ലോകായുക്ത ഓർഡിനൻസ്; സർക്കാരിന് തലവേദനയായി സിപിഐയുടെ എതിർപ്പ്

ഗവർണർ ഒപ്പിട്ട് നിയമമായെങ്കിലും ലോകായുക്ത നിയമഭേദഗതിയിൽ തർക്കങ്ങൾ ഉടൻ അവസാനിക്കില്ല. വിഷയത്തിൽ സിപിഐയുടെ പരസ്യ എതിർപ്പ് സർക്കാരിന് തലവേദനയാകും. പ്രധാനപ്പെട്ട നിയമഭേദഗതി കൊണ്ടു വന്നപ്പോൾ പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യാത്തതിൽ കടുത്ത നീരസത്തിലാണ് സി പി ഐ. ഓർഡിനൻസ് നിയമസഭയിൽ വരുമ്പോൾ നിലവിലെ സാഹചര്യത്തിൽ സി പി ഐ എതിർപ്പ് പ്രകടിപ്പിക്കുമോയെന്ന ആശങ്ക സിപിഐഎമ്മിനുണ്ട്. അത്തരം ഒരു സാഹചര്യം ഒഴിവാക്കാൻ സിപിഐയുമായി വൈകാതെ സി പി ഐ എം നേതൃത്വം അനുനയ ചർച്ചകൾ നടത്തുമെന്നാണ് സൂചന.
അതേസമയം ഓർഡിനൻസിനെതിരെ കോടതിയെ സമീപിക്കാനുള്ള പ്രതിപക്ഷ നീക്കവും സർക്കാരിന് വെല്ലുവിളയാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ ഭാവി പരിപാടികളും സർക്കാർ ഉറ്റുനോക്കുകയാണ്. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് അധികാര ദുർവിനിയോഗമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. കേരളം കണ്ട ഏകാധിപതിയാണെന്ന് മുഖ്യമന്ത്രി തെളിയിച്ചു. അഴിമതിക്കെതിരായ അവസാന വാതിലും കെട്ടിയടയ്ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചതിന് പിന്നാലെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
Read Also : ലോകായുക്ത ഓര്‍ഡിനന്‍സ് പുറത്തിറങ്ങി
ലോകായുക്ത ഓർഡിനൻസിനുള്ള അംഗീകാരം അഴിമതിയ്ക്കുള്ള പച്ചക്കൊടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും അഭിപ്രായപ്പെട്ടിരുന്നു. ലോകായുക്ത കുരയ്ക്കുകയേ ഉള്ളൂ, കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു വരുത്തി. സർക്കാരും ഗവർണറും തമ്മിൽ നടന്നത് കൊടുക്കൽ വാങ്ങൽ. ഗവർണർ സർക്കാരിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കുടപിടിച്ചു. പ്രതിപക്ഷം നിയമപരമായി മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ പറഞ്ഞു.
ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവർണർ അംഗീകാരം നൽകിയത്. ഇതോടെ പൊതുപ്രവർത്തകർക്കെതിരായ ലോകായുക്ത വിധി ഇനി സർക്കാരിന് തളളാം. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. ഭരണകക്ഷിയിൽ ഉൾപ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിർ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ഗവർണറുടെ തീരുമാനം.ഇത് സർക്കാരിന് വലിയ ആശ്വാസം നൽകുന്ന നടപടി ആണ്.
Story Highlights: CPI against lokayukta ordinance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here