കടം വീട്ടാന്‍ പത്രത്തില്‍ പരസ്യം;
അബ്ദുള്ളയെ തേടിയെത്തിയത് അഞ്ച് പേര്‍

30 വര്‍ഷം മുമ്പ് പിതാവ് വാങ്ങിയ കടംവീട്ടാന്‍ പത്രത്തില്‍ പരസ്യം നല്‍കിയ മകന്‍ അടുത്തിടെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. തിരുവനന്തപുരം പെരുമാതുറ മാടന്‍വിള പുളിമൂട്ടില്‍ അബ്ദുള്ളയുടെ രണ്ടാമത്തെ മകന്‍ നാസറാണ് തിങ്കളാഴ്ച പത്രപരസ്യം നല്‍കിയത്. (newspaper advertisement)
1980കളില്‍ ഗള്‍ഫില്‍ ഒരു മുറിയില്‍ അബ്ദുള്ളയ്‌ക്കൊപ്പം താമസിച്ചിരുന്ന ലൂസിസ് എന്നയാളില്‍ നിന്ന് വാങ്ങിയ കടം വീട്ടാനാണ് അബ്ദുള്ളയുടെ മകന്‍ നസീര്‍ പത്രത്തില്‍ പരസ്യം നല്‍കിയത്. എന്നാല്‍ അബ്ദുള്ളയുടെ കുടുംബം ഇത്തരത്തിലൊരു പരസ്യം നല്‍കിയതിന്റെ പേരില്‍ ഇപ്പോള്‍ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.
ലൂസിസ് മരണപ്പെട്ടെന്നും മകനാണെന്നും അവകാശപ്പെട്ട് അഞ്ച് പേരാണ് നാസറിനെ തേടിയെത്തിയത്. എന്നാല്‍ നാസര്‍ തിരക്കുന്ന ലൂസിസ് തന്നെയാണോ മരണപ്പെട്ട പിതാവ് എന്ന് തേടിവന്ന അഞ്ച് പേര്‍ക്കും ഉറപ്പില്ല. ഇവരൊന്നും തന്നെ പണം മോഹിച്ചല്ല എത്തിയതെന്നും സംശയമുള്ളതിനാല്‍ തന്നെ സമീപിച്ചത് മാത്രമാണെന്നും നാസര്‍ 24 ന്യൂസിനോട് വെളിപ്പെടുത്തി. വന്നവരെല്ലാം പാസ്‌പോര്‍ട്ടും അന്നത്തെ മറ്റ് രേഖകളും തെളിവായി കാണിക്കുന്നുമുണ്ട്. വൈറലായ പത്ര പരസ്യത്തിലൂടെ സ്വന്തം പിതാവിനെയാണോ നാസര്‍ തിരക്കുന്നതെന്ന് അറിയാനായാണ് അഞ്ച് പേരുമെത്തിയത്. ഇവരാരും തന്നെ പണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുമില്ല. 1980 കാലഘട്ടത്തില്‍ 1000 ദിര്‍ഹമാണ് ലൂസിസ് അബ്ദുള്ളയ്ക്ക് കടമായി നല്‍കി സഹായിച്ചത്.
അബ്ദുള്ളയുടെ ഏറ്റവും അടുത്ത ചങ്ങാതിമാരായിരുന്നു ഭാര്‍ഗവന്‍, ലൂസിസ്, ബേബി എന്നിവര്‍. കല്‍ക്കട്ടയിലും വിശാഖപ്പട്ടണത്തും ഗോവയിലും ഒരേ കമ്പനിയില്‍ ഇവര്‍ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. അതിന് ശേഷമാണ് ഉറ്റചങ്ങാതിമാരായ ഇവരില്‍ പലരും പലപ്പോഴായി ഗള്‍ഫിലേക്ക് പോകുന്നത്.
വര്‍ക്കല പരവൂരില്‍ നിന്ന് അവിടത്തെ നഗരസഭാ കൗണ്‍സിലര്‍ തന്നെ ഫോണ്‍ വിളിച്ചിരുന്നെന്നും അബ്ദുള്ളയുടെ സുഹൃത്ത് വലയത്തിലുണ്ടായിരുന്ന ഭാര്‍ഗവന്‍ എന്നയാളെ നേരിട്ടറിയാമെന്ന് പറഞ്ഞെന്നും നാസര്‍ വെളിപ്പെടുത്തി. ശരിക്കുള്ള ലൂസിസിനെ ഭാര്‍ഗവന്‍ എന്ന പഴയ സുഹൃത്ത് മുഖേനെ ഉടന്‍തന്നെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് നാസര്‍.
ഹബീബുള്ള എന്ന അബ്ദുള്ള 1982ലാണ് ഗള്‍ഫിലെത്തുന്നത്. ഓയില്‍ കമ്പനിയിലും ക്വാറിയുമാണ് ജോലി ചെയ്തിരുന്നത്. ഇടയ്ക്ക് ജോലിയില്ലാതെ കഷ്ടത അനുഭവിച്ചിരുന്ന സമയത്താണ് സഹമുറിയനായിരുന്ന ലൂസിസ് അബ്ദുള്ളയെ പണം നല്‍കി സഹായിച്ചത്. 1987 ഓടെയാണ് അബ്ദുള്ള നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ പിന്നീട് ലൂസിസുമായുള്ള കോണ്‍ടാക്റ്റ് നഷ്ടപ്പെട്ടുപോയി. എന്നാല്‍ ലൂസിസിനെ കണ്ടെത്തി കടം വീട്ടണമെന്ന് അബ്ദുള്ളയ്ക്ക് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടായിരുന്നു. പലരോടും അന്വേഷിച്ചെങ്കിലും ലൂസിസിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് പത്രത്തില്‍ പരസ്യവും നല്‍കിനോക്കി. അതും ഫലം കണ്ടില്ല.
താന്‍ മരിക്കുന്നതിന് മുമ്പ് ഈ കടം വീട്ടണമെന്ന് മക്കളോട് അബ്ദുള്ള പറയുകയും ചെയ്തിരുന്നു. ലൂസിസിനെക്കണ്ട് സൗഹൃദം പുതുക്കണമെന്നും കടം വീട്ടണമെന്നുമുള്ള ആഗ്രഹം ബാക്കിവെച്ചാണ് 83കാരനായ അബ്ദുള്ള ഇക്കഴിഞ്ഞ 23ന് ലോകത്തോട് വിടപറഞ്ഞത്. പിതാവിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാനായാണ് ഏഴ് മക്കളും ചേര്‍ന്ന് പത്രത്തില്‍ പരസ്യം നല്‍കിയത്. ‘എന്റെ പിതാവ് അബ്ദുള്ള ഗള്‍ഫില്‍ വെച്ച് കൊല്ലം സ്വദേശി ലൂസിസിന്റെ കൈയ്യില്‍ നിന്നും കടമായി വാങ്ങിയ തുക തിരികെ നല്‍കാനുണ്ട്. ഇദ്ദേഹമോ ഇദ്ദേഹത്തിന്റെ അനുജന്‍ ബേബിയോ ഈ പരസ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ബന്ധപ്പെടുക- നാസര്‍,’ എന്നായിരുന്നു പരസ്യം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here