Advertisement

വെള്ളവും ഭക്ഷണവുമില്ലാതെ 33 മണിക്കൂർ; രക്ഷകരെ കാത്ത് ബാബു

February 8, 2022
Google News 2 minutes Read
babu survived 33 hours without food water

ചെറാട് സ്വദേശി ബാബു മലമ്പുഴയിലെ ചെങ്കുത്തായ കൂർമ്പാച്ചി മലയിൽ കുടുങ്ങിയിട്ട് 33 മണിക്കൂർ പിന്നിടുന്നു. ഇന്നലെയാണ് ബാബു ട്രക്കിംഗിനിടെ മലയിടുക്കിലേക്ക് കാൽ വഴുതി വീഴുന്നത്. ബാബു തന്നെയാണ് ചിത്രങ്ങളെടുത്ത് വീട്ടുകാർക്കും സുഹൃത്തുക്കൾക്കും അയച്ച് അപകടത്തെ കുറിച്ച് പുറംലോകത്തെ അറിയിക്കുന്നത്. എത്രയും പെട്ടെന്ന് ഭക്ഷണവും വെള്ളവും എത്തിക്കണമെന്നായിരുന്നു ബാബുവിന്റെ ആവശ്യം. ( babu survived 33 hours without food water )

വർഷത്തിലൊരിക്കൽ മാത്രമേ മലയിലേക്ക് പ്രദേശത്തുള്ളവർ പോലും പോകാറുള്ളു. വിശേഷപ്പെട്ട പൂജയ്ക്ക് മാത്രമാണ് പ്രദേശവാസികൾ മലകയറുന്നത്. എന്നാൽ നാട്ടുകാർ പോകുന്ന പാതയിലൂടെയല്ല ബാബുവും സുഹൃത്തുക്കളും മലകയറിയത്. മറിച്ച് ദുർഘടമായ വനപാതയിലൂടെയാണ് ബാബു മലകയറിയത്. മലയുടെ മുകളിലേക്ക് കയറുന്നതിനിടെയാണ് ബാബു കാൽവഴുതി മലയിടുക്കിൽ കുടുങ്ങിയത്.

രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് ഉൾപ്പെടെയുള്ള സംഘമെത്തിയെങ്കിലും രക്ഷാപ്രവർത്തനം സാധിച്ചില്ല. ഹെലികോപ്റ്ററിൽ ബാബുവിനെ രക്ഷപ്പെടുത്താനുള്ള നീക്കവും പരാജയപ്പെട്ടു. ചെങ്കുത്തായ മലയുടെ സ്വഭാവവും മുകളിലത്തെ കാറ്റിന്റെ ഗതിയും മൂലമാണ് ഹെലികോപ്റ്റർ ദൗത്യം പരാജയപ്പെട്ടതെന്ന് പ്രതിരോധ വക്താവ് അതുൽ പിള്ള ട്വന്റിഫോറിനോട് പറഞ്ഞു. ഏത് നിമിഷവും കാലാവസ്ഥാ വ്യതിയാനം ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രദേശംകൂടിയാണിതെന്നത് ആശങ്ക വർധിപ്പിക്കുന്നു.

babu survived 33 hours without food water

മകന് എങ്ങനെയെങ്കിലും ഭക്ഷണവും വെള്ളവും എത്തിക്കണമെന്നാണ് ബാബുവിന്റെ മാതാവിന്റേയും ആവശ്യം. ‘രാവിലെ പത്രവിതരണത്തിന് പോയ ശേഷം ഉച്ചയ്ക്ക് 2 മണിക്കാണ് അവൻ മലയിൽ പോയിട്ടുണ്ടെന്ന് മനസിലാകുന്നത്. മൂന്ന് മണിക്കാണ് അറിഞ്ഞത് അവിടെ കുടുങ്ങിപ്പോയിട്ടുണ്ടെന്ന്. അവനെ രക്ഷിക്കാനായി രാത്രി എല്ലാവരും മലയിലേക്ക് കയറിയെങ്കിലും ഫലമുണ്ടായില്ല. എങ്ങനെയെങ്കിലും അവൻ തിരിച്ചെത്തണമെന്നത് മാത്രമാണ് പ്രാർത്ഥന. സർക്കാർ സംവിധാനങ്ങളിൽ വിശ്വാസമാണ് ‘. മാതാവ് അറിയിച്ചു.

22 വയസുള്ള ചെറുപ്പക്കാരൻ മലയിടുക്കിൽ പെട്ടുപോയിട്ടും വെള്ളം പോലും എത്തിക്കാനാവാത്തത് നിരാശാജനകമാണെന്ന് ബാബുവിന്റെ ബന്ധു പ്രതികരിച്ചു. ‘അവന്റെ കാലും കൈയും ഒടിഞ്ഞിട്ടുണ്ട്. രക്തം പോവുന്നുണ്ട്. കാഴ്ച്ചക്കാർ കൂടി നിൽക്കുന്നതൊഴിച്ചാൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല. രാത്രിയായാൽ രക്ഷാപ്രവർത്തനം നടത്താൻ കഴിയുമോയെന്ന് ആശങ്കയുണ്ട്’. അദ്ദേഹം പറഞ്ഞു.

Read Also : മകന് ഭക്ഷണമെങ്കിലും എത്തിക്കണം, ആശങ്കയോടെ ബാബുവിന്റെ അമ്മ

ബാബുവിനെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രി കരസേനയുടെ സഹായഭ്യർത്ഥിച്ചു. തുടർന്ന് വെല്ലിംഗ്ടണിൽ നിന്നുള്ള കരസേനാ ദൗത്യസംഘം മലമ്പുഴയിലെത്തി. രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നത് മലയാളിയായ ലഫ്.കേണൽ ഹേമന്ദ് രാജാണ്. വാളയാർ മുതൽ മലമ്പുഴ വരെയുള്ള യാത്ര വേഗത്തിലാക്കാൻ പൊലീസ് ക്രമീകരണം ഒരുക്കിയിരുന്നു.

ചെറാട് എൻഡിആർഎഫ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കേരളാ പൊലീസിന്റെ ഹൈ ഓൾട്ടിട്യൂഡ് റെസ്‌ക്യൂ ടീം മലമ്പുഴയിലേക്ക് തിരിച്ചിട്ടുണ്ട്. പ്രത്യേക നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ടീം രക്ഷാപ്രവർത്തിൽ പങ്കെടുക്കുന്നത്.

രക്ഷാപ്രവർത്തനത്തിനായി പത്ത് പേരടങ്ങുന്ന ആർമി സംഘമാണ് മലമ്പുഴയിലേക്ക് പുറപ്പെട്ടിട്ടുള്ളത്. പർവതാരോഹണ രക്ഷാപ്രവർത്തനത്തിലെ വിദഗ്ധരാണ് ആർമി ദൗത്യസംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. കാർഗിൽ ഓപറേഷൻ, ഉത്തരാഖണ്ഡ് ദൗത്യം എന്നിവയിൽ പങ്കെടുത്തവരാണ് മലമ്പുഴയിലേക്ക് തിരിച്ചിരിക്കുന്നത്. ഇന്ന് രാത്രി തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് സംഘം യാത്ര തിരിച്ചിരിക്കുന്നത്. പ്രദേശത്തെ കുറിച്ചുള്ള വിവരങ്ങളെല്ലാം സംഘം ശേഖരിച്ചുകഴിഞ്ഞു.

പത്ത് പേരുള്ള രക്ഷാസംഘത്തിൽ ക്ലൈംബിംഗ് വിദഗ്ധരായ നാല് പേരുണ്ട്. യുദ്ധ സമയത്തുള്ള രക്ഷാപ്രവർത്തനം ഉൾപ്പെടെ നടത്തിയ സംഘമാണ് നിലവിൽ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിന്റെ രക്ഷയ്ക്കായി എത്തുന്നത്. അതുകൊണ്ട് തന്നെ ഇന്ന് രാത്രി തന്നെ ബാബുവിനെ രക്ഷപ്പെടുത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും അധികൃതരും.

Story Highlights: babu survived 33 hours without food water

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here