Advertisement

എംജി സര്‍വകലാശാല കൈക്കൂലി: സമഗ്ര അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സിലര്‍

January 31, 2022
Google News 1 minute Read

എം.ജി സര്‍വകലാശാല ആസ്ഥാനത്ത് എം.ബി.എ വിദ്യാര്‍ത്ഥിയില്‍ നിന്ന് പരീക്ഷാ വിഭാഗം ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സിലര്‍. അന്വേഷണത്തിനായി നാലംഗ സമിതിയെ നിയോഗിക്കാനാണ് ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിരിക്കുന്നത്. അസിസ്റ്റന്റ് രജിസ്ട്രാറെയും സെക്ഷന്‍ ഓഫിസറെയും സ്ഥലംമാറ്റിക്കൊണ്ട് അന്വേഷണം നടത്താനാണ് തീരുമാനം.

കൈക്കൂലി കേസില്‍ അറസ്റ്റിലായ ജീവനക്കാരിയുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ആരോപണങ്ങളെ സര്‍വകലാശാല പൂര്‍ണമായും തള്ളി. എല്‍സിയുടെ നിമയനവും സ്ഥാനക്കയറ്റവും മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടന്നതെന്ന് സര്‍വകലാശാല വ്യക്തമാക്കി. കൈക്കൂലി വിഷയത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവും വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വകലാശാല രജിസ്ട്രാറിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സിന്‍ഡിക്കേറ്റ് യോഗം നടക്കുന്ന സമയത്ത് കൈക്കൂലി വിവാദത്തില്‍ പ്രതിഷേധം കടുപ്പിച്ച് വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തിയിരുന്നു. കൈക്കൂലി വാങ്ങിയതില്‍ സര്‍വകലാശാലയിലെ മറ്റ് ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധം നടന്നത്. ജീവനക്കാരിക്കെതിരെ മുദ്രാവാക്യങ്ങളുമായി എ ബി വി പി പ്രവര്‍ത്തകര്‍ സര്‍വകലാശാലക്കുമുന്നില്‍ അണി നിരന്നിരുന്നു. ഇവരെ പീന്നീട് പൊലീസെത്തി നീക്കുകയായിരുന്നു. കൈക്കൂലി കേസില്‍ സമഗ്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും കൈക്കൂലി വിവാദത്തെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്നാണ് ഇടതുസംഘടനകളുടെ ആരോപണം.

അതേസമയം സംഭവത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്കും പങ്കുണ്ടെന്ന സംശയത്തിലാണ് വിജിലന്‍സ്. ഒറ്റയ്ക്കാണ് 1 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതെന്ന ജീവനക്കാരിയുടെ മൊഴി സംഘം പൂര്‍ണമായി വിശ്വസിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ബാങ്ക് അക്കൗണ്ടും, ഫോണും പരിശോധിക്കാന്‍ പൊലീസ് ഒരുങ്ങുന്നത്. 4 തവണകളായി 1.25 ലക്ഷം രൂപ അക്കൗണ്ടിലൂടെ തന്നെ കൈപറ്റിയെന്നാണ് വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. കോഴവാങ്ങി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനായി ജീവനക്കാരുടെ മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന നിഗമനത്തില്‍ വിജിലന്‍സ്.

കൈക്കൂലി കേസില്‍ അറസ്റ്റിലായ ജീവനക്കാരിയും പരാതിക്കാരിയും നടത്തിയ ഫോണ്‍സംഭാഷണത്തില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പണം നല്‍കേണ്ട ഉദ്യോഗസ്ഥരുടെ പേരുകള്‍ അടക്കം സംഭാഷണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എംബിഎ മാര്‍ക്ക്ലിസ്റ്റും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ കൈക്കൂലി വാങ്ങിയ സര്‍വകലാശാല അസിസ്റ്റന്റ് സി.ജെ. എല്‍സിയാണ് കഴിഞ്ഞ ദിവസം വിജിലന്‍സിന്റെ പിടിയിലായത്. താന്‍ ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപ എംബിഎ സെക്ഷനിലെ മറ്റ് ജീവനക്കാര്‍ക്ക് കൈമാറാനാണെന്ന് എല്‍സി പരാതിക്കാരിയോട് വിശദീകരിച്ചിരുന്നു.

Story Highlights : mg university vc on bribe case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here