Advertisement

റഷ്യയും ഉക്രൈനും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമെന്ത്? റഷ്യ യുദ്ധത്തിലേക്കോ?

February 3, 2022
Google News 1 minute Read

റഷ്യയും ഉക്രയ്നും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഈ വിഷയവുമായി ബന്ധപ്പെട്ട് യു.എന്‍ രക്ഷാസമിതിയില്‍ യു.എസ്, റഷ്യന്‍ പ്രതിനിധികള്‍ തമ്മില്‍ ഏറ്റുമുട്ടുകയാണ്. റഷ്യയുടെ 100,000 സൈനികരും ടാങ്കുകളും പീരങ്കികളും മിസൈലുകളും ഉക്രെയ്‌നിന്റെ കിഴക്കന്‍ അതിര്‍ത്തികളില്‍ നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. എതിരഭിപ്രായങ്ങള്‍ക്ക് വില നല്‍കാതെ റഷ്യ ആക്രമണം നടത്തിയാല്‍ കടുത്ത ഉപരോധം നേരിടേണ്ടിവരുമെന്ന് യു.എസും യു.കെയും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ നിലവില്‍ ഒരാക്രമണത്തിന് മുതിരുമോ എന്നത് കണ്ടറിയണം.

എതിര്‍പ്പുകള്‍ വകവയ്ക്കാതെ റഷ്യ ഉക്രെയ്‌നിനെ ആക്രമിച്ചാല്‍ ‘രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ അധിനിവേശം’ ആയിരിക്കുമെന്നും അത് ലോകക്രമത്തെ മുഴുവന്‍ മാറ്റിമറിക്കുമെന്നും’ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
അതിനിടെ, യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കിയുമായി ചര്‍ച്ച നടത്താന്‍ ഉക്രെയ്നിലേക്ക് പോകാനൊരുങ്ങുകയാണ്.

ഉക്രെയിന്‍ – റഷ്യ തര്‍ക്ക വിഷയത്തില്‍ റഷ്യ ഒരു ആക്രമണത്തിന് മുതിര്‍ന്നാല്‍ റഷ്യയെ തിരിച്ചടിക്കാന്‍ നാറ്റോ സഖ്യസേന സജ്ജമായി നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണുണ്ടായേക്കാമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ ഉക്രേനിയന്‍ സൈന്യം കിഴക്കും വടക്കും അതിര്‍ത്തികളില്‍ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ഒരു യുദ്ധം ഏതു നിമിഷവും ഉണ്ടായേക്കാവുന്ന സാഹചര്യമായതിനാല്‍ റഷ്യയ്ക്കും ഉക്രെയ്‌നിന്റെ തലസ്ഥാനമായ കൈവിനുമിടയിലുള്ള കുറുക്കുവഴിയായ ചെര്‍ണോബില്‍ ഉക്രൈന്‍ സൈന്യം അതീവ ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്.

എന്താണ് റഷ്യയും ഉക്രയ്നും തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്‌നം

സോവിയറ്റ് യൂണിയനില്‍ നിന്ന് ഉക്രെയ്ന്‍ വേര്‍പിരിഞ്ഞതും പാശ്ചാത്യരാജ്യങ്ങളുമായുള്ള അവരുടെ അടുത്ത ബന്ധവുമാണ് സംഘര്‍ഷങ്ങള്‍ക്ക് ആധാരം. ഉക്രെയ്നെ ഒരിക്കലും നാറ്റോയില്‍ ചേരാന്‍ അനുവദിക്കരുത് എന്നതാണ് റഷ്യയുടെ ആവശ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഉക്രൈന്‍ നാറ്റോയില്‍ ചേര്‍ന്നാല്‍ കിഴക്കന്‍ മേഖലയിലെ റഷ്യയുടെ അധികാരത്തിന് അത് ഭീഷണിയാകുമെന്നാണ് അവരുടെ വിയിരുത്തല്‍.

ഉക്രെയ്ന്‍ നൂറ്റാണ്ടുകളായി റഷ്യന്‍ സാമ്രാജ്യത്തിന്റെയും സോവിയറ്റ് യൂണിയന്റെയും ഭാഗമായിരുന്നു. ശീതയുദ്ധത്തിനുശേഷം സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടതോടെ 1991ലാണ് ഉക്രെയ്ന്‍ സ്വതന്ത്രമാവുന്നത്. റഷ്യയുമായുള്ള ഉക്രെയ്‌നിന്റെ പഴയ ബന്ധവും പാശ്ചാത്യ രാജ്യങ്ങളുമായി ഇപ്പോഴുള്ള അടുപ്പവുമാണ് പ്രശ്‌നം രൂക്ഷമാവാനുള്ള കാരണങ്ങളിലൊന്ന്. രാജ്യത്തിന്റെ മുന്‍ പ്രദേശങ്ങളുടെ നിയന്ത്രണം വീണ്ടെടുക്കാനാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ശ്രമിക്കുന്നത്.

2004ലെ ഉക്രേനിയന്‍ തെരഞ്ഞെടുപ്പില്‍ പുടിന്റെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥി വിക്ടര്‍ യാനുകോവിച്ചിനെ വിജയിയായി ആദ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും വോട്ടിങ്ങില്‍ ക്രമക്കേടുണ്ടെന്ന കാരണത്താല്‍ പ്രതിഷേധങ്ങള്‍ക്ക് ശേഷം ഫലം അസാധുവാക്കി. യാനുകോവിച്ച് വീണ്ടും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ 2010ല്‍ യാനുകോവിച്ച് അധികാരം വീണ്ടെടുത്തു. എന്നാല്‍ മോസ്‌കോയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് അനുകൂലമായി യൂറോപ്യന്‍ യൂണിയനുമായുള്ള അസോസിയേഷന്‍ കരാര്‍ നിരസിച്ചതിനെത്തുടര്‍ന്ന് വന്‍ പ്രതിഷേധമുണ്ടാവുകയും 2014-ല്‍ വീണ്ടും യാനുകോവിച്ച് പുറത്താക്കപ്പെടുകയും ചെയ്തു.

ഉക്രെയ്‌നിന്റെ കിഴക്ക് വിഘടനവാദ കലാപം പൊട്ടിപ്പുറപ്പെടുകയും 2014ല്‍ തെക്കന്‍ ഉക്രെയ്‌നിലെ ക്രിമിയന്‍ ഉപദ്വീപ് റഷ്യ പിടിച്ചെടുക്കുകയും ചെയ്തു. ഡോണ്‍ബാസ് എന്നറിയപ്പെടുന്ന മേഖലയിലെ പോരാട്ടത്തില്‍ 14,000ത്തിലധികം ആളുകളാണ് മരിച്ചത്. കുറഞ്ഞത് രണ്ട് ദശലക്ഷം ആളുകള്‍ അവരുടെ വീടുകള്‍ ഉപേക്ഷിച്ച് പാലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ഫ്രാന്‍സും ജര്‍മ്മനിയും ഇടനിലക്കാരായ 2015ലെ സമാധാന ഉടമ്പടി യുദ്ധങ്ങള്‍ താത്കാലികമായി അവസാനിപ്പിക്കാന്‍ സഹായിച്ചെങ്കിലും രാഷ്ട്രീയ ഒത്തുതീര്‍പ്പിലെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. 2015ലെ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുന്നതില്‍ ഉക്രെയ്ന്‍ പരാജയപ്പെട്ടുവെന്ന് റഷ്യ ആരോപിക്കുമ്പോള്‍ റഷ്യയും വിഘടനവാദികളും കരാര്‍ ലംഘിച്ച് തങ്ങളുടെ സേനയെ ആക്രമിക്കുന്നത് തുടരുകയാണെന്നാണ് ഉക്രൈന്‍ പറയുന്നത്

ഇപ്പോള്‍ സംഭവിക്കുന്നത്

ഉക്രെയ്നെ ഒരിക്കലും നാറ്റോയില്‍ ചേരാന്‍ അനുവദിക്കരുത് എന്നതാണ് പാശ്ചാത്ത രാജ്യങ്ങളോടുള്ള റഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്ന്. എന്നാല്‍ യു.എസും പാശ്ചാത്യരാജ്യങ്ങളും ഇത് തള്ളിക്കളയുകയാണ്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഫ്രാന്‍സ്, ജര്‍മ്മനി, യു.എസ്, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ നിരവധി ചര്‍ച്ചകള്‍ നടന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവര്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ചര്‍ച്ചകളും നടത്തിയിരുന്നു.

റഷ്യ-ഉക്രൈന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി ചര്‍ച്ച നടത്താനിരിക്കുകയാണ്. യു.കെ പ്രധാനമമന്ത്രി ജോണ്‍സണ്‍ ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി സംസാരിക്കും.
സുഹൃത്തും ജനാധിപത്യ പങ്കാളിയും എന്ന നിലയില്‍ ഉക്രെയ്‌നിന്റെ പരമാധികാരം നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ യു.കെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് സന്ദര്‍ശനത്തിന് മുന്നോടിയായി ജോണ്‍സണ്‍ വ്യക്തമാക്കി. പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നും രക്തച്ചൊരിച്ചില്‍ ഒഴിവാക്കണമെന്നും റഷ്യയോട് ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെ സ്ഥിതി അതീവ സംഘര്‍ഷഭരിതമായി തുടരവേ, നാറ്റോ സൈന്യം പ്രസിഡന്റ് പുടിന്റെ അടുത്ത നീക്കത്തിനായി കാത്തിരിക്കുകയാണ്.

എന്താണ് നാറ്റോ

1949 ഏപ്രിലില്‍ വാഷിംഗ്ടണ്‍ ഡി.സിയിലാണ് നാറ്റോ സ്ഥാപിതമായത്. ബെല്‍ജിയത്തിലെ ബ്രസല്‍സിലാണ് ഇതിന്റെ ആസ്ഥാനം.
രാഷ്ട്രീയ, സൈനിക മാര്‍ഗങ്ങളിലൂടെ അംഗങ്ങളുടെ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പുവരുത്തുക എന്നതാണ് നാറ്റോയുടെ (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ അല്ലെങ്കില്‍ നോര്‍ത്ത് അറ്റ്‌ലാന്റിക് അലയന്‍സ്) ലക്ഷ്യം. യു.കെയും യു.എസും പടിഞ്ഞാറന്‍ യൂറോപ്പിന്റെ ഭാഗങ്ങളും ഉള്‍പ്പെടെ നാറ്റോയില്‍ നിലവില്‍ 30 രാജ്യങ്ങളാണുള്ളത്. രാജ്യങ്ങള്‍ തമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, പരപ്‌സര വിശ്വാസം വളര്‍ത്തുക, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംഘര്‍ഷങ്ങള്‍ തടയുക, പ്രതിരോധം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടിയാലോചനകള്‍ നടത്തുക തുടങ്ങിയവയാണ് നാറ്റോ ചെയ്യുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here