Advertisement

ഒരിക്കല്‍ക്കൂടി തോല്‍വി ഏറ്റുവാങ്ങാന്‍ എനിക്കാവില്ല,
കരഞ്ഞ് വോട്ടുതേടി എസ്.പി സ്ഥാനാര്‍ത്ഥി സുനില്‍ ചൗധരി

February 4, 2022
Google News 2 minutes Read

മലയാളത്തില്‍ വളരെ പ്രശസ്തമായ ഒരു പഴഞ്ചൊല്ലുണ്ട്. ഒന്നില്‍ പിഴച്ചാല്‍ മൂന്ന്!. എപ്പോഴെങ്കിലും ആ പഴഞ്ചൊല്ല് കേട്ടിരുന്നെങ്കില്‍ നോയ്ഡയിലെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി സുനില്‍ ചൗധരി ഇത്തരത്തില്‍ പൊട്ടിക്കരയില്ലായിരുന്നു. മുമ്പ് രണ്ട് തവണ ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സുനില്‍ ചൗധരി ഒരിക്കല്‍ കൂടി തോല്‍വി ഏറ്റുവാങ്ങാന്‍ തനിക്കു കഴിയില്ലെന്ന് കരഞ്ഞ് പറഞ്ഞാണ് ഇത്തവണ വോട്ടു തേടുന്നത്. സിറ്റിംഗ് എം.എല്‍.എ ബി.ജെ.പിയുടെ പങ്കജ് സിങ്ങാണ് ചൗധരിയുടെ എതിരാളി. മാര്‍ച്ച് പത്തിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴറിയാം, ചൗധരി പൊഴിക്കുന്നത് ആനന്ദക്കണ്ണീരാണോ സങ്കടക്കണ്ണീരാണോ എന്നത്. (Can’t Lose Again: Akhilesh Yadav’s Party Candidate’s Frantic Appeal)

നോയ്ഡയില്‍ നിന്ന് 2012ലും 2017ലും ആണ് തുടര്‍ച്ചയായി ചൗധരി പരാജയപ്പെട്ടത്. എന്നാല്‍ അതൊന്നും കണക്കിലെടുക്കാതെ ഇത്തവണയും ചൗധരിയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കുകയാണ് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഈ അങ്കത്തില്‍ വിജയമില്ലെങ്കില്‍ തനിക്കു രാശിയില്ലെന്നു കരുതുമെന്നതാണ് ചൗധരിയുടെ വിഷമം. അതുകൊണ്ടുതന്നെ ഇത്തവണ ചിരിച്ചുകൊണ്ടുള്ള പ്രചാരണം പൂര്‍ണമായി ഒഴിവാക്കിയിരിക്കുകയാണ് ചൗധരി.

പഴയ തോല്‍വികളുടെ പശ്ചാത്തലത്തില്‍ കൈ കൂപ്പുക, കരയുക എന്നതാണ് പുതിയ ശൈലി. ”ഇത്തവണ കൂടി തോല്‍ക്കാന്‍ എനിക്കു ധൈര്യമില്ല. ഹൃദയത്തില്‍ നിന്നാണു ഞാന്‍ പറയുന്നത്. എന്നെ വെടിവച്ചുകൊല്ലണമെങ്കില്‍ നേരേ നിന്നു നെഞ്ചിലേക്കു നിറയൊഴിക്കുക. പിന്നില്‍ നിന്ന് ആക്രമിക്കരുത്. കുറഞ്ഞപക്ഷം, എന്റെ ആളുകള്‍ തന്നെ എന്നെ വെടിവച്ചെന്ന് എനിക്കു പറയാമല്ലോ”. ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിക്കുന്ന ദൃശ്യത്തില്‍ ചൗധരി പറയുന്ന വാക്കുകളാണിത്.

മൂന്നാം തവണയും നോയ്ഡയില്‍ നിന്ന് മല്‍സരിക്കുന്ന സുനില്‍ ചൗധരി മാത്രമല്ല, ഭാര്യ പ്രീതിയും പ്രചാരണത്തിനിടയില്‍ കരച്ചിലോട് കരച്ചിലാണ്. ഒരു പ്രചാരണ സ്ഥലത്ത് കരഞ്ഞുതുടങ്ങിയതോടെ പ്രായമായ ഒരാളെത്തി പ്രീതിയെ ആശ്വസിപ്പിച്ചു. മറ്റൊരിടത്ത് കരച്ചില്‍ അതിര് വിട്ടതോടെ സ്ത്രീകളുടെ സംഘമെത്തി ഒരു മാല സമ്മാനിച്ച് ശാന്തയാക്കാന്‍ നോക്കി. എന്നിട്ടും പ്രീതിയുടെ കണ്ണീരടങ്ങിയില്ല.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here