ഒവൈസിയോട് ഇസഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കണെമന്ന് ആവശ്യപ്പെട്ട് അമിത് ഷാ

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ലോക്സഭാ എംപി അസദുദ്ദീന്‍ ഒവൈസിയുടെ കാറിന് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ പാര്‍ലമെന്റില്‍ മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്രസര്‍ക്കാരിന്റെ ഇസഡ് കാറ്റഗറി സുരക്ഷ വാഗ്ദാനം സ്വീകരിക്കണമെന്ന് അമതി ഷാ ഒവൈസിയോട് ആവശ്യപ്പെട്ടു. ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷ സ്വീകരിക്കണമെന്ന് പാര്‍ലമെന്റ് അംഗങ്ങളുടെ പേരില്‍ അഭ്യര്‍ഥിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു.
മുന്‍പ് നടന്നിട്ടുള്ള സംഭവങ്ങളെല്ലാം കേന്ദ്ര ഏജന്‍സികള്‍ വിശദമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒവൈസിക്ക് സുരക്ഷ നല്‍കാന്‍ തീരുമാനിച്ചതെന്ന് അമിത് ഷാ പറഞ്ഞു. ബുള്ളറ്റ് പ്രൂഫ് വാഹനവും ഇസഡ് കാറ്റഗറി സുരക്ഷയും ഒവൈസിക്ക് നല്‍കണമെന്നാണ് കേന്ദ്ര ഏജന്‍സികളുടെ നിര്‍ദ്ദേശം. ഒവൈസിയുടെ വാഹനത്തിന്റെ താഴ്ഭാഗത്താണ് വെടിയേറ്റതെന്നും സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നുവരികയാണെന്നും അമിത് ഷാ പാര്‍ലമെന്റില്‍ മറുപടി പറഞ്ഞു.
തനിക്ക് മരണത്തെ ഭയമില്ലെന്നും തന്നെ എ കാറ്റഗറി പൗരനായി കണ്ടാല്‍ മാത്രം മതിയെന്നും വിശദീകരിച്ചാണ് മുന്‍പ് ഒവൈസി ഇസഡ് കാറ്റഗറി സുരക്ഷ നിരസിച്ചത്. ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. നോയിഡ സ്വദേശി സച്ചിന്‍, സഹരാന്‍പൂര്‍ സ്വദേശി ശുഭം എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കൊലപാതകമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ‘ഹിന്ദു വിരുദ്ധ’ പരാമര്‍ശങ്ങളിലും രാമജന്മ ഭൂമിയേക്കുറിച്ചും ഒവൈസി നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ രണ്ട് പ്രതികളും അസ്വസ്ഥരായിരുന്നുവെന്നും, ഈ സാഹചര്യത്തിലാണ് ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുതിര്‍ത്തതെന്നും യുപി എഡിജി (ലോ ആന്‍ഡ് ഓര്‍ഡര്‍) പ്രശാന്ത കുമാര്‍ പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ പരസ്പരം പരിചയമുള്ളതായി വ്യക്തമായി. പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പൊലീസ് പറഞ്ഞു.
വെടിവെക്കാന്‍ ഉപയോഗിച്ച 9 എംഎം പിസ്റ്റള്‍ പ്രതികളില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും പൊലീസ് അറിയിച്ചു. വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ ഒവൈസിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. മീററ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വ്യാഴാഴ്ച വൈകിട്ട് ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രതികള്‍ ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുര്‍തിര്‍ത്തത്.
Story Highlights: amit shah in parliament ask owaisi to accept z category security
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here