Advertisement

പൊടിമണ്ണില്‍ ടാറിങ്; അശാസ്ത്രീയ നിര്‍മാണം പൊളിച്ചുനീക്കി

February 3, 2022
Google News 1 minute Read

ആദിവാസി കോളനിയിലേക്ക് നിര്‍മിക്കുന്ന റോഡിനായി പൊടിമണ്ണില്‍ ടാറിട്ട് കരാറുകാരന്‍. കോഴിക്കോട് വിലങ്ങാട് കോളനിയിലേക്കുള്ള കുറ്റല്ലൂര്‍ പന്നിയേരി റോഡാണ് അശാസ്ത്രീയമായി നിര്‍മിച്ചത്. ആവശ്യത്തിന് മെറ്റലുപയോഗിക്കാതെ ചെയ്ത ടാറിങ് നാട്ടുകാര്‍ കൈകൊണ്ട് പൊളിച്ചു നീക്കി.

സാധാരണ നിലയില്‍ ടാറിങ്ങിന് മുന്‍പ് ചെയ്യുന്നതുപോലെ മെറ്റല്‍ ഉപയോഗിച്ച് റോഡ് ബലപ്പെടുത്തുകയൊന്നും ചെയ്യാതെ പൊടി മണ്ണില്‍ നേരിട്ട് ടാര്‍ ഇടുകയായിരുന്നു. റോഡില്‍ വെള്ളം പോലും തളിക്കാതെ വെറുതെ ടാര്‍ ചെയ്തു പോയെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് തന്നെ ആരോപിക്കുന്നത്. തുടര്‍ന്ന് ഇന്നലെ നാട്ടുകാര്‍ ഇടപെട്ട് ടാറിങ് ജോലികള്‍ നിര്‍ത്തിവെപ്പിക്കുകയായിരുന്നു. പ്രദേശത്തെത്തിയ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരെ തടഞ്ഞു നിര്‍ത്തിയ നാട്ടുകാര്‍ അവരുടെ മുന്‍പില്‍ വെച്ച് കൈകൊണ്ട് ടാറിങ് പൊളിച്ചു നീക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.

Read Also : ഞാൻ ഇപ്പോഴും ഏറ്റവും ഭീതിയോടെ ഓർക്കുന്ന നിമിഷങ്ങളിൽ ഒന്ന് ഇതാണ്; ജീവനുമായി പോരാടിയ നിമിഷത്തെ കുറിച്ച് വാവ സുരേഷ്

വാണിമേല്‍ നരിപ്പറ്റ പഞ്ചായത്തിലെ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഏഴുകോടി ചെലവഴിച്ചുള്ള പദ്ധതിയിലാണ് കരാറുകാരന്‍ അനാസ്ഥ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് പണം അനുവദിച്ച് കരാര്‍ തുടങ്ങിയത്. എന്നാല്‍ നിര്‍മാണം മുന്നോട്ട് നീങ്ങിയിരുന്നില്ല. ജനുവരിയില്‍ സ്ഥലം സന്ദര്‍ശിച്ച കലക്റ്റര്‍ കരാറുകാരനോട് നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് അന്ത്യശാനം നല്‍കിയിരുന്നു. നാളെ രണ്ടു മണിക്ക് ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി കലക്റ്ററുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. എഫ്എടിയ്ക്കാണ് കരാര്‍ ചുമതലയെങ്കിലും അവര്‍ മറ്റ് കമ്പിനികള്‍ക്ക് ഉപകരാര്‍ നല്‍കുകയായിരുന്നു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് ജനപ്രതിനിധികളുടേയും നാട്ടുകാരുടെയും ആവശ്യം.

Story Highlights : Unscientific construction was demolished

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here