ബാബു കടന്നുപോയ നിസ്സഹായാവസ്ഥ; വീണ്ടും ചർച്ചയായി ‘127 അവേഴ്സ്’…

നീണ്ട മണിക്കൂറുകൾക്കൊടുവിൽ രണ്ട് രാത്രികൾക്കൊടുവിൽ ബാബുവിനെ രക്ഷപെടുത്തി. ഭക്ഷണവും വെള്ളവുമില്ലാതെ ഇരുപത്തിമൂന്ന് വയസുകാരൻ മലയിടുക്കില്‍ കുടുങ്ങിയത് 43 മണിക്കൂറാണ്. ബാബുവിനായുള്ള പ്രാർത്ഥനയ്ക്കും നീണ്ട ശ്രമത്തിനുമൊടുവിൽ യുവാവിന്റെ ജീവൻ രക്ഷപ്പെടുത്തിയ സന്തോഷത്തിലാണ് കേരളക്കര മുഴുവനും. ഈ സാഹചര്യത്തിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന സിനിമയാണ് ‘127 അവേഴ്സ്’ . ഡാനി ബോയിൽ സംവിധാനം ചെയ്ത ചിത്രത്തിലെ രംഗങ്ങളും കഥയും മലമ്പുഴ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിന്റെ നിസ്സഹായാവസ്ഥയെ ഓർമിപ്പിക്കുന്നതായിരുന്നു. 2010 ൽ പുറത്തിറങ്ങിയ ചിത്രം പാറകൾക്കിടയിൽ കൈ കുടുങ്ങി 5 ദിവസം മലഞ്ചെരുവിൽ കുടുങ്ങി കിടന്ന പരവതാരോഹകൻ ആരോൺ റാൽസ്റ്റന്റെ കഥയാണ് പറയുന്നത്. ഒടുവിൽ കൈ മുറിച്ച് മാറ്റി ആരോൺ രക്ഷപെടുന്നതും അതിനിടയ്ക്ക് നടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്.
സാഹസിക യാത്രകൾ ഇഷ്ടപെടുന്ന ആരോൺ വെക്കേഷൻ ചെലവഴിക്കാൻ മലയിടുക്കിലേക്ക് സാഹസിക യാത്ര നടത്താൻ തീരുമാനിക്കുന്നു. വലിയൊരു പാറക്കെട്ടുകൾക്ക് അരികിലൂടെ താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്ന ആരോണിന്റെ കൈ പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങുകയും മലഞ്ചെരുവിൽ കുടുങ്ങിപോകുകയുമാണ്. സഹായത്തിന് ആരും കൂടെ ഇല്ലാതിരുന്ന ആരോൺ രക്ഷയ്ക്കായി ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കരച്ചിലോ നിലവിളിയോ ആരും തന്നെ കേൾക്കുന്നില്ല. ഇത്രയും വലിയ ദുരന്തം അദ്ദേഹം എങ്ങനെ അതിജീവിക്കുന്നു എന്നതാണ് ചിത്രം ഒന്നര മണിക്കൂറ് കൊണ്ട് പറഞ്ഞുവെക്കുന്നത്. 127 മണിക്കൂര്‍ നീണ്ട അതിജീവത്തിന് ശേഷം തന്റെ കൈപ്പത്തി മുറിച്ചുകളഞ്ഞാണ് ആരോൺ അവിടെ നിന്ന് രക്ഷപ്പെടുന്നത്.
ജയിംസ് ഫ്രാങ്കോയാണ് ആരോൺ റാൽസ്റ്റനായി വേഷമിടുന്നത്. മികച്ച നടനും സിനിമയ്ക്കും ഉൾപ്പടെ ആറ് അക്കാദമി നോമിനേഷൻസ് ലഭിച്ചിരുന്ന ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോൾ ആ സിനിമ കേരളത്തിലും ചർച്ചയാകുകയാണ്. ഈ ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത് ത്രില്ലിംഗ് മാത്രമല്ല പ്രചോദനാത്മകമായ അനുഭവം കൂടിയാണ്. ഏത് വലിയ ദുരന്തങ്ങളെയും മനോധൈര്യം കൊണ്ടും പരിശ്രമം കൊണ്ടും അതിജീവിക്കാൻ സാധിക്കുമെന്ന് ചിത്രം കാണിച്ചു തരുന്നു. ആരോൺ എന്ന കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിക്കുന്നതിൽ ഫ്രാങ്കോയുടെ അഭിനയ മുഹൂർത്തങ്ങളും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സഹായത്തിനായും ഒരു തുള്ളി വെള്ളത്തിനായും അലറി വിളിക്കുന്നത് ആരോണിനെ മറക്കാൻ ചിത്രം കണ്ട പ്രേക്ഷകന് പെട്ടെന്നൊന്നും സാധിക്കില്ല.
ഈ സിനിമയിൽ ആരോൺ കടന്നുപോയതിന് സമാനമായ അവസ്ഥയിലൂടെയാണ് ബാബുവും കടന്നുപോയത്. മലമ്പുഴ കുറുമ്പാച്ചി മലയില്‍ കാല്‍വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയ ബാബു ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറുകളാണ് മലയിടുക്കിൽ കുടുങ്ങി കിടന്നത്. ബാബുവും സുഹൃത്തുക്കളായ മൂന്നു പേരും ചേർന്നാണു തിങ്കളാഴ്ച ഉച്ചയ്ക്കാണ് മലകയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ആദ്യ മണിക്കൂറിൽ ബാബുവിന് ഭക്ഷണവും വെള്ളവുമെത്തിക്കാനുള്ള ശ്രമമാണ് നടന്നതെങ്കിലും ആ ശ്രമം പരാജയപെടുകയായിരിന്നു. പിന്നീട് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബാബുവിനെ രക്ഷപെടുത്തിയത്.
Story Highlights: malampuzha babu rescue operation 127 hours movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here