Advertisement

36 ഭാഷകളിലായി മുപ്പതിനായിരത്തിലധികം ഗാനങ്ങള്‍; മണ്‍മറയുന്നത് ‘ലതാജി’യെന്ന ഇതിഹാസം

February 6, 2022
Google News 3 minutes Read

36 ഭാഷകളിലായി മുപ്പതിനായിരത്തിലധികം ഗാനങ്ങള്‍. ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, ഭാരതരത്നം തുടങ്ങി മൂന്ന് ദേശീയ അവാര്‍ഡുകള്‍. ‘ലതാജി’ എന്ന് ഇന്ത്യന്‍ സിനിമാലോകം ആരാധനയോടെയും, ബഹുമാനത്തോടെയും, സ്നേഹത്തോടെയുമെല്ലാം വിളിച്ച ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ സ്വന്തമാക്കിയ നേട്ടങ്ങളുടെ പട്ടിക എത്ര എഴുതിയാലും തീരില്ല. ദഫ്‌ലി വാലെ, പ്യാര്‍ കിയാ തോ ഡര്‍ണ ക്യാ, ദില്‍ തോ പാഗല്‍ ഹെ, ലുക്കാ ചുപ്പി എന്നീ അതിമനോഹര ഗാനകളിലൂടെ ഇന്ത്യയുടെ സ്വന്തം ഗായികയായി മാറിയ ‘ലതാ ദീദി അക്ഷരാര്‍ത്ഥത്തില്‍ ഒരു പ്രതിഭാസം ആണ്.

കദളി ചെങ്കദളിയുമായി മലയാളത്തില്‍

മലയാളത്തിലും നെല്ല് എന്ന ചിത്രത്തില്‍ കദളി ചെങ്കദളി എന്ന് തുടങ്ങുന്ന പാട്ടിനായി വരികള്‍ ആലപിച്ചിട്ടുണ്ട.് ഇതിഹാസ ഗായിക വളരെ ചെറുപ്പത്തില്‍ തന്നെ കലയോട് അടുപ്പം പുലര്‍ത്തിയിരുന്ന ലതയുടെ സംഗീതത്തിലുള്ള അഭിരുചി കണ്ടെത്തുന്നത് അച്ഛനും നാടകപ്രവര്‍ത്തകനുമായ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്‌ക്കറാണ്. ഗായകന്‍ കൂടിയായ അദ്ദേഹം തന്റെ മകളുടെ പാടാനുള്ള കഴിവുകള്‍ തിരിച്ചറിഞ്ഞ് അവളെ അവളുടെ അഞ്ചാം വയസില്‍ തന്റെ നാടക ട്രൂപ്പിലെ നടിയാക്കി. പാടി അഭിനയിക്കേണ്ട റോളുകളായിരുന്നു അന്നത്തെ നടീനടന്മാര്‍ കൈകാര്യം ചെയ്തിരുന്നത്. വീട്ടില്‍ത്തന്നെ ഒരു മികച്ച ഗായിക ഉണ്ടായിരുന്നിട്ടും താന്‍ എന്തുകൊണ്ട് തിരിച്ചറിഞ്ഞില്ല എന്നെതിനെച്ചൊല്ലി തന്റെ അച്ഛന്‍ അത്ഭുതപെട്ടതായി ലതാജി ഓര്‍ത്തെടുക്കുന്നുണ്ട്.

ഹേമയില്‍ നിന്ന് ലതയിലേക്ക്

തുടക്കത്തില്‍ ഹേമ എന്നായിരുന്ന കുട്ടി ഗായികയുടെ പേര്. തന്റെ ഒരു നാടകത്തിലെ കഥാപാത്രത്തോടുള്ള ഇഷ്ടം കാരണം അവരുടെ അച്ഛന്‍ തന്നെ ആ പേര് മാറ്റുകയായിരുന്നു. ‘ഭാവ് ബന്ധന്‍’ എന്ന നാടകത്തിലെ ലതിക എന്ന കഥാപാത്രത്തിന്റെ പേരായിരുന്നു ആ അച്ഛന്‍ തന്റെ മകള്‍ക്കിട്ടത്. 1942ല്‍ ആണ് ‘കിതി ഹസാല്‍’ എന്ന മറാത്തി സിനിമയ്ക്കായി ലത റെക്കോര്‍ഡിങ് സ്റ്റുഡിയോവില്‍ ഒരു ഗാനം ആലപിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ആ ഗാനം പുറത്തിറങ്ങിയില്ല. പിന്നീട് 1942 മുതല്‍ 48 വരെ നിരവധി ചിത്രങ്ങളിലൂടെ ലതാ മങ്കേഷ്‌കര്‍ നടിയായും രംഗത്തെത്തി.

ബഹുമതിയിലേക്കെത്തിച്ച ‘ആജ് ദേ പര്‍ദേസി’

1958ല്‍ മധുമതി എന്ന ചിത്രത്തില്‍ ലത ആലപിച്ച ‘ആജ് ദേ പര്‍ദേസി’ എന്ന ഗാനത്തിന് ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചതോടെയാണ് ഈ ഗായിക പ്രശസ്തിയിലേക്ക് ചുവടുവയ്ക്കാന്‍ ആരംഭിച്ചത്. പിന്നീട് ജയാ ബച്ചനും സഞ്ജീവ് കുമാറും ഒന്നിച്ചഭിനയിച്ച ‘പരിചയ്’ എന്ന ഹിന്ദി ചിത്രത്തിലെ ‘ബീട്ടി നാ ബിട്ടായി രെഹ്നാ’ എന്ന ഗാനത്തിലൂടെ ദേശീയ അവാര്‍ഡും ആദ്യമായി ലതാജിയെ തേടിയെത്തി. സംഗീതവും, അഭിനയവും മാത്രമല്ല, നിര്‍മാണവും തനിക്ക് വഴങ്ങുമെന്ന് ലത തെളിയിച്ചത് 1990ലാണ്. പ്രശസ്ത ഗാനരചയിതാവായ ഗുല്‍സാര്‍ സംവിധാനം ചെയ്ത ‘ലേക്കിന്‍’ എന്ന ചിത്രമാണ് അവര്‍ അന്ന് നിര്‍മിച്ചത്. അതുമാത്രമല്ല, ഈ ചിത്രത്തില്‍ ലതാജി ആലപിച്ച ‘യാരാ സീലി സീലി’ എന്ന ഗാനം അവര്‍ക്ക് അവരുടെ അടുത്ത ദേശീയ അവാര്‍ഡും നേടിക്കൊടുത്തു. 1974ല്‍ ലോകത്തിലെതന്നെ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ച ഗായിക എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ബഹുമതി ലതാ ദീദിയെ തേടിയെത്തിയിരുന്നു.

Story Highlights: lata mangeshkar life story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here