പാടി വിസ്മയിപ്പിച്ച പ്രതിഭയ്ക്കായി മ്യൂസിയമൊരുക്കി ആരാധകൻ; 7,600 പാട്ടുകളുടെ ഗ്രാമഫോൺ ശേഖരം…

സ്വരമാധുര്യത്തിന്റെ പകരംവെക്കാനില്ലാത്ത മറ്റൊരു പേരാണ് ലത മങ്കേഷ്ക്കർ എന്നത്. ഇന്ത്യയുടെ വാനമ്പാടിയായി ഒരു ജനതയെ മൊത്തം തന്റെ പാട്ടിന് കീഴ്പ്പെടുത്തിയ അത്ഭുത പ്രതിഭ. എങ്ങനെയൊക്കെ വിശേഷിപ്പിച്ചാലും ലതാജി എന്ന പ്രതിഭയ്ക്ക് മുന്നിൽ ആ വാക്കുകൾ ഒന്നും തികയാതെ വരും. ഇന്ത്യയ്ക്ക് അകത്ത് മാത്രമല്ല പുറത്തും ലതാജിയ്ക്ക് ആരാധകർ ഏറെയാണ്. വാനമ്പാടി ലതാ മങ്കേഷ്‌കറിന്റെ 7,600 ഗാനങ്ങളുടെ അപൂർവ ഗ്രാമഫോൺ ശേഖരവുമായി ഒരു മ്യൂസിയം. മധ്യപ്രദേശിലെ ഇൻഡോറിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. സുമൻ ചൗരസ്യ എന്ന സംഗീതപ്രേമിയാണ് 2008 ൽ പിഗ്ദാംബർ പ്രദേശത്ത് 1600 ചതുരശ്ര അടി വിസ്തീർണമുള്ള ഈ മ്യൂസിയം സ്ഥാപിച്ചത്. .
ലതാജിയുടെ കടുത്ത ആരാധകനായ സുമൻ അതീവ വേദനയോടെയാണ് ലതാജിയുടെ മരണ വാർത്ത ഉൾക്കൊണ്ടത്. ലതാ മങ്കേഷ്‌കറിന്റെ ഗാനങ്ങളുടെ 7,600 ഗ്രാമഫോൺ റെക്കോർഡുകൾ കൂടാതെ നിരവധിയേറെ പുസ്തകങ്ങളും ചിത്രങ്ങളുമെല്ലാം ഇവിടെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. 1965 മുതലാണ് താൻ ലതാജിയുടെ ഗാനങ്ങളുടെ ഗ്രാമഫോൺ റെക്കോർഡുകൾ സൂക്ഷിക്കാൻ തുടങ്ങിയത്. അത് ഇപ്പോൾ 7,600 ഗ്രാമഫോൺ റെക്കോർഡുകളുടെ ശേഖരമായി മാറി. ‘ലതാ ദീനനാഥ് മങ്കേഷ്‌കർ ഗ്രാമഫോൺ റെക്കോർഡ് മ്യൂസിയം’ തയ്യാറാക്കാൻ കഴിഞ്ഞതിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്നും സുമൻ ചൗരസ്യ പറഞ്ഞു .
32 ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലും നിരവധി ഉപഭാഷകളിലും ലതാജി പാടിയിട്ടുണ്ട്. ആ കൂട്ടത്തിലെ അപ്പൂർവമായ പല പാട്ടുകളും സുമൻ ചൗരസ്യയുടെ പക്കലുണ്ട്. അവസാനമായി 2019 ലാണ് സുമൻ ലതാജിയെ കണ്ടത്. പിന്നീട് കൊവിഡ് മഹാമാരി കാരണം കാണാൻ സാധിച്ചിട്ടില്ല. ഏറെ വിഷമത്തോടെയാണ് താൻ അടക്കമുള്ള ആരാധകർക്ക് ഈ വിടപറച്ചിൽ കേട്ടത് എന്നും സുമൻ പറഞ്ഞു.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗായകരിലൊരാളായ ലതാ മങ്കേഷ്‌കര്‍ മുപ്പത്തിയാറിൽ പരം ഭാഷകളില്‍ ഗാനങ്ങൾ ആലപിച്ചു. ആയിരത്തിലധികം ബോളിവുഡ് സിനിമകളിലും ലതാജി പാടിയിട്ടുണ്ട്. രാജ്യം 2001 ല്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം നല്‍കിയും ആദരിച്ചിട്ടുണ്ട്.
Story Highlights: Lata Mangeshkar’s Songs Preserved In 7,600 Gramophone Records By Private Museum In Indore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here