Advertisement

സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടണം: കെ.സുരേന്ദ്രന്‍

February 9, 2022
2 minutes Read

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ നടത്തി മൂന്ന് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് സ്വര്‍ണക്കടത്തിനെ കുറിച്ച് എല്ലാമറിയാമെന്ന സ്വപ്നയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത് മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും എല്ലാം അറിയാം എന്നാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ സ്വര്‍ണക്കള്ളക്കടത്തിന് നേതൃത്വം നല്‍കിയത് സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നു എന്നതിന്റെ തെളിവാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ശിവശങ്കര്‍ നിരവധി തവണ ബാഗേജ് ക്ലിയര്‍ ചെയ്യാന്‍ ഇടപെട്ടു, ബാഗേജില്‍ സ്വര്‍ണമാണെന്ന് ശിവശങ്കറിന് അറിയാമായിരുന്നു, തന്നെ സംസ്ഥാനം വിടാന്‍ ശിവശങ്കര്‍ സഹായിച്ചു, വ്യാജ ശബ്ദരേഖയുണ്ടാക്കി എന്നീ പ്രധാനകാര്യങ്ങളാണ് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലുകള്‍ ഗൗരവമുള്ളതാണ്. കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണക്കടത്ത് അന്വേഷിച്ചപ്പോള്‍ അവര്‍ക്കെതിരേ ജുഡിഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ എന്തുകൊണ്ടാണ് സ്വന്തമായി അന്വേഷണം നടത്താത്തതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തശേഷം സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തണം. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പാലിക്കുന്ന മൗനത്തില്‍ ദുരൂഹതയുണ്ട്. തനിക്കും ഇതെല്ലാം അറിയാമായിരുന്നു എന്ന് സമ്മതിക്കലാണ് ഈ മൗനം.
ലോകായുക്ത വിഷയം പ്രതിപക്ഷം ലളിതവല്‍കരിക്കുകയാണ്. ഗവര്‍ണര്‍ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാന്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ സഹായം ആവശ്യമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. നിയമപരമായി നടക്കുന്ന ഒരു കാര്യമാണത്. ഇതിന്റെ പേരില്‍ ബിജെപിയും സിപിഎം സര്‍ക്കാരും തമ്മില്‍ ധാരണയുണ്ടാക്കി എന്ന് പ്രതിപക്ഷ നേതാവ് ആക്ഷേപിക്കുന്നത് വിവരക്കേടാണ്. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് പകരം ഗവര്‍ണറെ ആക്രമിക്കുകയാണ് വി.ഡി.സതീശന്‍ നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും പിണറായി വിജയന് രക്ഷാകവചം ഒരുക്കുകയാണ് പ്രതിപക്ഷ നേതാവ്. സ്വപ്‌നയുടെ വെളിപ്പെടുത്തലുണ്ടായപ്പോള്‍ സംസ്ഥാന സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെടാന്‍ പോലും അദ്ദേഹം തയ്യാറായില്ല. ലോകായുക്ത വിഷയം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Story Highlights: State govt should order probe into dream revelation: K Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top