Advertisement

സ്ത്രീകളുടെ ഉന്നമനം ഉയര്‍ത്തിക്കാട്ടിയുള്ള നയപ്രഖ്യാപനം; ബജറ്റില്‍ സ്ത്രീകള്‍ക്ക് എന്തെല്ലാം പ്രതീക്ഷിക്കാം?

January 31, 2022
Google News 1 minute Read

രാജ്യത്തെ സമസ്ത മേഖലകളിലേയും വിഗദ്ധര്‍ കേന്ദ്ര ബജറ്റിനെ സംബന്ധിച്ച് മൂന്‍കൂറായി തങ്ങളുടെ അവസാനഘട്ട കണക്കുകൂട്ടലുകള്‍ നടത്തുന്ന തിരക്കിലാണ് ഇപ്പോള്‍. ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്രബജറ്റ് അവതരിപ്പിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ബജറ്റില്‍ പല ജനപ്രിയ പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഈ മണിക്കൂറിലുള്ളത്. സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ചില ജനകീയ നയപ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്ത്രീകളുടെ പുരോഗതിക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുമെന്ന് നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി വിശദീകരിക്കുക കൂടി ചെയ്തതോടെ പ്രതീക്ഷ പിന്നെയും ഉയരുകയാണ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും സ്ത്രീ സുരക്ഷയിലെ വീഴ്ചയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപക്ഷം ബജറ്റ് സമ്മേളനത്തില്‍ ഉന്നയിക്കാന്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ബജറ്റ് അവതരണം നടക്കുക. സ്ത്രീകള്‍ക്ക് സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനൊപ്പം സാമ്പത്തിക സുരക്ഷയും പ്രോത്സാഹനവും കൂടി ഉറപ്പുവരുത്തുന്നതാകണം ബജറ്റെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പദ്ധതികളുടെ വിഹിതം 2020ല്‍ നീക്കിവെച്ചതിനേക്കാള്‍ 26 ശതമാനം കുറഞ്ഞു എന്ന വസ്തുതയാണ് സര്‍ക്കാരിന് മുന്നിലുള്ളത്. ബജറ്റ് വിഹിതം 2020ല്‍ 2072610 മില്യണ്‍ ആയിരുന്നെങ്കില്‍ 2021 ല്‍ അത് 1533260 മില്യണ്‍ എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. സാഹചര്യം ഇങ്ങനെയാണെങ്കിലും പ്രതീക്ഷ നല്‍കുന്ന മറ്റുചില വിവരങ്ങളും നമ്മുക്ക് മുന്നിലുണ്ട്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളുടെ സാമ്പദ്‌വ്യവസ്ഥയില്‍ സ്ത്രീകളുടെ പങ്കാളിത്തം വലിയ രീതിയില്‍ ഉയര്‍ന്നിട്ടുണ്ട്. 2021-22 കാലയളവില്‍ 28 ലക്ഷത്തോളം വരുന്ന സ്ത്രീകളുടെ സ്വയം സഹായസംഘങ്ങള്‍ക്ക് ബാങ്കുകള്‍ 65,000 കോടി രൂപയുടെ സഹായം നല്‍കിയതായാണ് കണക്കുകള്‍. സൂക്ഷ്മ തലം മുതല്‍ സ്ത്രീകളുടെ സാമ്പത്തിക രംഗത്തെ ഇടപെടലുകള്‍ രാജ്യം പ്രതീക്ഷയോടെ നോക്കിക്കണ്ട് പ്രോത്സാഹിപ്പിക്കേണ്ടതാണ്.

സ്ത്രീകള്‍ക്ക് അനുകൂലമായ ചില സാമൂഹ്യ, രാഷ്ട്രീയ തീരുമാനങ്ങള്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനുള്ള പശ്ചാത്തലം ഒരുക്കാന്‍ സഹായിക്കുന്നവയുമാണ്. സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തല്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് നല്‍കുന്ന സഹായങ്ങള്‍ മുതലായവ ആത്യന്തികമായി സ്ത്രീകളുടെ സാമ്പത്തികമായ ഉന്നമനത്തിനും വഴിവെക്കുന്നതാണ്. സ്്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തല്‍, മുത്തലാഖ് നിരോധനം, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ മുതലായ സര്‍ക്കാര്‍ നയങ്ങള്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദ് നയപ്രഖ്യാപനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സ്ത്രീകളുടെ നേതൃത്വത്തിലുള്ള എംഎസ്എംഇകള്‍ക്ക് പലിശ രഹിത വായ്പ ഉറപ്പാക്കുന്നതിനൊപ്പം തന്നെ കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാ യോജനയില്‍ നിന്നും സ്ത്രീകള്‍ക്ക് പരമാവധി സാമ്പത്തിക പിന്തുണ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്ത്രീ സംരംഭകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന കൂടുതല്‍ നയപ്രഖ്യാപനങ്ങളും സ്ത്രീകള്‍ ഈ വര്‍ഷത്തെ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിന് പുറമേ സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും സ്ത്രീകള്‍ പ്രത്യാശിക്കുന്നു.

Story Highlights : what women in india expect from budget 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here