Advertisement

അണ്ടർ 19 ലോകകപ്പ്: പട നയിച്ച് നായകനും ഉപനായകനും; ഓസ്ട്രേലിയയെ തുരത്തി ഇന്ത്യ ഫൈനലിൽ

February 3, 2022
Google News 2 minutes Read
u19 india won australia
  • ഇന്ത്യയുടെ തുടർച്ചയായ നാലാം ഫൈനലാണ് ഇത്.

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ. സെമിഫൈനലിൽ ഓസ്ട്രേലിയയെ 96 റൺസിനു കീഴടക്കിയാണ് ഇന്ത്യ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ഇന്ത്യയുടെ തുടർച്ചയായ നാലാം ഫൈനലാണ് ഇത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റിൽ 290 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 194 റൺസെടുക്കുന്നതിനിടെ ഓൾഔട്ടായി. ഇന്ത്യക്കായി 110 റൺസെടുത്ത ക്യാപ്റ്റൻ യാഷ് ധുൽ ആണ് കളിയിലെ താരം. ബൗളിംഗിൽ 3 വിക്കറ്റ് വീഴ്ത്തിയ വിക്കി ഓസ്‌വാൾ ആണ് തിളങ്ങിയത്. (u19 india won australia)

Read Also : അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് സെമി; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ അങ്ക്‌ക്രിഷ് രഘുവൻശിയും (6), ഹർനൂർ സിംഗും (16) വേഗം മടങ്ങിയപ്പോൾ ഇന്ത്യ തുടക്കത്തിലേ ബാക്ക്‌ഫൂട്ടിലായി. ഓസീസ് ബൗളർമാർ കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ ഇന്ത്യയുടെ റൺ നിരക്ക് മൂന്നിലും താഴെ ആയിരുന്നു. 12.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിൽ നിന്ന് മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ യാഷ് ധുല്ലും വൈസ് ക്യാപ്റ്റൻ ഷെയ്ഖ് റഷീദും ഒത്തുചേർന്നു. തുടക്കത്തിൽ ശ്രദ്ധാപൂർവം ബാറ്റ് വീശിയ ഇരുവരും സാവധാനം ബൗണ്ടറികൾ കണ്ടെത്താൻ തുടങ്ങി. യാഷ് ആണ് ആദ്യം ഗിയർ മാറ്റിയത്. ഫിഫ്റ്റിക്ക് പിന്നാലെ ഇരുവരും ആക്രമണ മൂഡിലേക്ക് മാറി. 106 പന്തുകളിൽ യാഷ് ധുൽ സെഞ്ചുറി തികച്ചു. 204 റൺസ് നീണ്ട കൂട്ടുകെട്ട് 46ആം ഓവറിലാണ് അവസാനിച്ചത്. 110 റൺസെടുത്ത ധുൽ നിർഭാഗ്യകരമായി റണ്ണൗട്ടായപ്പോൾ തൊട്ടടുത്ത പന്തിൽ ഷെയ്ഖ് റഷീദും (94) മടങ്ങി. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ രാജവർധൻ ഹങ്കർഗേക്കർ (13), ദിനേഷ് ബന (20), നിഷാന്ത് സിന്ധു (12) എന്നിവർ ഇന്ത്യൻ സ്കോർ 290ൽ എത്തിക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്തിയില്ല. സ്കോർബോർഡിൽ 3 റൺസുള്ളപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായ ഓസ്ട്രേലിയക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. 51 റൺസെടുത്ത ലച്‌ലൻ ഷാ ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. ഓസീസിൻ്റെ 6 താരങ്ങൾ ഇരട്ടയക്കം കടന്നെങ്കിലും ഷാ ഒഴികെ മറ്റാർക്കും വലിയ സ്കോറിലെത്താനായില്ല. ഇന്ത്യക്കായി വിക്കി ഓസ്‌വാൾ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ നിഷാന്ത് സിന്ധുവും രവി കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Story Highlights : u19 world cup india won australia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here