രണ്ടാം ഏകദിനം: ഇന്ത്യ ബാറ്റ് ചെയ്യും; ലോകേഷ് രാഹുൽ ടീമിൽ

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റമുണ്ട്. ലോകേഷ് രാഹുൽ ഇന്ത്യൻ ടീമിൽ തിരികെയെത്തി. ഇഷൻ കിഷനു പകരമാണ് രാഹുൽ എത്തിയത്. അതുകൊണ്ട് തന്നെ രാഹുൽ രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. വിൻഡീസ് നിരയിൽ ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ് ഇന്ന് കളിക്കില്ല. പരുക്കേറ്റ പൊള്ളാർഡിനു പകരം ഒഡീൻ സ്മിത്ത് ടീമിലെത്തി. നികോളാസ് പൂരാൻ ആണ് ഇന്ന് വിൻഡീസിനെ നയിക്കുക.
ആദ്യ ഏകദിനത്തിൽ ഇന്ത്യ 6 വിക്കറ്റിനാണ് വിൻഡീസിനെ തുരത്തിയത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 176 റൺസിന് ഓൾഔട്ടായപ്പോൾ ഇന്ത്യൻ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 28 ഓവറിൽ വിജയലക്ഷ്യം മറികടന്നു. 60 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യൻ ഇന്നിംഗ്സിനെ നയിച്ചത്. സൂര്യകുമാർ യാദവ് 34 റൺസെടുത്ത് പുറത്താവാതെ നിന്നു.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 43.5 ഓവറിൽ 176 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 57 റൺസെടുത്ത ജേസൻ ഹോൾഡർ ആണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. വിൻഡീസ് നിരയിൽ മൂന്ന് താരങ്ങൾക്കൊഴികെ മറ്റെല്ലാവർക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും ആർക്കും അത് മുതലെടുക്കാനായില്ല. ഇന്ത്യക്കായി യുസ്‌വേന്ദ്ര ചഹാൽ നാലും വാഷിംഗ്ടൺ സുന്ദർ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights: india bat west indies odi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here