ഹ്യുണ്ടായ് വിവാദം: ഖേദം പ്രകടിപ്പിച്ച് ദക്ഷിണ കൊറിയന്‍ വിദേശകാര്യമന്ത്രി

കശ്മീരുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിലെ ഹ്യുണ്ടായ് ഡീലര്‍ നടത്തിയ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ ഖേദം പ്രകടിപ്പിച്ച് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മാതാവായ ഹ്യുണ്ടായ് ഇന്ത്യക്കെതിരായ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൊറിയന്‍ വിദേശകാര്യ മന്ത്രി ചുങ് ഇയു-യോങ് നടത്തിയ സംഭാഷണത്തിനിടെയായിരുന്നു ഖേദ പ്രകടനം.
പാക്കിസ്ഥാന്‍ ഹ്യുണ്ടായിയുടെ വിവാദ ട്വീറ്റ് മൂലം ഇന്ത്യക്കാര്‍ക്ക് വേദനയുണ്ടായതില്‍ ഖേദിക്കുന്നുവെന്നാണ് ദക്ഷിണ കൊറിയ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിശദമായ ഒരു പ്രസ്താവനയിലൂടെയാണ് വ്യക്തമാക്കിയത്. ദക്ഷിണ കൊറിയയിലെ ഇന്ത്യന്‍ പ്രതിനിധി ഹ്യുണ്ടായ് ആസ്ഥാനത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി അഞ്ചാം തീയതി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാവായ ഹ്യുണ്ടായുടെ പാകിസ്ഥാന്‍ ഡീലര്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും ഒരു ട്വീറ്റ് പോസ്റ്റ് ചെയ്യുന്നതോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. ഫെബ്രുവരി അഞ്ച് കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനമായതിനാല്‍ അതുമായി ബന്ധപ്പെട്ടതായിരുന്നു ട്വീറ്റ്. കശ്മരീരി സഹോദരങ്ങളുടെ ത്യാഗങ്ങള്‍ സ്മരിക്കുന്നുവെന്നും കശ്മീരിന്റെ സ്വാതന്ത്ര്യത്തിനെ പിന്തുണയ്ക്കുന്നുവെന്നും സൂചിപ്പിച്ചാണ് ഹ്യുണ്ടായ് ട്വീറ്റ് ചെയ്തത്.
ഹ്യുണ്ടായുടെ ട്വീറ്റ് വിഘടനവാദത്തെ പിന്തുണയ്ക്കുന്നതാണെന്ന വിമര്‍ശനം ഇന്ത്യക്കാരായ ട്വിറ്റര്‍ ഉപയോക്താക്കള്‍ വ്യാപകമായി ഉന്നയിച്ച് തുടങ്ങിയതോടെ ട്വീറ്റ് വലിയ ചര്‍ച്ചയായി. വിവാദം കൊഴുത്തതോടെ ഇന്ത്യക്കാര്‍ ഹ്യുണ്ടായ് വാഹനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ചില പ്രൊഫൈലുകള്‍ രംഗത്തെത്തി. സമാന അഭിപ്രായമുള്ള ചിലര്‍ ഇത് ഏറ്റെടുത്ത് പ്രചരിപ്പിച്ചതോടെ ബോയ്കോട്ട് ഹ്യുണ്ടായ് എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആകുകയായിരുന്നു. തുടര്‍ന്ന് വിവാദങ്ങള്‍ കനത്തപ്പോള്‍ ഹ്യുണ്ടായ് ഔദ്യോഗിക പ്രൊഫൈലില്‍ നിന്നും ട്വീറ്റ് നീക്കം ചെയ്തിരുന്നു.
Story Highlights: south korea reaction amid hyundai row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here