Advertisement

പ്രസംഗം തടസപ്പെടുത്തി, ലോക്സഭാ ചെയര്‍പേഴ്സണ്‍
രമാദേവിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര

February 4, 2022
Google News 2 minutes Read

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ അഭിസംബോധനാ പ്രസംഗത്തിനുള്ള നന്ദിപ്രമേയ പ്രസംഗം നടത്തവേ ലോക്സഭാ ചെയര്‍പേഴ്സണ്‍ രമാ ദേവി തന്റെ സംസാരം തടസപ്പെടുത്തിയെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര രംഗത്ത്. രമാ ദേവിക്കെതിരെ തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് മൊയ്ത്ര വിമര്‍ശനം രേഖപ്പെടുത്തിയത്. നന്ദിപ്രമേയ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ മൊയ്ത്ര രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചപ്പോഴായിരുന്നു ചെയര്‍പേഴ്‌സണ്‍ രമാ ദേവി ഇടപെട്ടത്. ഇതാണ് മൊയ്ത്രയെ ചൊടിപ്പിച്ചത്. ( Mahua Moitra Fumes As LS Chair Rama Devi Interrupts Her Speech)

സര്‍ക്കാരിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച മൊയ്ത്രയോട് ‘ദേഷ്യം അടക്കി ശാന്തയാകൂ, എന്നിട്ട് കുറച്ചുകൂടെ സ്നേഹത്തോടെ പെരുമാറൂ’ എന്നായിരുന്നു രമാ ദേവി ആവശ്യപ്പെട്ടത്. ഇത്തരത്തിലുള്ള മോശം ഇടപെടലിലൂടെ തന്റെ പ്രസംഗം തടസപ്പെട്ടുവെന്നാണ് മൊയ്ത്രയുടെ ആരോപണം.

അംഗങ്ങള്‍ എന്തെങ്കിലും കാര്യം ചട്ടവിരുദ്ധമായി സംസാരിച്ചാല്‍ അത് തിരുത്താനുള്ള അവകാശം മാത്രമേ ചെയര്‍പേഴ്സണുള്ളൂ എന്നും മോറല്‍ സയന്‍സ് ടീച്ചറാവുക എന്നത് ഇവരുടെ ഡ്യൂട്ടിയല്ല എന്നുമാണ് മൊയ്ത്ര ട്വീറ്റ് ചെയ്തത്. ദേഷ്യത്തോടെ സംസാരിക്കണോ അതോ സ്നേഹത്തോടെ സംസാരിക്കണോ എന്ന് എന്നെ പഠിപ്പിക്കാന്‍ ചെയര്‍ ആരാണ്. ഇത് നിങ്ങളെ സംബന്ധിക്കുന്ന കാര്യമല്ല. നിയമം സംബന്ധിച്ച് മാത്രം നിങ്ങളെന്നെ തിരുത്തിയാല്‍ മതി. ലോക്സഭയിലെ മോറല്‍ സയന്‍സ് ടീച്ചറല്ല നിങ്ങള്‍. മൊയ്ത്ര ട്വീറ്റില്‍ വ്യക്തമാക്കി.

റിപബ്ലിക് ദിന പരേഡില്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍ നിരസിച്ചതിനെതിരെ തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര ലോക്സഭയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്‍.ഡി.എ സര്‍ക്കാരിന് വര്‍ത്തമാന കാലത്തോട് അവിശ്വാസവും ഭാവിയോട് ഭയവുമാണുള്ളത് എന്ന് പറഞ്ഞ മൊയ്ത്ര, എഴുതിക്കിട്ടിയത് വായിക്കുന്ന ജോലി മാത്രമാണ് പ്രസിഡന്റ് സഭയില്‍ ചെയ്യുന്നത് എന്ന രീതിയിലും പരാമര്‍ശം നടത്തിയിരുന്നു.

സുഭാഷ് ചന്ദ്രബോസ് അടങ്ങിയ പശ്ചിമ ബംഗാളിന്റെ ടാബ്ലോ റിപബ്ലിക് ദിന പരേഡില്‍ പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതിനെതിരെയും തന്റെ പ്രസംഗത്തില്‍ മൊയ്ത്ര ആഞ്ഞടിച്ചു. മികച്ച സ്വാതന്ത്ര്യസമര പോരാളി വിനായക് ദാമോദര്‍ സവര്‍ക്കറാണ് എന്നുള്ള സര്‍ക്കാരിന്റെ പുതിയ കണ്ടുപിടിത്തം അതിശയകരമാണെന്നാണ് അവര്‍ സഭയില്‍ പറഞ്ഞത്.

പല സംസ്ഥാനങ്ങളുടെയും ടാബ്ലോ റിപബ്ലിക് ദിന പരേഡില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മാനദണ്ഡപ്രകാരം സെലക്ഷന്‍ നടത്തിയാണ്
ബംഗാള്‍, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍ക്ക് റിപബ്ലിക് ദിന പരേഡില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചതെന്നായിരുന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ വാദം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here