കരസേനാ സംഘം മലമ്പുഴയിലെത്തി; രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നത് മലയാളി സൈനികൻ

മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനായി രക്ഷാപ്രവർത്തനം രാത്രിയിലും തുടരും. വെല്ലിംഗ്ടണിൽ നിന്നുള്ള കരസേനാ ദൗത്യസംഘം മലമ്പുഴയിലെത്തി. രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നത് മലയാളിയായ ലഫ്.കേണൽ ഹേമന്ദ് രാജാണ്. വാളയാർ മുതൽ മലമ്പുഴ വരെയുള്ള യാത്ര വേഗത്തിലാക്കാൻ പൊലീസ് ക്രമീകരണം ഒരുക്കിയിരുന്നു. ( army reached malampuzha )
ചെറാട് എൻഡിആർഎഫ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കേരളാ പൊലീസിന്റെ ഹൈ ഓൾട്ടിട്യൂഡ് റെസ്‌ക്യൂ ടീം മലമ്പുഴയിലേക്ക് തിരിച്ചിട്ടുണ്ട്. പ്രത്യേക നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ടീം രക്ഷാപ്രവർത്തിൽ പങ്കെടുക്കുന്നത്.
രക്ഷാപ്രവർത്തനത്തിനായി പത്ത് പേരടങ്ങുന്ന ആർമി സംഘമാണ് മലമ്പുഴയിലേക്ക് പുറപ്പെട്ടിട്ടുള്ളത്. പർവതാരോഹണ രക്ഷാപ്രവർത്തനത്തിലെ വിദഗ്ധരാണ് ആർമി ദൗത്യസംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
Read Also : രക്ഷാദൗത്യത്തിന് പാരാ കമാൻഡോ സംഘവും
കാർഗിൽ ഓപറേഷൻ, ഉത്തരാഖണ്ഡ് ദൗത്യം എന്നിവയിൽ പങ്കെടുത്തവരാണ് മലമ്പുഴയിലേക്ക് തിരിച്ചിരിക്കുന്നത്. ഇന്ന് രാത്രി തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് സംഘം യാത്ര തിരിച്ചിരിക്കുന്നത്. പ്രദേശത്തെ കുറിച്ചുള്ള വിവരങ്ങളെല്ലാം സംഘം ശേഖരിച്ചുകഴിഞ്ഞു.
പത്ത് പേരുള്ള രക്ഷാസംഘത്തിൽ ക്ലൈംബിംഗ് വിദഗ്ധരായ നാല് പേരുണ്ട്. യുദ്ധ സമയത്തുള്ള രക്ഷാപ്രവർത്തനം ഉൾപ്പെടെ നടത്തിയ സംഘമാണ് നിലവിൽ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിന്റെ രക്ഷയ്ക്കായി എത്തുന്നത്. അതുകൊണ്ട് തന്നെ ഇന്ന് രാത്രി തന്നെ ബാബുവിനെ രക്ഷപ്പെടുത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും അധികൃതരും.
ഇന്നലെയാണ് ചെറാട് സ്വദേശിയായ ബാബു ട്രക്കിംഗിനിടെ മലയിടുക്കിൽ കുടുങ്ങിയത്. മലയിൽ യുവാവ് കുടുങ്ങിയിട്ട് 33 മണിക്കൂർ പിന്നിട്ടു.
മലയിൽ കുടുങ്ങിയ ബാബുവിന് ഭക്ഷണവും വെള്ളവും എത്തിച്ച് നൽകുന്നതിനാണ് പ്രഥമ പരിഗണന. ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് ബാബു കുടുങ്ങിയത്. യുവാവിനെ ഹെലികോപ്ടർ ഉപയോഗിച്ച് താഴെയിറക്കാൻ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ മലയിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റ് മൂലം യുവാവിന് അരികിലേക്ക് എത്താനോ നിയന്ത്രിച്ചുനിർത്താനോ സാധിച്ചില്ല. ഇതേ തുടർന്ന് ഹെലികോപ്റ്റർ കഞ്ചിക്കോട്ടേക്ക് തിരിച്ചു പോയി.
Story Highlights: army reached malampuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here