Advertisement

പൊലീസ് സേനയിൽ സ്ത്രീകൾക്ക് 40 % സംവരണം, 4 ലക്ഷം തൊഴിൽ, 500 രൂപക്ക് പാചകവാതകം; ഉത്തരാഖണ്ഡിൽ പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്

February 4, 2022
Google News 2 minutes Read

ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രകടന പ​ത്രിക പുറത്തിറക്കി കോൺഗ്രസ്. പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ സ്ത്രീകൾക്ക് 40 ശതമാനം സംവരണം, നാല് ലക്ഷം പേർക്ക് ജോലി, ടൂറിസം പൊലീസ് സേന സൃഷ്ടിക്കൽ എന്നിവ വാഗ്ദാനം ചെയ്താണ് പ്രിയങ്കാ ഗാന്ധി പ്രകടന പത്രിക പുറത്തിറക്കിയത്.

‘ഉത്തരാഖണ്ഡ് സ്വാഭിമാൻ പ്രതിജ്ഞാപത്ര’ എന്ന പേരിലുള്ള പ്രകടനപത്രികയിൽ 40 ശതമാനം സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് മുൻഗണന നൽകുമെന്നും എൽപിജി വില 500 രൂപയായി നിജപ്പെടുത്തുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 70 നിയമസഭാ മണ്ഡലങ്ങളിലും തത്സമയം സംപ്രേക്ഷണം ചെയ്ത വെർച്വൽ റാലിയിലാണ് പ്രിയങ്കാ ഗാന്ധി പ്രകടനപത്രിക പുറത്തിറക്കിയത്.

കഴിഞ്ഞ അഞ്ച് വർഷമായി ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചു. വോട്ടെടുപ്പിനെ ഗൗരവമായി കാണണമെന്നും മാറ്റം കൊണ്ടുവരാൻ ഏറ്റവും ശക്തിയേറിയ ഈ ആയുധം ഉപയോഗിക്കണമെന്നും പ്രിയങ്ക ഗാന്ധി വോട്ടർമാരോട് അഭ്യർഥിച്ചു. ഇന്നത്തെ സർക്കാർ അഞ്ച് വർഷം കൊണ്ട് ഒന്നും ചെയ്തില്ല. അതിന് മുമ്പുള്ള ഞങ്ങളുടെ സർക്കാർ ചെയ്ത പ്രവർത്തനങ്ങൾ മാത്രമാണ് ഇപ്പോഴും കാണാൻ കഴിയുന്നത്. കോൺഗ്രസിന് മാറ്റം കൊണ്ടുവരാനാകുമെങ്കിലും ജനങ്ങളുടെ അവകാശങ്ങൾക്കും കുട്ടികളുടെ ഭാവിക്കും വേണ്ടി പോരാടാൻ നിങ്ങൾ ഉണർന്നെഴുന്നേറ്റാൽ മാത്രമേ കഴിയൂവെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.

പെട്രോൾ, ഡീസൽ വിലയിലെ വർധന കാരണം ഡബിൾ എഞ്ചിൻ എന്ന് വിളിക്കപ്പെടുന്ന എഞ്ചിൻ തന്നെ പ്രവർത്തനം നിർത്തിയിരിക്കുകയാണ്. രാജ്യത്തുടനീളമുള്ള കരിമ്പ് കർഷകരുടെ കുടിശിക 14000 കോടി രൂപയാണെന്നും പ്രധാനമന്ത്രിക്ക് രണ്ട് വിമാനങ്ങൾ വാങ്ങാൻ ചെലവഴിച്ച 16000 കോടി രൂപ ഇതിനായി ഉപയോഗിച്ചിരുന്നെങ്കിൽ അത് എളുപ്പത്തിൽ തീർപ്പാക്കാമായിരുന്നുവെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.

Read Also : തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങി ബിജെപി ; പ്രധാനമന്ത്രിയും ജെ.പി നദ്ദയും ഉത്തരാഖണ്ഡിലെത്തും

കൊവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യം അതിന്റെ ഏറ്റവും മോശമായ പ്രതിസന്ധിയിലൂടെ കടന്നുപോയി, കാരണം കേന്ദ്രം ഓക്സിജനും വാക്സിനുകളും വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. മാത്രമല്ല സാധാരണക്കാർക്ക് ആ​ശ്വാസമേകുന്ന യാതൊരു പ്രഖ്യാപനങ്ങളും കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചില്ലെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും തമ്മിലാണ് ഉത്തരാഖണ്ഡിൽ ഇത്തവണത്തെ മത്സരം. ഭരണതുടർച്ചയാണ് ബി.ജെ.പിയുടെ ലക്ഷ്യം.

Story Highlights : Congress Releases Manifesto For Uttarakhand Election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here