Advertisement

യു.എ.ഇയില്‍ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് അനുകൂലമായി പുതിയ തൊഴില്‍ നിയമങ്ങള്‍

February 2, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യു.എ.ഇയില്‍ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് സുരക്ഷിതത്വവും ബിസിനസ് അനുകൂലവുമായ അന്തരീക്ഷവും ഉറപ്പാക്കുന്ന തരത്തിലുള്ള പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. പുതിയ മാറ്റങ്ങള്‍ ജീവനക്കാര്‍ക്ക് ഗുണകരമാണെന്നാണ് വിലയിരുത്തല്‍. (UAE New Labour Law)

തൊഴില്‍ ദാതാവ് തൊഴിലാളിയെ ഏതെങ്കിലും രീതിയില്‍ നിര്‍ബന്ധിക്കുന്നതോ ശിക്ഷിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ ഒരു മാര്‍ഗവും സ്വീകരിക്കരുതെന്ന് പുതിയ നിയമത്തില്‍ വ്യക്തമായി പറയുന്നു.

മേലുദ്യോഗസ്ഥര്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഭാഗത്തു നിന്ന് തൊഴിലാളികള്‍ക്ക് നേരെയുള്ള ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍, അല്ലെങ്കില്‍ ശാരീരികമോ മാനസികമോ ആയ അക്രമണങ്ങള്‍, വംശം, നിറം, ലിംഗം, മതം, ദേശീയത, വൈകല്യം എന്നിവ അടിസ്ഥാനമാക്കിയുള്ള ഏതെങ്കിലും തരത്തിലുള്ള വിവേചനം എന്നിവ കര്‍ശനമായി തടയുന്ന തരത്തിലാണ് പുതിയ തൊഴില്‍ നിയമങ്ങള്‍.

സ്ഥാപനങ്ങളിലെ തൊഴില്‍ ആവശ്യങ്ങള്‍ക്ക് അനുസൃതമായി പുതിയ തൊഴില്‍ രീതികള്‍ അവലംബിക്കാനുള്ള സ്വാതന്ത്ര്യവും തൊഴിലുടമകള്‍ക്ക് നിയമപ്രകാരം നല്‍കുന്നുണ്ട്. ഫുള്‍ ടൈം, പാര്‍ട്ട് ടൈം, താല്‍ക്കാലിക, ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് മോഡലുകള്‍ ഉള്‍പ്പെടെ ചെലവുകള്‍ കുറയ്ക്കുന്നതിനുള്ള പുതിയ തൊഴില്‍ മാതൃകകളും ഈ നിയമം അവതരിപ്പിക്കുന്നുണ്ട്.

പുതിയ തൊഴില്‍ നിയമത്തില്‍ എടുത്ത് പറയുന്ന മറ്റൊരു പ്രധാന കാര്യം സ്ഥിരമായ തൊഴില്‍ കരാറുകളുടെ കാലാവധി മൂന്ന് വര്‍ഷത്തില്‍ കവിയാന്‍ പാടില്ലെന്നും, അത് സമാനമായതോ കുറഞ്ഞതോ ആയ കാലയളവിലേക്ക് എത്ര തവണ വേണമെങ്കിലും നീട്ടുകയോ പുതുക്കുകയോ ചെയ്യാമെന്നതുമാണ്. ലിംഗ വിവേചനമില്ലാതെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ മൂല്യമുള്ള ജോലിയ്ക്ക് തുല്യമായ വേതനം എന്ന ആശയവും പുതിയ നിയമത്തില്‍ ഊന്നിപ്പറയുന്നുണ്ട്.

ഭേദഗതി വരുത്തിയ തൊഴില്‍ നിയമങ്ങള്‍ ഗവണ്‍മെന്റ് ആദ്യമായി രൂപപ്പെടുത്തിയത് കഴിഞ്ഞ വര്‍ഷം നവംബറിലാണ്. മുമ്പ് ലഭ്യമല്ലാതിരുന്ന വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് ജീവനക്കാരുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്തി അവര്‍ക്ക് അനുകൂലമായ തരത്തിലാണ് പുതിയ തൊഴില്‍ നിയമങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഹ്രസ്വവും നിശ്ചിത കാലാവധിയുള്ളതുമായ കരാറുകള്‍, ജോലി ഉപേക്ഷിച്ച ശേഷവും 80 ദിവസത്തേക്ക് രാജ്യത്ത് തുടരാനുള്ള അനുമതി, ജോലിസ്ഥലത്തേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കും അനുയോജ്യമായ തൊഴില്‍ നിയമങ്ങള്‍ തുടങ്ങിയവയാണ് മറ്റ് പ്രധാന മാറ്റങ്ങള്‍. കൂടാതെ പ്രസവാവധിയില്‍ കാര്യമായ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.

Story Highlights : UAE New Labour Law

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement