സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്; മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ്

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി നിരപരാധി ആണെന്ന് തെളിയിക്കാനാണ് ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി അറിയാതെയാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് പറയുന്നത് തെറ്റാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് അറിയാതെ ഒരു കാര്യവും നടക്കില്ല. പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
‘രഹസ്യങ്ങള്‍ പുറത്തുവരുമെന്നുള്ള ഭയം കൊണ്ട് എം ശിവശങ്കറെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. കേസില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന പേരില്‍ വന്ന ശബ്ദസന്ദേശം കെട്ടിച്ചമച്ചതാണ്. സംസ്ഥാനത്തെ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥര്‍ അറിഞ്ഞുകൊണ്ട് ഒരു വനിതാ പൊലീസുകാരിയെ ചുമതലപ്പെടുത്തി, സ്‌ക്രിപ്റ്റ് തയ്യാറാക്കി അത് പ്രതിയെ കൊണ്ട് വായിപ്പിക്കുകയാണ്. ഈ ഗൂഡാലോചനയെ കുറിപ്പ് അന്വേഷണം നടത്തണം. മൂടിവയ്ക്കപ്പെട്ട സത്യങ്ങളെല്ലാം ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സ്വര്‍ണക്കടത്തിന്റെ മറവില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നെന്ന് വ്യക്തമായിരിക്കുകയാണ്.
സ്വര്‍ണക്കടത്ത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിന് വ്യക്തമായ അറിവുണ്ടായിരുന്നു. ഒരു മുഖ്യമന്ത്രിയുടെ ഓഫിസ് എത്രമാത്രം അധഃപതിക്കാം എന്നതാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ജനങ്ങള്‍ കണ്ടത്. സംസ്ഥാനത്തെ ഐബി മേധാവി കൊടുക്കുന്ന റിപ്പോര്‍ട്ട് എല്ലാദിവസവും മുഖ്യമന്ത്രിയുടെ ഓഫിസിലെത്താറുണ്ട്. ആ ഓഫിസില്‍ നടക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറയുന്നത് എങ്ങനെയാണ്? പ്രതികള്‍ക്ക് രക്ഷപെടാനുളള വഴിയടക്കം ഒരുക്കിക്കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തമാക്കണം’. വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Read Also : സ്പേസ് പാർക്കിൽ ജോലി വാങ്ങിത്തന്നത് എം ശിവശങ്കർ; മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ഏക ബന്ധം എം ശിവശങ്കറുമായി; സ്വപ്‌നാ സുരേഷ് ട്വന്റിഫോറിനോട്
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ഇന്ന് സ്വപ്‌ന സുരേഷ് വീണ്ടുമെത്തി. സ്‌പേസ് പാര്‍ക്കില്‍ ജോലി വാങ്ങിത്തന്നത് എം ശിവശങ്കറാണെന്ന് സ്വപ്നാ സുരേഷ് ട്വന്റിഫോറിനോട് പറഞ്ഞു. കോണ്‍സുലേറ്റില്‍ നടക്കുന്ന കാര്യങ്ങള്‍ എല്ലാം ശിവശങ്കറിന് അറിയാമായിരുന്നു. ശിവശങ്കര്‍ ദിവസവും തന്റെ വീട്ടിലും വരാറുണ്ടായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പെട്ടതോടെ ഒളിവില്‍ പോകാന്‍ നിര്‍ദ്ദേശിച്ചതും മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ ആവശ്യപ്പെട്ടതും ശിവശങ്കറാണ്. ബാങ്ക് ലോക്കറില്‍ ഉണ്ടായിരുന്നതെല്ലാം കമ്മീഷന്‍ പണമായിരുന്നു. ലോക്കര്‍ ആരുടേതെന്ന് ലോകം മനസിലാക്കട്ടെ. ഒന്നേകാല്‍ വര്‍ഷം ജയിലില്‍ കിടന്നപ്പോഴത്തെ വേദനയേക്കാള്‍ വലുതാണ് ശിവശങ്കര്‍ തന്നെ തള്ളിപ്പറഞ്ഞതിന്റെ വേദനയെന്നും സ്വപ്ന വ്യക്തമാക്കി.
Story Highlights: VD satheeshan, swpna suresh, m shivasankar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here