ടെസ്ല കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ നികുതി ഇളവ് വേണമെന്ന ഇലോണ്‍ മസ്‌കിന്റെ ആവശ്യം തള്ളി ഇന്ത്യ

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതതയിലുള്ള ടെസ്ല ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ വീണ്ടും തള്ളി. ടെസ്ലയുടെ ആവശ്യം മുന്‍നിര്‍ത്തി നികുതി ഇളവ് അനുവദിക്കാനാകുമോ എന്ന് പരിശോധിച്ചെങ്കിലും രാജ്യത്തിനകത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പാദനം വ്യാപകമായി നടക്കുന്ന പശ്ചാത്തലത്തില്‍ ഇളവുകള്‍ അനുവദിക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഭാഗികമായി വിദേശത്ത് നിര്‍മ്മിച്ച കാറുകള്‍ രാജ്യത്തെത്തിച്ച് അസംബിള്‍ ചെയ്‌തെടുത്താല്‍ നികുതി ഇളവുണ്ടാകുമെന്നതിനാല്‍ തന്നെ ഇന്ത്യയുടെ തീരുമാനത്തെ ടെസ്ല ഒരു തടസമായി കാണേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍. ഇന്‍ഡയറക്ട് ടാക്‌സ് ആന്‍ഡ് കസ്റ്റം ബോര്‍ഡാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തിനകത്ത് തന്നെ ടെസ്ല ഇലക്ടിക് കാര്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിച്ച് വ്യവസായം നടത്തണമെന്ന ആവശ്യമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ഈ ആവശ്യത്തെ അംഗീകരിക്കാന്‍ നാളിതുവരെ ടെസ്ല തയ്യാറായിട്ടില്ല. ഫെബ്രുവരി 1ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ വാഹനങ്ങളുടെ ഇറക്കുമതി ചുങ്കത്തില്‍ ഇളവുകളുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ബജറ്റില്‍ ഇത്തരം യാതൊരു പ്രഖ്യാപനവും ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ടെസ്ലയുമായി ബന്ധപ്പെട്ട നിലപാടില്‍ കൂടുതല്‍ വ്യക്തത വരുത്തി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ടെസ്ല കാറുകള്‍ ഇന്ത്യയിലെത്തിക്കുന്നതിന് സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇനിയുമേറെ കടമ്പകളുണ്ടെന്ന് മസ്‌ക് ട്വീറ്റ് ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു. ട്വിറ്ററിലൂടെ ആരാധകന്‍ അന്വേഷിച്ചതിന് മറുപടിയായാണ് ടെസ്ല ഓടിത്തുടങ്ങാന്‍ ഇനിയുമേറെ കടമ്പകള്‍ കടക്കാനുണ്ടെന്ന് മസ്‌ക് ട്വീറ്റ് ചെയ്തത്. ടെസ്ല സിഇഒ ഇലോണ്‍ മസ്‌കും മോദി സര്‍ക്കാരുമായി ഒരു വര്‍ഷത്തിലേറെക്കാലമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവരികയായിരുന്നു. എന്നാല്‍ ഇറക്കുമതി തീരുവ സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനമായിരുന്നില്ല. ലോകത്തില്‍ ഏറ്റവുമധികം ഇറക്കുമതി തീരുവ ചുമത്തുന്നത് ഇന്ത്യയാണെന്ന് മുന്‍പ് മസ്‌ക് പ്രതികരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് ടെസ്ല ഇന്ത്യയിലെത്തിക്കുന്നതിനായി തങ്ങളുടെ ആവശ്യങ്ങള്‍ കമ്പനി സര്‍ക്കാരിനെ അറിയിച്ചത്.
ഇന്ത്യന്‍ മാര്‍ക്കറ്റിന് താങ്ങാനാകുന്ന വിലയ്ക്ക് ഇറക്കുമതി ചെയ്ത കാറുകള്‍ വില്‍ക്കുന്നതിനായി നികുതി ഇളവ് ചെയ്ത് തരണമെന്നായിരുന്നു കമ്പനി സര്‍ക്കാരിന് മുന്നില്‍വെച്ച പ്രധാന ആവശ്യം. ചൈനയില്‍ നിര്‍മ്മിതമായ കാറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കരുതെന്ന് സര്‍ക്കാര്‍ കമ്പനിയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇന്ത്യയില്‍ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ തയ്യാറായാല്‍ നികുതിയിളവും മറ്റ് സഹായങ്ങളും നല്‍കുമെന്നും സര്‍ക്കാര്‍ മസ്‌കിന് വാഗ്ദാനം നല്‍കിയിരുന്നു. 29,53,225 രൂപയാണ് ടെസ്ല കാറിന്റെ നിലവിലെ വില. ഉയര്‍ന്ന ഇറക്കുമതി തീരുവ കൂടിയാകുമ്പോള്‍ വില ഇനിയും ഉയരും. അപ്പോള്‍ ഇന്ത്യന്‍ വിപണിയ്ക്ക് അത് താങ്ങാന്‍ പ്രയാസമാകുമെന്നും ടെസ്ല കമ്പനി മുന്നറിയിപ്പ് നല്‍കിയിരുന്നു.
Story Highlights: government rejects elon musk demand for tax breaks tesla electric car
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here