ഹിജാബ് വിവാദം: കര്‍ണാടകയില്‍ കാവി ഷാള്‍ ധരിച്ച് വീണ്ടും വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

ഹിജാബ് ധരിച്ചെത്തുന്നത് വിലക്കിയ നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടയില്‍ അതിന് സമാന്തരമായി കാവി ഷാള്‍ ധരിച്ച് ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്. ഹിജാബ് വിലക്കിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ജാഥയില്‍ ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തത്. ആര്‍ എന്‍ ഷെട്ടി കോളജ് വളപ്പിലും പരിസരത്തുമായാണ് കാവി ഷാള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയത്. പ്രകടനത്തില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. കോളജില്‍ നിന്നും പ്രതിഷേധം തെരുവിലേക്കും മാര്‍ക്കറ്റിലേക്കും കടന്നതോടെ പൊലിസെത്തി ഇവരെ തടഞ്ഞു.
ഹിജാബ് വിലക്ക് വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ ചിഹ്നങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും താലിബാനിസം അനുവദിക്കില്ലെന്നും കര്‍ണാടക ബിജെപി പ്രതികരിച്ചു. വിദ്യാലയങ്ങളിലെ നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ പറഞ്ഞു. വിദ്യാര്‍ഥിനികള്‍ അവരുടെ മതവിശ്വാസപ്രകാരം ഹിജാബ് ധരിക്കുന്നത് വിദ്യാഭ്യാസത്തിന് തടസമാകുന്നുണ്ടെങ്കില്‍ അതിലൂടെ നാം ഇന്ത്യയുടെ പെണ്‍മക്കളുടെ ഭാവി കവര്‍ന്നെടുക്കുകയാണെന്നായിരുന്നു വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പല്‍ രുദ്രെ ഗൗഡ ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് നിലപാട് കൈക്കൊണ്ടതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. ഇതിന് പിന്നാലെ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ ആറ് വിദ്യാര്‍ത്ഥിനികളെയാണ് കോളേജില്‍ നിന്ന് പുറത്താക്കിയത്. ഇവര്‍ക്ക് കോളേജില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ടായിരുന്നു. പുറത്താക്കിയതിന് ശേഷം ഹാജരില്‍ ആബ്സെന്റ് എന്നാണ് രേഖപ്പെടുത്തുന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ നേരത്തേ പ്രതികരിച്ചിരുന്നു.
ഹിജാബ് ധരിക്കുന്നതില്‍ നിന്നും വിദ്യാര്‍ത്ഥിനികളെ വിലക്കിയ കോളേജിന്റെ നടപടി ജില്ലാകളക്ടര്‍ ഇടപെട്ട് നിര്‍ത്തലാക്കിയിരുന്നെങ്കിലും ഹിജാബോ മറ്റ് തരത്തിലുള്ള ഷാളുകളോ യൂണിഫോമിനൊപ്പം ധരിക്കരുതെന്ന പുതിയ നിയമം കോളേജ് അധികൃതര്‍ പുറത്തിറക്കുകയായിരുന്നു. ഇത് കര്‍ശനമായി പാലിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
Story Highlights: student protest wearing saffron shawl amid hijab row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here