കേന്ദ്ര- സംസ്ഥാന സാമ്പത്തിക ബന്ധങ്ങളില്‍ പൊളിച്ചെഴുത്ത് അനിവാര്യം: കെ.എന്‍.ബാലഗോപാല്‍

സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി ഏറെ പ്രതികൂലമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര – സംസ്ഥാന സാമ്പത്തിക ബന്ധങ്ങളില്‍ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. രാജ്യത്തിന്റെ ഫെഡറല്‍ ഘടനയുടെ സുസ്ഥിരതയ്ക്ക് ഇത് അനുപേക്ഷണീയമാണ്. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനും (ഗിഫ്റ്റ്) കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല ഇക്കണോമിക്സ് വിഭാഗവും ചങ്ങനാശേരി എസ് ബി കോളെജ് ഇക്കണോമിക്സ് വിഭാഗവും സംയുക്തമായി സാമ്പത്തിക സര്‍വെ, യൂണിയന്‍ ബജറ്റ് എന്നീ വിഷയങ്ങളെ അധികരിച്ച് സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശിക അടക്കമുള്ള കാര്യങ്ങള്‍ അടിയന്തരമായി വിതരണം ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ജിഎസ്ടി നഷ്ടപരിഹാരയിനത്തില്‍ മാത്രം 12,000 കോടിയോളം രൂപയാണ് കേരളത്തിന് ലഭിക്കാനുള്ളത്. ഈ വര്‍ഷം ജൂണില്‍ നഷ്ടപരിഹാരത്തിനായുള്ള സമയപരിധി അവസാനിക്കുകയാണ്. എന്നാല്‍ സംസ്ഥാനങ്ങളുടെ ധനകാര്യ രംഗത്തെ ഏറ്റവും നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന ഇത്തരം വിഷയങ്ങളില്‍ കേന്ദ്ര ബജറ്റ് കുറ്റകരമായ മൗനം അവലംബിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതം പല വിധത്തില്‍ കുറയുമ്പോഴും ചെലവുകള്‍ കുത്തനെ ഉയരുകയാണ്. ആരോഗ്യ രംഗം അടക്കമുള്ള സംസ്ഥാന വിഷയങ്ങളില്‍ ഇത് ഉളവാക്കുന്ന പ്രതിസന്ധി ഗുരുതരമാണ്. കൊവിഡ് വാക്സിനേഷന് വേണ്ടി കഴിഞ്ഞ ബജറ്റില്‍ 35,000 കോടി രൂപ വകയിരുത്തിയപ്പോള്‍ ഇത്തവണ അത് 5000 കോടി മാത്രമാണ്. പലയിടത്തും രണ്ടാം ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലും ബൂസ്റ്റര്‍ ഡോസ് അനിവാര്യമായതിനാലും ഈ തുക അപര്യാപ്തമാണ്. ഇതിനുള്ള അധിക ചെലവ് സംസ്ഥാനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
Story Highlights: Breakdown of Center-State economic relations is inevitable: Minister KN Balagopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here