Advertisement

നെഹ്‌റുവിന്റെ കണ്ണുകളെ ഈറനണിയിച്ച പാട്ട്…

February 6, 2022
Google News 3 minutes Read

1962ലെ ഇന്തോ-ചൈന യുദ്ധത്തില്‍ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയതിന് തൊട്ടു പിന്നാലെ കവി പ്രദീപ് വൈകാരികമായ ഒരു ഗാനം രചിച്ചു. തോല്‍വിയുടെ മോശം അന്തരീക്ഷത്തില്‍ നിന്ന് ഇന്ത്യന്‍ ജനത മോചിതമായിക്കൊണ്ടിരുന്ന കാലത്ത്, യുദ്ധത്തില്‍ പിറന്നുവീണ നാടിനുവേണ്ടി ജീവത്യാഗം ചെയ്ത പട്ടാളക്കാരെ ഓര്‍ത്തെങ്കിലും നമ്മള്‍ ഇനി ഒന്നിച്ചു നില്‍ക്കണം എന്നായിരുന്നു ഗാനത്തിലൂടെ കവി ആഹ്വാനം ചെയ്തത്. (Jawaharlal Nehru Heard ‘Aye Mere Watan ke Logo’)

27 ജനുവരി 1963, ഈ പാട്ട് ആദ്യമായി ലതാ മങ്കേഷ്‌കര്‍ ലൈവ് പാടുന്നു. ദില്ലിയിലെ നാഷണല്‍ സ്റ്റേഡിയമാണ് വേദി. റിപ്പബ്ലിക്ക് ദിനത്തിന്റെ പിറ്റേ ദിവസം. ദേശീയ പ്രതിരോധ ഫണ്ട് സമാഹരിക്കാന്‍ നടത്തിയ പരിപാടിയായിരുന്നു അത്. സാക്ഷ്യം വഹിക്കാന്‍ സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റുവെത്തി. അന്നത്തെ ലതാ മങ്കേഷ്‌കറുടെ ആലാപനം കേട്ട് നെഹ്റുവിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.

അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെക്കൂടാതെ വേദിയിലും സദസിലുമായി പ്രമുഖരുടെ നീണ്ട നിര ദൃശ്യമായിരുന്നു. പ്രസിഡന്റ് ഡോ. എസ്. രാധാകൃഷ്ണന്‍, സിനിമാരംഗത്തെ പ്രമുഖരായ രാജ് കപൂര്‍, ദിലീപ്കുമാര്‍, ദേവാനന്ദ്, ഗായകരായ മുഹമ്മദ് റാഫി, ഹേമന്ദ്കുമാര്‍ തുടങ്ങിയവര്‍ സദസിലിരിക്കേയാണ് ഗായിക ലതാ മങ്കേഷ്‌കര്‍ മൈക്കിനരികിലേക്കെത്തിയത്. അവരുടെ കണ്ഠത്തില്‍നിന്ന് ആ ഗാനം ഒഴുകിയെത്തി ‘ഏ മേരേ വതന്‍ കെ ലോകോ’…. പാട്ട് തീര്‍ന്നപ്പോഴേയ്ക്കും നെഹ്റുവിന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.

ഹൃദയത്തെ ഉലയ്ക്കുന്ന ആ വരികളും സംഗീതവും ലതാജിയുടെ മാസ്മരിക ശബ്ദവും നെഹ്‌റുവിനെ വല്ലാതെ വിഷമിപ്പിച്ചു. ലതാ മങ്കേഷ്‌കറിന് ഏറെ പ്രിയപ്പെട്ടതായിരുന്നു ഈ മനോഹര ഗാനം. നെഹ്‌റുവിന്റെ മകള്‍ ഇന്ദിരാ ഗാന്ധിയും കൊച്ചുമക്കളായ രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും അന്ന് അവിടെയുണ്ടായിരുന്നു.

ചൈനയുമായുള്ള യുദ്ധത്തില്‍ ഇന്ത്യ നേരിട്ട തിരിച്ചടിയില്‍ രാജ്യം പതറി നില്‍ക്കുന്ന സമയം. പരാജയത്തിന്റെ പഴി മുഴുവന്‍ ഭരണനേതൃത്വത്തിന് നേരെയായിരുന്നു. സുഹൃത്തെന്നു കരുതിയ ചൈനയില്‍ നിന്നുണ്ടായ ആക്രമണത്തില്‍ രാജ്യത്തിന്റെ ഹൃദയം തകര്‍ന്നിരുന്നു. അന്ന് സംഭവിച്ച തോല്‍വിയില്‍ നിന്ന് കരകയറാന്‍ ഇന്ത്യയ്ക്ക് പുതുജീവന്‍ പകരുന്നതായിരുന്നു ആ പാട്ട്.

പരാജയത്തിന്റെ പടുകുഴിയില്‍ നില്‍ക്കെ, ഇന്ത്യയ്ക്കും ഭരണനേതൃത്വത്തിനും ആത്മവിശ്വാസത്തിന്റെയും തിരിച്ചുവരവിന്റെയും പാതയൊരുക്കിയ ആ മനോഹര ഗാനം അരനൂറ്റാണ്ടു പിന്നിട്ടെങ്കിലും ഇന്നും ജനങ്ങള്‍ നെഞ്ചിലേറ്റുന്നു. സി. രാമചന്ദ്രയാണ് പാട്ടിന് ഈണമിട്ടത്.

ദേശാഭിമാനം തുളുമ്പുന്ന പാട്ടില്‍ രക്തസാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നതിനൊപ്പം ഇന്ത്യക്കാര്‍ ഒറ്റക്കെട്ടായി നീങ്ങണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട്. അവസാന വരികളിലെ ജയ്ഹിന്ദ് ജയ്ഹിന്ദ് കി സേന, ജയ്ഹിന്ദ്, ജയ്ഹിന്ദ്, ജയ്ഹിന്ദ് എന്ന ഈരടികളായിരുന്നു നെഹ്റുവിന് ഏറെ ഇഷ്ടം. അന്നത്തെ പരിപാടി അവസാനിക്കുന്നതിന് മുമ്പുതന്നെ ഈ ഗാനത്തിന്റെ കോപ്പി നെഹ്റുവിന് സമ്മാനിക്കുകയും ചെയ്തിരുന്നു.

Read Also : 36 ഭാഷകളിലായി മുപ്പതിനായിരത്തിലധികം ഗാനങ്ങള്‍; മണ്‍മറയുന്നത് ‘ലതാജി’യെന്ന ഇതിഹാസം

പാട്ടിന് പിന്നിലെ കഥ

ഈ പാട്ടെഴുതിയതിന് പിന്നില്‍ അപൂര്‍വ്വസുന്ദരമായൊരു കഥയുണ്ട്. പ്രദീപ് എന്ന് വിളിക്കുന്ന രാമചന്ദ്ര നാരായണ്‍ജി ദ്വിവേദി എഴുതിയ പാട്ടുകള്‍ പലതും ഇന്ത്യയിലെ ജനങ്ങള്‍ പാടിനടന്നിരുന്ന കാലമായിരുന്നു അത്. 1962ലെ യുദ്ധത്തില്‍ ആയിരക്കണക്കിന് ഇന്ത്യന്‍ സൈനികരാണ് വീരചരമമടഞ്ഞത്. അക്കൂട്ടത്തിലെ ഒരു രക്തസാക്ഷിയായിരുന്നു പരം വീര്‍ ചക്ര മേജര്‍ ഷെയ്താന്‍ സിംഗ് ഭാട്ടി. കവി പ്രദീപിനെ ഈ പാട്ടെഴുതാന്‍ പ്രേരിപ്പിച്ചത് ഷെയ്താന്‍ സിംഗ് ഭാട്ടിയുടെ ധീരമായ പോരാട്ടമാണ്.

ഒരു കടലോരത്തുകൂടി നടന്നുപോകുമ്പോഴാണ് ഈ പാട്ടിന്റൈ വരികള്‍ കവി പ്രദീപിന്റെ ഹൃദയത്തിലേക്ക് കടന്നുവരുന്നത്. ആ വഴിവന്ന ഒരാളില്‍ നിന്ന് പേന വാങ്ങി, തന്റെ സിഗററ്റുകൂടിന്റെ പിറകിലാണ് പാട്ടിന്റെ പല്ലവി അദ്ദേഹം ആദ്യം എഴുതുന്നത്.

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് പ്രൊഡ്യൂസര്‍ മെഹ്ബൂബ് ഖാന്‍ കവി പ്രദീപിനെ സമീപിച്ച് യുദ്ധാനന്തര ഫണ്ട് റൈസര്‍ പരിപാടിക്ക് പാടാന്‍ ദേശഭക്തിഗാനം വേണമെന്ന് ആവശ്യപ്പെടുന്നത്. അങ്ങനെ അദ്ദേഹം ആ പല്ലവിയെ വികസിപ്പിച്ച് പാട്ട് പൂര്‍ണരൂപത്തില്‍ എഴുതിത്തീര്‍ത്തു. എന്നിട്ട് സംഗീത സംവിധായകന്‍ സി. രാമചന്ദ്രയെ അത് ചിട്ടപ്പെടുത്താനേല്‍പ്പിച്ചു. പാടാനായി ലതാ മങ്കേഷ്‌കറെയും ഏര്‍പ്പാടാക്കി. അഞ്ചുപതിറ്റാണ്ടുകാലത്തെ ഗാനരചനാ മേഖലയില്‍ കവി പ്രദീപ് 1700ല്‍ അധികം പാട്ടുകളെഴുതിയിട്ടുണ്ട്. എന്നാല്‍ ‘ഏ മേരെ വതന്‍ കെ ലോഗോം..’എന്ന ഈ പാട്ടാണ് അദ്ദേഹത്തെ അനശ്വരനാക്കിയത്.

Story Highlights: Jawaharlal Nehru Heard ‘Aye Mere Watan ke Logo’ For 1st Time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here