്തത്. വിരാടിന് മുമ്പ് ഇന്ത്യയെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, നാട്ടിൽ മത്സരങ്ങൾ ജയിക്കുകയും വിദേശത്ത് പരാജയപ്പെടുന്ന ടീമുമായിരുന്നു ഇന്ത്യ. കോലി വന്നതോടെ ടീം വിദേശത്ത് മത്സരങ്ങൾ ജയിക്കാൻ തുടങ്ങി. ഇന്ത്യൻ ക്രിക്കറ്റിനും കോലിക്കും അതിൽ അഭിമാനിക്കാം.”അദ്ദേഹം കൂട്ടിച്ചേർത്തു. വിരാട് കോലിയുടെ നായകത്വത്തിൽ 24 പരമ്പരകളിൽ അഞ്ചെണ്ണം മാത്രമാണ് ഇന്ത്യ തോറ്റത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര തോൽവിക്ക് പിന്നാലെയാണ് കോലി ടെസ്റ്റ് നായകസ്ഥാനത്ത് നിന്ന് രാജിവച്ചത്. കഴിഞ്ഞ വർഷം 33 കാരൻ ടി20 ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞിരുന്നു.
Story Highlights : he-can-be-proud-of-what-he-achieved-ponting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here