ഓസ്ട്രേലിയയും അമേരിക്കയും ഇന്ത്യയും പേടിച്ച സ്കൈലാബ് വീഴ്ച

ഇൻ്റർനാഷണൽ സ്പേസ് സ്റ്റേഷൻ പ്രവർത്തനം അവസാനിപ്പിക്കുകയാണ്. 2030ൽ നാസ ഐഎസ്എസിനെ തിരികെ വിളിക്കും. പസഫിക്ക് സമുദ്രത്തിലെ പോയിൻ്റ് നീമോ എന്ന സ്ഥലത്ത് രാജ്യാന്തര സ്പേസ് സ്റ്റേഷൻ ഇടിച്ചിറക്കും. ഇങ്ങനെ മുൻപ് തിരികെ വിളിച്ച ഒരു സ്പേസ് സ്റ്റേഷനുണ്ട്, അമേരിക്കയുടെ സ്കൈലാബ്. അന്ന് ഇതിൽ ഇന്ത്യക്കാർ പോലും ഭയപ്പെട്ടു. തലയിലെങ്ങാനും വീഴുമോ എന്നായിരുന്നു പേടി. അതൊക്കെ സ്വരുക്കൂട്ടി ഇപ്പോൾ ‘സ്കൈലാബ് എന്ന പേരിൽ ഒരു തെലുങ്ക് കോമഡി സിനിമ ഒടിടിയിൽ എത്തിയിട്ടുണ്ട്. (skylab crash australia india)
സിനിമ അവിടെ നിൽക്കട്ടെ. കാര്യത്തിലേക്ക് വരാം. സംഭവം നടക്കുന്നത് 1979 ജൂലായ് 11നാണ്. ആന്ധ്രയിൽ ഏഴ് ലക്ഷം വീടുകൾ തകരുകയും 25 ലക്ഷം പേരെ ബാധിക്കുകയും ചെയ്ത കൊടുങ്കാറ്റ് വീശിയടിച്ചിട്ട് വെറും രണ്ട് മാസം. കേരള ഷിപ്പിംഗ് കോർപ്പറേഷൻ്റെ എംവി കൈരളി എന്ന കപ്പൽ എവിടേക്കോ മറഞ്ഞുപോയിട്ട് വെറും 8 ദിവസം. ഇന്നു വരെ കണ്ടെത്താത്ത കപ്പലും ഒരു സംസ്ഥാനത്തെയാകമാനം ഉലച്ചുകളഞ്ഞ കൊടുങ്കാറ്റുമൊക്കെ ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ തീകോരിയിട്ടിരിക്കുകയാണ്. അപ്പോഴാണ് കേൾക്കുന്നത്, ദേ ആകാശത്തൂന്ന് ഒരു സാധനം പൊട്ടി വീഴാമ്പോണു!
1973നാണ് സ്കൈലാബ് വിക്ഷേപ്പിച്ചത്. 71ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച സല്യൂട്ട് 1 ആണ് ആദ്യത്തെ സ്പേസ് സ്റ്റേഷൻ. പക്ഷേ, അത് പരാജയമായിരുന്നു. പിന്നീടാണ് അമേരിക്ക സ്കൈലാബുമായി എത്തുന്നത്. സ്കൈലാബ് വൻ വിജയമായിരുന്നു. പക്ഷേ, മുകളിലേക്ക് വിടാനുള്ള സെറ്റപ്പ് മാത്രമേ സ്കൈലാബിൽ ഉണ്ടായിരുന്നുള്ളൂ. തിരികെ വിളിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. സൂര്യനിരീക്ഷണമായിരുന്നു സ്കൈലാബിൻ്റെ പ്രധാന ലക്ഷ്യം. അഞ്ച് കൊല്ലം കൊണ്ട് ബഹിരാകാശ യാത്രികർ 700 മണിക്കൂർ സ്കൈലാബിൽ ചെലവഴിച്ച് സൂര്യനെ നിരീക്ഷിക്കുകയും 1,75,000ലധികം ചിത്രങ്ങളെടുക്കുകയും ചെയ്തു.
വർഷം അഞ്ച് കഴിഞ്ഞു. പ്രതീക്ഷിച്ചതിലും മുൻപ് സ്കൈലാബിൻ്റെ അവസ്ഥ മോശമായി. സൂര്യതാപം അതിനു പ്രധാന പങ്കുവഹിച്ചു. സ്കൈലാബിനെ ബഹിരാകാശ അവശിഷ്ടമാക്കാനുള്ള ഐഡിയയൊക്കെ നാസ മുന്നോട്ടുവച്ചെങ്കിലും പണച്ചെലവും മറ്റ് സാങ്കേതിക ബുദ്ധിമുട്ടുകളും ഇതിനു തിരിച്ചടിയായി.
തലയ്ക്ക് മീതേയ്ക്ക് പതിക്കാനൊരുങ്ങുന്ന ഭീമൻ ബഹിരാകാശ വസ്തുവിൻ്റെ വാർത്ത അമേരിക്കയിൽ രാഷ്ട്രീയ ചലനങ്ങളും സൃഷ്ടിച്ചു. എത്ര ആളുകൾ മരിക്കുമെന്ന സ്വാഭാവികമായ ചോദ്യത്തിന് നാസയ്ക്ക് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. മരിക്കില്ല എന്ന് വിശ്വസിക്കുന്നു എന്നും ജനങ്ങൾക്ക് അപകടം പറ്റാനുള്ള സാധ്യത 152ൽ 1 എന്നുമൊക്കെ നാസ പറഞ്ഞെങ്കിലും ജനത്തിന് അത് സ്വീകാര്യമായില്ല. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്കൈലാബ് പതിക്കുമെന്നാണ് നാസ പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യൻ ജനതയും ഓസ്ട്രേലിയക്കാരും ഒരുപോലെ സ്കൈലാബിനെ ഭയന്നു. ഇതിനിടയിൽ ‘സാൻ ഫ്രാൻസിസ്കോ എക്സാമിനർ’ എന്ന അമേരിക്കൻ ദിനപത്രം ഒരു പരസ്യം നൽകി. ‘കടലിലേക്ക് വീണ് 72 മണിക്കൂറിനകം സ്കൈലാബിൻ്റെ അവശിഷ്ടം ഞങ്ങളുടെ ഓഫീസിലേക്ക് കൊണ്ടുവന്നാൽ പൈനായിരം ഡോളർ സമ്മാനം’. കടലിൽ വീഴുന്ന സ്കൈലാബ് ആരെടുക്കാനാണെന്നായിരുന്നു ചിന്ത.
അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നു. 1979 ജൂലായ് 11ന് സ്കൈലാബ് തിരികെ ഭൂമിയിലേക്ക്. അന്തരീക്ഷം തുളച്ച്, ഒരു തീഗോളമായി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്കൈലാബ് പതിച്ചു. മുഴുവൻ സമുദ്രത്തിൽ വീണില്ല. അല്ലറ ചില്ലറ ഭാഗങ്ങൾ വെസ്റ്റേൺ ഓസ്ട്രേലിയയിലും വീണു. അട്ടയുടെ കണ്ണ് കണ്ടവർ കേരളത്തിൽ മാത്രമല്ല. അങ്ങ് ഓസ്ട്രേലിയായിലും ഉണ്ടായിരുന്നു. വെസ്റ്റേൺ ഓസ്ട്രേലിയയിലെ സ്റ്റാൻ തോൺടൺ 17കാരൻ കുറച്ച് അവശിഷ്ടങ്ങളൊക്കെ പെറുക്കി അപ്പോ തന്നെ അമേരിക്കയ്ക്ക് വിമാനം കയറി. അയാൾക്ക് പത്രം പാരിതോഷികവും നൽകി. ഇങ്ങനെ പലരിൽ നിന്നായി ശേഖരിച്ച സ്കൈലാബിൻ്റെ അവശിഷ്ടങ്ങളൊക്കെ ഇപ്പോൾ ഓസ്ട്രേലിയയിലെ എസ്പറൻസിലുള്ള ഒരു മ്യൂസിയത്തിലുണ്ട്.
എന്തായാലും ഐഎസ്എസ് സ്കൈലാബ് വീണതുപോലെ വീഴില്ല. ഇപ്പോൾ ശാസ്ത്രം വികസിച്ചു. സാങ്കേതികതയും വികസിച്ചു. അതുകൊണ്ട് തന്നെ നാസ അത് കൃത്യമായി കടലിൽ ലാൻഡ് ചെയ്യിച്ചോളും. (എന്ന് വിശ്വസിക്കാം)
Story Highlights : skylab crash australia india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here