‘മലയുടെ മുകളില്‍ കയറിയിട്ടേ തിരിച്ചുവരികയുള്ളൂവെന്ന് ബാബു പറഞ്ഞു’; ബാബുവിനൊപ്പം മല കയറിയ സുഹൃത്ത്

പാലക്കാട് മലമ്പുഴ ചേറാടില്‍ ബാബുവിനൊപ്പം മല കയറിയ സുഹൃത്ത് ട്വന്റിഫോറിനോട്. കുറുമ്പാച്ചിമല ഇതുവരെ കയറിയിട്ടില്ല. ആദ്യമായാണ് ബാബുവിനൊപ്പം മല കയറാന്‍ പോകുന്നത്. പക്ഷേ പകുതിയെത്തിയപ്പോള്‍ തന്നെ പേടിച്ച് മടങ്ങി. എന്നാല്‍ മലയുടെ മുകളില്‍ കയറിയിട്ടേ തിരിച്ചുവരൂ എന്ന് ബാബു പറഞ്ഞതായി സുഹൃത്ത് 24നോട് പറഞ്ഞു. മലയിടുക്കില്‍ അകപ്പെട്ടപ്പോള്‍ തന്നെ വിളിച്ച് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ബാബു നിര്‍ബന്ധിച്ചതുകൊണ്ടാണ് മല കയറിയതെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു.
അതേസമയം സംരക്ഷിത വനമേഖലയില്‍ അനുമതിയില്ലാതെ പ്രവേശിച്ചതിന് ബാബുവിനെതിരെ കേസെടുത്തേക്കില്ല. ബാബുവിന്റെ മൊഴി ഇന്ന് എടുക്കേണ്ടെന്നും ഉദ്യോഗസ്ഥര്‍ക്ക് വനംവകുപ്പ് നിര്‍ദേശം നല്‍കി. കേസ് എടുക്കാനുള്ള നീക്കത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിപ്പിച്ച വനംമന്ത്രി എ കെ ശശീന്ദ്രന്‍, വനം വകുപ്പ് സെക്രട്ടറിയോടും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോടും നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടു.
കേസ് എടുക്കുന്നതിന്റെ ഔചിത്യം ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യും. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷം ആയിരിക്കുമെന്നും വനം മന്ത്രി വ്യക്തമാക്കി. വനം വകുപ്പ് കേസെടുക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി ബാബുവിന്റെ മാതാവ് റഷീദ രംഗത്തെത്തി. ബാബുവിനെതിരെ കേസെടുക്കരുതെന്ന് അപേക്ഷിക്കുകയാണെന്ന് ഉമ്മ 24നോട് പറഞ്ഞു. മക്കള്‍ പണിക്ക് പോയാണ് വീട് നോക്കുന്നത്. കേസിന്റെ പുറകേ പോകാന്‍ കയ്യില്‍ പണമില്ല. പക്ഷേ മകന്‍ ചെയ്ത തെറ്റിനെ അംഗീകരിക്കില്ലെന്നും റഷീദ വ്യക്തമാക്കി.
Read Also : ബാബുവിനെ തേടിയെത്തുന്നത് പ്രളയത്തിൽ നമ്മുടെ കൈപിടിച്ച സൈനികൻ; ആരാണ് കേണൽ ഹേമന്ദ് രാജ്?
വനമേഖലയില്‍ അനുമതിയില്ലാതെ വനത്തില്‍ കയറിയതിനാണ് കേസെടുക്കുകയെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. മലയിലേക്ക് ആളുകള്‍ കയറാതിരിക്കാന്‍ വാച്ചര്‍മാരെ ഏര്‍പ്പെടുത്തും. അനുമതി വാങ്ങാതെ മലകയറുന്നതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വനംവകുപ്പ് വ്യക്തമാക്കി.സംസ്ഥാന വനം വകുപ്പ് നിയമം സെക്ഷന്‍ 27 പ്രകാരമാണ് കേസെടുക്കുയെന്ന് വനംവകുപ്പ് നേരത്തെ അറിയിച്ചിരുന്നു എന്നാല്‍ മന്ത്രിയുടെ ഇടപെടലോടെ തീരുമാനം മാറ്റുകയായിരുന്നു.
Story Highlights: babu, cherad hill trucking, malampuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here