അഭയ കേസില്‍ പ്രതികള്‍ക്ക് അനുകൂലമായി ഇടപെട്ടു; സിറിയക് ജോസഫിനെതിരെ വീണ്ടും കെ.ടി ജലീല്‍
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വിമര്‍ശനം തുടര്‍ന്ന് മുന്‍മന്ത്രി കെ.ടി ജലീല്‍. അഭയ കേസില്‍ പ്രതികള്‍ക്കനുകൂലമായി സിറിയക് ജോസഫ് ഇടപെട്ടുവെന്നാണ് ആരോപണം. പ്രതികളുടെ നാര്‍കോ അനാലിസിസ് പരിശോധന നടന്ന ബെംഗളൂരുവിലെ ഫോറന്‍സിക് ലാബില്‍ സിറിയക് ജോസഫ് മിന്നല്‍ സന്ദര്‍ശനം നടക്കി. ലാബ് ഉദ്യോഗസ്ഥ സിബിഐക്ക് നല്‍കിയ മൊഴി പുറത്തുവിട്ടുകൊണ്ടാണ് ജലീലിന്റെ പുതിയ ആരോപണം.
എന്നാല്‍ സിറിയക് ജോസഫിനെ മനുഷ്യാവകാശ കമ്മിഷനായി നിയമിച്ചതിനെതിരായ ആരോപണത്തെ സമിതി അംഗമായിരുന്ന പി ജെ കുര്യന്‍ തള്ളി. ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട ജലീലിന്റെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിക്കാനില്ലെന്ന് മുസ്ലിം ലീഗും അറിയിച്ചു.
‘അഭയ കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന്റെ സഹോദരന്‍ വിവാഹം കഴിച്ചിരിക്കുന്നത് നമ്മുടെ ‘കഥാപുരുഷന്‍ ഏമാന്റെ’ ഭാര്യയുടെ സഹോദരിയെയാണ്. തന്റെ ബന്ധു ഉള്‍പ്പടെയുളളവര്‍ നടത്തിയ നാടിനെ ഞെട്ടിച്ച അഭയ എന്ന പാവം കന്യാസ്ത്രീയുടെ ഭീകര കൊലപാതകത്തിലെ പ്രതികളെ നാര്‍ക്കോ ടെസ്റ്റ് നടത്തിയ ബാംഗ്ലൂരിലെ ഫൊറന്‍സിക്ക് ലാബില്‍ അദ്ദേഹം മിന്നല്‍ സന്ദര്‍ശനം നടത്തി.
അതുമായി ബന്ധപ്പെട്ട് അവിടുത്തെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഡോ. എസ് മാലിനി സിബിഐ അഡീഷണല്‍ എസ്പി നന്ദകുമാര്‍ നായര്‍ക്ക് നല്‍കിയ മൊഴിയുടെ പൂര്‍ണ്ണ രൂപം ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ചേര്‍ത്തുകൊണ്ടാണ് വിശദീകരണം. അതില്‍ കര്‍ണാടക ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് സിറിയക് ജോസഫ് അഭയ കേസിലെ പ്രതികളുടെ ലാബില്‍ നടത്തിയ മിന്നല്‍ സന്ദര്‍ശനവും ലാബിലെ ഉദ്യോഗസ്ഥ സിബിക്ക് നല്‍കിയ മൊഴിയുടെ പൂര്‍ണരൂപവും കെ ടി ജലീല്‍ വിശദീകരിച്ചു.
തെളിവു സഹിതം താന്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ക്കൊന്നും പ്രതിപക്ഷ നേതാവോ മുന്‍ പ്രതിപക്ഷ നേതാവോ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ വസ്തുതാപരമായി പ്രതികരിച്ചതായി കണ്ടില്ല. ഇക്കാര്യത്തില്‍ ഒരു തുറന്ന സംവാദത്തിന് യുഡിഎഫ് നേതാക്കളായ മേല്‍പ്പറഞ്ഞവരില്‍ ആരെങ്കിലും തയ്യാറുണ്ടോ? എല്ലാ കാര്യത്തിലും അഭിപ്രായം പറയാറുള്ള കോട്ടയം രാഷ്ട്രീയത്തിന്റെ അകവും പുറവും അറിയുന്ന മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് എന്താണ് ഇപ്പോഴും മൗനിയായി തുടരുന്നത് എന്നും കെ ടി ജലീല്‍ ചോദിച്ചു.
Story Highlights : kt jaleel, cyriac joseph, lokayukta justice, abhaya case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here