അഹ്മദാബാദ് ഫ്രാഞ്ചൈസിയുടെ പേര് ‘അഹ്മദാബാദ് ടൈറ്റാൻസ്’ എന്ന് റിപ്പോർട്ട്

ഐപിഎലിലെ പുതിയ രണ്ട് ഫ്രാഞ്ചൈസികളിൽ ഒന്നായ അഹ്മദാബാദ് ഫ്രാഞ്ചൈസിയുടെ പേര് ‘അഹ്മദാബാദ് ടൈറ്റാൻസ്’ എന്ന് തീരുമാനിച്ചു എന്ന് റിപ്പോർട്ട്. മാധ്യമപ്രവർത്തകനായ സുഭ്യാൻ ചക്രവർത്തിയാണ് ഇക്കാര്യം അറിയിച്ച് ട്വീറ്റ് ചെയ്തത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഈ 12, 13 തീയതികളിൽ നടക്കുന്ന മെഗാലേലത്തിനു മുൻപ് ഫ്രാഞ്ചൈസിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. (ipl ahmedabad titans name)
ലക്നൗ സൂപ്പർ ജയൻ്റ്സ് എന്നാണ് ലക്നൗ ഫ്രാഞ്ചൈസിയുടെ ടീമിൻ്റെ പേര്. ഫ്രാഞ്ചൈസി ഉടമ ആർപിഎസ്ജി ഗ്രൂപ്പ് തലവൻ സഞ്ജീവ് ഗോയങ്കയാണ് ടീമിൻ്റെ പുതിയ പേര് പ്രഖ്യാപിച്ചത്. ടീമിൻ്റെ പേര് നിർദ്ദേശിക്കാനായി ആരാധകർക്കിടയിൽ ഫ്രാഞ്ചൈസി ക്യാമ്പയിൻ നടത്തിയിരുന്നു.
Read Also : ‘ലക്നൗ സൂപ്പർ ജയന്റ്സ്’; ലക്നൗ ഫ്രാഞ്ചൈസിയുടെ പേര് തീരുമാനിച്ചു
മെഗാ ലേലത്തിനുള്ള ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടത് 590 താരങ്ങളാണ്. മലയാളി താരം എസ് ശ്രീശാന്തും ഷോർട്ട് ലിസ്റ്റിൽ ഇടം നേടി. ഈ താരങ്ങളെല്ലാം ലേലത്തിൽ ഉണ്ടാവും. 10 മാർക്കീ താരങ്ങളാണ് ഷോർട്ട് ലിസ്റ്റിൽ ഉള്ളത്. ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ 2 കോടിയിൽ 48 താരങ്ങൾ ഉൾപ്പെട്ടു. ഈ മാസം 12, 13 തീയതികളിൽ ബെംഗളൂരുവിൽ വച്ചാണ് മെഗാ ലേലം. ഇക്കൊല്ലം മുതൽ പുതിയ രണ്ട് ടീമുകൾ അടക്കം 10 ടീമുകളാണ് ഐപിഎലിൽ മത്സരിക്കുക.
370 ഇന്ത്യൻ താരങ്ങളും 220 വിദേശ താരങ്ങളുമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഒന്നരക്കോടി അടിസ്ഥാന വിലയുള്ള 20 താരങ്ങളും ഒരു കോടി അടിസ്ഥാന വിലയുള്ള 34 താരങ്ങളും പട്ടികയിലുണ്ട്. ആർ അശ്വിൻ, പാറ്റ് കമ്മിൻസ്, ക്വിൻ്റൺ ഡികോക്ക്, ട്രെൻ്റ് ബോൾട്ട്, ശിഖർ ധവാൻ, ഫാഫ് ഡുപ്ലെസി, ശ്രേയാസ് അയ്യർ, കഗീസോ റബാഡ, മുഹമ്മദ് ഷമി, ഡേവിഡ് വാർണർ എന്നിവർ മാർക്കീ താരങ്ങളാണ്.
ശ്രീശാന്ത് അടക്കം 13 കേരള താരങ്ങളും ഷോർട്ട് ലിസ്റ്റിലുണ്ട്. മുഹമ്മദ് അസ്‌ഹറുദ്ദീൻ, റോബിൻ ഉത്തപ്പ, വിഷ്ണു വിനോദ്, കെഎം ആസിഫ്, ബേസിൽ തമ്പി, സച്ചിൻ ബേബി, ജലജ് സക്സേന, എസ് മിധുൻ, രോഹൻ കുന്നുമ്മൽ, എം നിധീഷ്, ഷോൺ റോജർ, സിജോമോൻ ജോസഫ് എന്നീ കേരള താരങ്ങളാണ് ഷോർട്ട് ലിസ്റ്റിൽ ഉള്ളത്.
Story Highlights: ipl ahmedabad titans name
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here