Advertisement

ഹിജാബ് നിരോധനം പരിഗണനയിലില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

February 10, 2022
Google News 2 minutes Read

മധ്യപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിക്കുന്നത് നിലവില്‍ പരിഗണനയിലില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. കര്‍ണാടകയില്‍ വിവിധ കോളജുകളില്‍ ഹിജാബ് ധരിക്കാനുള്ള അവകാശത്തെച്ചൊല്ലി മുസ്ലിം പെണ്‍കുട്ടികള്‍ പ്രതിഷേധിക്കുന്നതിനിടെയാണ് മധ്യപ്രദേശ് സര്‍ക്കാറിന്റെ പ്രതികരണം. (hijab)

ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് മധ്യപ്രദേശില്‍ ഇതുവരെ ഒരു വിവാദവുമില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഹിജാബ് നിരോധനം സംബന്ധിച്ച് ഒരു നിര്‍ദേശവും ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഹിജാബ് വിഷയത്തില്‍ ഒരുതരത്തിലുള്ള ആശയക്കുഴപ്പവും വിദ്യാര്‍ഥികള്‍ക്ക് വേണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മറ്റൊരു സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും കര്‍ണാടക ഹൈക്കോടതിയില്‍ വിഷയത്തില്‍ വാദം നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also : ഹിജാബ് വിഷയത്തിൽ നിർണായക ദിനം; ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് വാദം കേള്‍ക്കും

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിംഗ് പാര്‍മര്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ പിന്തുണച്ച് രംഗത്തെത്തുകയും ഹിജാബ് നിരോധിക്കണമെന്ന് പറയുകയും ചെയ്തതിന് പിന്നാലെയാണ് മിശ്രയുടെ പ്രതികരണം. ഹിജാബ് വിഷയത്തില്‍ താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് പാര്‍മര്‍ പറഞ്ഞു. ‘താന്‍ പറഞ്ഞതിനെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. തങ്ങള്‍ പുതിയ യൂണിഫോം കോഡ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ല. യൂണിഫോമിനെ സംബന്ധിച്ച് സ്‌കൂളുകളില്‍ നിലവിലുള്ള സ്ഥിതി തന്നെയായിരിക്കും തുടരുക. എന്നാല്‍, ഹിജാബ് നിരോധനം സംഭവിച്ചാല്‍ അത് മധ്യപ്രദേശിലും കൊണ്ടുവരും. തങ്ങള്‍ അതിനനുസരിച്ച് നടപടിയെടുക്കും’. പാര്‍മര്‍ വ്യക്തമാക്കി.

ഹിജാബ് വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് വാദം കേള്‍ക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വാദം ഉച്ചയ്ക്ക് 2.30ന് ആരംഭിക്കും.

വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. മതവിശ്വാസത്തിന്റെ ഭാഗമാണെന്നും ഹിജാബ് നിരോധനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. കര്‍ണാടകയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

Story Highlights: No proposal to ban hijab Madhya Pradesh government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here