‘ലക്നൗ സൂപ്പർ ജയന്റ്സ്’; ലക്നൗ ഫ്രാഞ്ചൈസിയുടെ പേര് തീരുമാനിച്ചു

വരുന്ന ഐപിഎൽ സീസണിലെ പുതിയ രണ്ട് ഫ്രാഞ്ചൈസികളിൽ ഒന്നായ ലക്നൗ ഫ്രാഞ്ചൈസിയുടെ പേര് തീരുമാനിച്ചു. ലക്നൗ സൂപ്പർ ജയൻ്റ്സ് എന്നാവും ടീമിൻ്റെ പേര്. ഫ്രാഞ്ചൈസി ഉടമ ആർപിഎസ്ജി ഗ്രൂപ്പ് തലവൻ സഞ്ജീവ് ഗോയങ്കയാണ് ടീമിൻ്റെ പുതിയ പേര് പ്രഖ്യാപിച്ചത്. ടീമിൻ്റെ പേര് നിർദ്ദേശിക്കാനായി ആരാധകർക്കിടയിൽ ഫ്രാഞ്ചൈസി ക്യാമ്പയിൻ നടത്തിയിരുന്നു. (IPL Lucknow Super Giants)
രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും കളിക്കാതിരുന്ന രണ്ട് സീസണുകളിൽ ആർപിഎസ്ജിക്ക് ടീം ഉണ്ടായിരുന്നു. റൈസിങ് പൂനെ സൂപ്പർ ജയൻ്റ്സ് എന്നായിരുന്നു ടീമിൻ്റെ പേര്. ഇതിനോട് സമാനതയുള്ള പേരാണ് പുതിയ ടീമിനും നൽകിയിരിക്കുന്നത്.
അതേസമയം, ഐപിഎലിൻ്റെ വരുന്ന സീസൺ മാർച്ച് അവസാന വാരം ആരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം അറിയിച്ചത്. മെയ് മാസത്തിൽ സീസൺ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ വച്ച് തന്നെ ടൂർണമെൻ്റ് നടത്താനാണ് ശ്രമം എന്നും ഫ്രാഞ്ചൈസികൾ ഈ ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ടെന്നും ജയ് ഷാ കൂട്ടിച്ചേർത്തു.
Read Also : ഐപിഎൽ മാർച്ച് അവസാന വാരം ആരംഭിക്കും; ബിസിസിഐ
“ഇന്ത്യൻ പ്രീമിയർ ലീഗ് 15ാം സീസൺ മാർച്ച് അവസാന ആഴ്ചയോടെ ആരംഭിക്കുമെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. മെയ് മാസത്തിൽ ടൂർണമെന്റ് അവസാനിക്കും. ഇന്ത്യയിൽ വെച്ചുതന്നെ മത്സരങ്ങൾ നടത്താൻ ടീം ഉടമകൾ അഭ്യർത്ഥിച്ചിട്ടുണ്ട്. അതിനു വേണ്ട എല്ലാ ശ്രമങ്ങളും ബിസിസിഐ നടത്തും. ഇത്തവണ പുതിയ രണ്ട് ടീമുകൾ കൂടി ഐപിഎല്ലിൽ എത്തുന്നുണ്ട്.”- ജയ് ഷാ പറഞ്ഞു.
ഇന്ത്യയിൽ തന്നെ ഐപിഎൽ 15ാം സീസൺ നടത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പലതവണ പറഞ്ഞെങ്കിലും കൊവിഡ് സാഹചര്യത്തിൽ അന്തിമ തീരുമാനം അനിശ്ചിതത്തിലായിരുന്നു. ഇന്ത്യയെ കൂടാതെ ദക്ഷിണഫ്രിക്ക, ശ്രീലങ്ക എന്നീ വേദികളാണ് ബാക്കപ്പ് ഓപ്ഷനുകളായി ബിസിസിഐ പരിഗണിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഇന്ത്യയിൽ തന്നെ ഐപിഎൽ നടക്കുമെന്നാണ് സൂചന. മുംബൈയിലെ വാംഖഡെ, ഡിവൈ പാട്ടീൽ, ബ്രാബോൺ എന്നീ മൂന്ന് സ്റ്റേഡിയങ്ങളിൽ വച്ചാവും മത്സരങ്ങൾ നടക്കുക എന്നും കാണികളെ പ്രവേശിപ്പിക്കില്ല എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത മാസത്തോടെ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് വന്നേക്കും.
Story Highlights : Lucknow IPL team Super Giants
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here