Advertisement

പാലുണ്ണിയും അരിമ്പാറയും നീക്കം ചെയ്യുമെന്ന പരസ്യബോര്‍ഡില്‍ മോഡലായി വന്ന മോര്‍ഗന്‍ ഫ്രീമാന്‍ ആരാണ്?

February 2, 2022
Google News 3 minutes Read
morgan freeman

വടകര സഹകരണ ആശുപത്രിയുടെ ചര്‍മരോഗ വിഭാഗത്തിന്റെ പരസ്യ ബോര്‍ഡില്‍ കണ്ട മുഖം.. അതാണ് മോര്‍ഗന്‍ ഫ്രീമാന്‍. ലോകം അറിയുന്ന അമേരിക്കന്‍ ചലച്ചിത്രനടനും സംവിധായകനുമാണ് അദ്ദേഹം. തന്റെ അഭിനയ നൈപുണ്യം കൊണ്ടും ശബ്ദഗാഭീര്യം കൊണ്ടും ലോകത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചയാള്‍.

എങ്ങനെ മരിക്കാന്‍ ആണ് ആഗ്രഹം എന്ന ചോദ്യത്തിന് ആരോ ഒരിക്കല്‍ പറഞ്ഞ ഒരു വാചകം ഇങ്ങനെയാണ്, ‘ക്ലിന്റ് ഈസ്റ്റ്വുഡ് എന്നെ വെടിവയ്ക്കുന്ന പശ്ചാത്തലത്തില്‍ മോര്‍ഗന്‍ ഫ്രീമാന്റെ വോയിസ് ഓവറില്‍ മരിക്കണം’. അത്രയും മാജിക്കല്‍ ആയ ശബ്ദത്തിന് ഉടമയാണ് മോര്‍ഗന്‍ ഫ്രീമാന്‍. ഓസ്‌കാര്‍ നോമിനേഷനും ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനും അഞ്ച് തവണ കിട്ടിയ മോര്‍ഗന്‍ ഫ്രീമാന്‍ ഒരു തവണ ഓസ്‌കറും ഗോള്‍ഡന്‍ ഗ്ലോബും വിന്‍ ചെയ്തിട്ടുണ്ട്.

ലോകത്തെ സിനിമകള്‍ക്ക് റേറ്റിങ് കൊടുക്കുന്ന IMDB എന്ന പ്രമുഖ വെബ്‌സൈറ്റില്‍ റേറ്റിങ്ങില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചിത്രമാണ് 1994-ല്‍ പുറത്തിറങ്ങിയ ദ ഷോഷാങ്ക് റിഡംപ്ഷന്‍. ബോക്‌സ് ഓഫീസില്‍ ഈ ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും പില്‍ക്കാലത്ത് സിനിമ നിരീക്ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി ദ ഷോഷാങ്ക് റിഡംപ്ഷന്‍. ഇതിലെ മോര്‍ഗന്റെ പ്രകടനം പല തലത്തില്‍ വായിക്കപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി ഇത് ലോകമെങ്ങും അംഗീകരിക്കപ്പെട്ടതിനും ദേശഭേദമില്ലാതെ നിരൂപകപ്രശംസ പിടിച്ചുപറ്റിയതിനും മോര്‍ഗന്‍ ചെയ്ത സംഭാവന ചെറുതല്ല. സിനിമ കാണുന്നവര്‍ക്കെല്ലാം മോര്‍ഗന്‍ ഫ്രീമാന്‍ പിന്നീടൊരു അത്ഭുതമായിരുന്നു. നാല്പതു വര്‍ഷമായി ജയിലില്‍ കഴിയുന്ന തടവ് പുള്ളിയായിട്ടായിരുന്നു സിനിമയിലെ മോര്‍ഗന്റെ കഥാപാത്രം.

ഇന്നും മോര്‍ഗന്‍ ഫ്രീമാന്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ അതിന് പിന്നില്‍ ദീര്‍ഘകാലത്തെ തിരസ്‌കരണത്തിന്റെയും പരിശ്രമത്തിന്റെയും കഥയുണ്ട്. സ്‌കൂള്‍ കാലഘട്ടത്തില്‍ ഒരു സാധാരണ വിദ്യാര്‍ത്ഥിയായിരുന്നു മോര്‍ഗനും. ഒരിക്കല്‍ ക്ലാസിലെ സഹപാഠിയോട് കാട്ടിയ കുസൃതിക്ക് മോര്‍ഗന് കിട്ടിയ ശിക്ഷ നാടകത്തില്‍ അഭിനയിക്കുക എന്നതായിരുന്നു. എന്നാല്‍ മോര്‍ഗന്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അത് തകര്‍ത്തഭിനയിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ചുവട്. പഠനം കഴിഞ്ഞ് തീയറ്റര്‍ ആക്റ്റിംങ് പഠിക്കാന്‍ ലോസ് അഞ്ചല്‍സിലോട്ട് പോയ മോര്‍ഗന്‍ അവിടുത്തെ ജീവിത ചിലവ് താങ്ങാന്‍ ആവുന്നതിലും അപ്പുറമായിരുന്നു.

പഠനം കഴിഞ്ഞിട്ടും ഒരു അവസരത്തിന് വേണ്ടി അലഞ്ഞു നടന്ന മോര്‍ഗന് മുന്നില്‍ എല്ലാ വാതിലുകളും അടയ്ക്കപ്പെട്ടിരുന്നു. ഇത് അദ്ദേഹത്തിന്റെ പരിതാപകരമായ അവസ്ഥയെ രൂക്ഷമാക്കി. പിന്നീട് മോര്‍ഗന്‍ ന്യൂയോര്‍ക്കിലേക്ക് തിരികെ പോന്നു. എങ്കിലും ജീവിത ചിലവ് രണ്ടറ്റം എത്തിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ന്യൂയോര്‍ക്കിലെ തന്റെ ജീവിതത്തെ കുറിച്ച് മോര്‍ഗന്‍ പറയുന്നത് ഇങ്ങനെ,’തെരുവിലെ ജീവിതവും കേടായ ഡോണട്ടും കഴിച്ച് ഞാന്‍ മടുത്തിരുന്നു. പക്ഷെ, എന്റെ ഉള്ളില്‍ നിന്ന് ആരോ പറയുന്നത് പോലെ നീയൊരു നടനാകുമെന്ന്, അതിന് ഇത്രയും വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ശരിയാണ് മോര്‍ഗന് തന്റെ കരിയറിലെ ഒരു മികച്ച സിനിമയില്‍ എത്തിപ്പെടാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ അന്‍പതാം വയസിലാണ്.

എങ്കില്‍ പോലും ജീവിത ചെലവിനായി ക്ലര്‍ക്കായും ഡ്രൈവര്‍ ആയും കഴിയുന്നതിനിടയിലും നാടകങ്ങളില്‍ കിട്ടുന്ന ചെറിയ വേഷങ്ങള്‍ പോലും അദ്ദേഹം വിട്ടുകളഞ്ഞിരുന്നില്ല. അക്കാലത്ത് നാടകാഭിനയത്തില്‍ നിന്നും കിട്ടുന്ന തുശ്ചമായ തുകകൊണ്ട് നാടകാഭിനയം സ്ഥിര തൊഴിലാക്കാന്‍ അദ്ദേഹം മടിച്ചിരുന്നു. പക്ഷെ തന്റെ നിശ്ചയദാര്‍ട്ട്യം മനസ്സില്‍ അഭിനയമെന്ന മോഹത്തെ ഉറപ്പിച്ചു നിര്‍ത്തി. നിറയെ അവഗണനകളും, പരാജയവും നേരിട്ടിട്ടും തന്റെ വഴിയേ മാറി നടക്കാന്‍ മോര്‍ഗന്‍ ഒരുക്കമായില്ല. എന്നെങ്കിലും സിനിമലോകത്തെത്തി ചേരുമെന്ന പ്രതീക്ഷയില്‍ അദ്ദേഹം ജീവിച്ചു. പത്ത് നാല്പത്തിയഞ്ചു വര്‍ഷത്തോളം ആ പ്രതീക്ഷ അങ്ങനെ നീണ്ടു.

1970 ല്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള ദി ഇലക്ട്രിക്ക് കമ്പനി എന്ന അമേരിക്കന്‍ എഡ്യൂക്കേഷണല്‍ സീരിസില്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. സിരീസിലെ മോര്‍ഗന്റെ പ്രകടനം വലിയ പ്രശംസ ഏറ്റുവാങ്ങി. പിന്നീട് ഷേക്‌സ്‌പെയറിന്റെ വിഖ്യാത നാടകങ്ങളില്‍ അഭിനയിച്ച മോര്‍ഗന്‍ ഫ്രീമാന് ലോക പ്രശസ്ത തീയറ്റര്‍ അവാര്‍ഡായ ഒബി അവാര്‍ഡ് ലഭിച്ചു. ദ ഷോഷാങ്ക് റിഡംപ്ഷന്‍, ഡ്രൈവിങ്ങ് മിസ്സ് ഡേയ്‌സി, ഇന്‍വിക്റ്റസ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടനുള്ള അവാര്‍ഡിനും, 1987 ലെ സ്ട്രീറ്റ് സ്മാര്‍ട്ട് എന്ന ചിത്രത്തിലെ അഭിനയത്തുനു മികച്ച സഹനടനുള്ള അവാര്‍ഡിനും ഓസ്‌കാറിലേക്ക് ഫ്രീമാന് നാമനിര്‍ദ്ദേശം കിട്ടി.

Read Also : ചർമരോഗ ചികിത്സാ പരസ്യ ബോർഡിൽ മോർഗൻ ഫ്രീമാൻ; പിന്നാമ്പുറ കഥ ഇങ്ങനെ

2004-ല്‍ തന്റെ അറുപത്തിയേഴാം വയസ്സില്‍ മില്യണ്‍ ഡോളര്‍ ബേബി എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ഓസ്‌കാര്‍ അവാര്‍ഡും മോര്‍ഗന്‍ ഫ്രീമാന് ലഭിക്കുകയുണ്ടായി. ബോക്‌സ് ഓഫീസ് ഹിറ്റുകളായ ഏഞ്ചല്‍ ഹാസ് ഫോള്ളന്‍, നൗ യു സി മി, ദി ബക്കറ്റ് ലിസ്റ്റ്, ഒളിമ്പസ് ഹാസ് ഫൊള്ളന്‍, ദി ഡാര്‍ക്ക് നൈറ്റ്, അണ്‍ഫോര്‍ഗിവന്‍, ഡീപ് ഇംപാക്റ്റ്, അലോങ് കെയിം എ സ്‌പൈഡര്‍ തുടങ്ങിയ എണ്ണം പറഞ്ഞ ചിത്രങ്ങളിലും ഫ്രീമാന്‍ അഭിനയിച്ചിട്ടുണ്ട്. ലോകോത്തര ക്രൈം സിനിമകളായ സെവന്‍, റോബിന്‍ ഹുഡ്, ഹൈ ക്രൈംസ്, തിക്ക് ആസ് തീവ്‌സ് എന്നിവയിലും അദ്ദേഹത്തിന്റെ പ്രകടനം മികച്ച് നിന്നു.

ലോകം മുഴുവന്‍ വാഴ്ത്തപ്പെടുന്ന വെളുത്ത നിറമുള്ള സ്റ്റീരിയോ ടൈപ്പ് ദൈവത്തെ ബ്രേക്ക് ചെയ്ത മോര്‍ഗന്‍ ഫ്രീമാന്റെ ബ്രൂസ് ഓള്‍മയിറ്റി എന്ന ചിത്രം പല അര്‍ത്ഥ തലങ്ങളില്‍ നമ്മെകൊണ്ടെത്തിക്കും. അഭിനയിക്കുന്ന ചിത്രങ്ങളിലെല്ലാം സഹ അഭിനയതാക്കളെ മറികടക്കുന്ന ഒരു നടന വൈഭവം അദ്ദേഹത്തില്‍ കാണാന്‍ കഴിയും. എന്തും വഴങ്ങുന്ന, വൈകാരികതയുടെ മൂര്‍ത്ത ഭാവത്തെ കാട്ടുന്ന മോര്‍ഗന്‍ ഫ്രീമാന്‍ ഇന്നും നമ്മെ ഞെട്ടിച്ചു കൊണ്ടേയിരിക്കുന്നു. അഭിനയമികവോളം തന്നെ ഉയര്‍ന്നു നില്‍ക്കുന്ന അദ്ദേഹത്തിന്റെ ശബ്ദം പറയാതിരിക്കാന്‍ കഴിയില്ല.

സിനിമ നിരൂപകന്മാര്‍ ഇദ്ദേഹത്തിന്റെ ശബ്ദത്തെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്, ലോകത്തില്‍ ആരെയും എന്തിനെയും പറ്റി പറഞ്ഞ് വിശ്വസിപ്പിക്കാന്‍ മോര്‍ഗന് കഴിയും, അദ്ദേഹത്തിന്റെ ശബ്ദത്തില്‍ കേള്‍ക്കുന്നതെന്തും സത്യമാണെന്ന് നമ്മള്‍ വിശ്വസിച്ചുപോകും. അത്രയും അതിശയം ജനിപ്പിക്കുന്ന ശബ്ദം അദ്ദേഹത്തെ നരറേറ്റര്‍ ആയും കമാന്റര്‍ ആയും വോയിസ് ആര്‍ട്ടിസ്റ്റുമായെല്ലാം ലോകത്തിന് മുന്നില്‍ എത്തിച്ചു. മോര്‍ഗന്‍ ഫ്രീമാന്‍ ഇന്ന് സിനിമാ ലോകത്തെ അറിയപ്പെടുന്ന ലെജെന്റുകളില്‍ ഒരാളാണ്. വര്‍ഷങ്ങളോളം നീണ്ട തന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി തന്റെ പേര് ചരിത്രത്തില്‍ ഉറപ്പിച്ച പ്രതിഭ.

2018 ല്‍ അദ്ദേഹത്തിനെതിരെ മി ടൂ ആരോപണവും വന്നിരുന്നു, വിമര്‍ശനങ്ങള്‍ ഒഴിച്ച് ചിന്തിച്ചാല്‍ മാറ്റി നിര്‍ത്തലുകള്‍ ധാരാളം ഉണ്ടായിട്ടും സ്വപ്നത്തെ പിന്തുടരുന്ന അനേകം പേര്‍ക്ക് മോര്‍ഗന്‍ ഫ്രീമാന്‍ പ്രജോദനമാണ്. ബ്രൂസ് ആള്‍മയിറ്റി എന്ന ചിത്രത്തില്‍ മോര്‍ഗന്‍ പറയുന്ന ഒരു ഡയലോഗ് ഇങ്ങനെയാണ്; if you want to see a miracle , be the miracle.

Story Highlights : morgan freeman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here