ലതാ മങ്കേഷ്കറിന് ആദരാഞ്ജലി അർപ്പിച്ച് ബാബർ അസം

അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന് ആദരാഞ്ജലി അർപ്പിച്ച് പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം. ഇത് ഒരു സുവർണ തലമുറയുടെ അവസാനമാണെന്ന് അസം കുറിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ബാബർ ഇതിഹാസ ഗായികയ്ക്ക് ആദരാഞ്ജലി അർപ്പിച്ചത്.
‘ഒരു സുവർണ തലമുറയുടെ അന്ത്യമാണിത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരുടെ ഹൃദയങ്ങളിൽ അവരുടെ മാന്ത്രിക ശബ്ദവും പൈതൃകവും ജീവിക്കും. പകരംവയ്ക്കാനില്ലാത്ത വ്യക്തി.’- ബാബർ അസം കുറിച്ചു.
ലതാ മങ്കേഷ്കറുടെ ഭൗതികശരീരം അല്പം മുൻപാണ് സംസ്കരിച്ചത്. മുംബൈ ശിവാജി പാർക്കിൽ വൈകിട്ട് ആറരയോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ലത മങ്കേഷ്കറുടെ സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ശ്രദ്ധ കപൂർ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ തുടങ്ങിയവർ സംസ്കാരച്ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈകിട്ട് ആറേകാലിന് മുംബൈ ശിവാജി പാർക്കിലെത്തിയ മോദി, ഭൗതികശരീരത്തിൽ പുഷ്പചക്രം സമർപ്പിച്ചു. വൈകിട്ട് അഞ്ചേമുക്കാലോടെ വിലാപയാത്രയായാണ് ഭൗതികശരീരം ശിവാജി പാർക്കിലെത്തിച്ചത്. വഴിയുലടനീളം നിരവധിയാളുകളാണ് പ്രിയപ്പെട്ട ലതാ ദീദിയെ അവസാനമായി കാണാൻ കാത്തുനിന്നത്.
മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽനിന്ന് ഉച്ചയോടെ വസതിയിലെത്തിച്ച ഭൗതികശരീരത്തിൽ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചത്. ഞായറാഴ്ച രാവിലെയാണ് ലതാ മങ്കേഷ്കർ അന്തരിച്ചത്. കൊവിഡും ന്യൂമോണിയയും ബാധിച്ച് ജനുവരി 8 മുതൽ ചികിത്സയിലായിരുന്നു. കൊവിഡ് മുക്തയായതിനെ തുടർന്ന് ആരോഗ്യം മെച്ചപ്പെട്ടിരുന്നെങ്കിലും നിരീക്ഷണത്തിൽ തുടരുന്നതിനിടെ നില വഷളായി. തുടർന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.
Story Highlights: babar azam tweet lata mangeshkar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here