‘പുരോഗതിയുടെ ഏത് മാനദണ്ഡമെടുത്താലും കേരളം മുന്നില്‍’; യോഗിയുടെ നിര്‍ദ്ദേശം ആശ്ചര്യകരമെന്ന് മുഖ്യമന്ത്രി

കേരളം പോലെയാകാതിരിക്കാന്‍ ശ്രദ്ധിച്ച് വോട്ടുചെയ്യണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വന്തം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം ആശ്ചര്യകരമെന്ന് ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു സമൂഹത്തിന്റെ പുരോഗതി അളക്കുന്ന ഏതു മാനദണ്ഡമെടുത്ത് നോക്കിയാലും കേരളം ഇന്ത്യയില്‍ മുന്‍നിരയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, താമസസൗകര്യം, ആയുര്‍ദൈര്‍ഘ്യം, ലിംഗസമത്വം, വരുമാനം, സാമൂഹ്യസുരക്ഷ തുടങ്ങി ജീവിതനിലവാരത്തിന്റെ മിക്ക സൂചികകളിലും ഉയര്‍ന്ന സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതാകട്ടെ കേന്ദ്ര സര്‍ക്കാരും അതിന്റെ വിവിധ ഏജന്‍സികളും ലോകമാകെയും അംഗീകരിച്ചതുമാണ്. എന്നിട്ടും ഉത്തര്‍ പ്രദേശ് കേരളം പോലെയാകരുത് എന്നാണ് യോഗി ആദിത്യനാഥ് ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.
രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനം കേരളമാണെന്ന നീതി ആയോഗിന്റെ കണക്കുകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍. നീതി ആയോഗിന്റെ തന്നെ 2020-21-ലെ സുസ്ഥിര വികസന സൂചികയില്‍ ഏറ്റവും മികച്ച സ്ഥാനം കരസ്ഥമാക്കിയത് കേരളമാണ്. കേരളത്തില്‍ 98.1% വീടുകളിലും ശുചിത്വ സൗകര്യങ്ങളുണ്ട്. കേരളത്തില്‍ 97.9% സ്ത്രീകള്‍ സാക്ഷരര്‍ ആണ്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ളത് കേരളത്തിലാണ്. കേരളത്തിലെ ശിശുമരണ നിരക്ക് 6 ആണ്. വികസിതരാജ്യമായ അമേരിക്കന്‍ ഐക്യനാടുകള്‍ക്കൊപ്പം നില്‍ക്കുന്ന കണക്കാണതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 2019-20-ലെ നീതി ആയോഗ് ആരോഗ്യസൂചികയില്‍ കേരളത്തിന്റെ ഹെല്‍ത്ത് ഇന്‍ഡക്‌സ് സ്‌കോര്‍ 82.2 ആണ്. 2021-ലെ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് അനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ ഭരണനിര്‍വഹണം നടപ്പാക്കുന്ന സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടതും കേരളമാണ്. ഇത്തരത്തില്‍ സാമൂഹ്യജീവിതത്തിന്റെ ഏതു സൂചികകളിലും ലോകം തന്നെ മാതൃകയായി കാണുന്ന കേരളത്തിനൊപ്പം എത്താന്‍ യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് യോഗി ആദിത്യനാഥിനെ ഭയപ്പെടുത്തുന്നുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുരോഗതിയേയും പുരോഗമന സമീപനങ്ങളേയും തിരസ്‌കരിക്കുന്നതും വിദ്വേഷത്തില്‍ കെട്ടിപ്പൊക്കിയതുമായ രാഷ്ട്രീയമാണ് ബിജെപിയുടേതെന്ന് മുഖ്യമന്ത്രി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശ് എല്ലാ സൂചികകളിലും കേരളത്തിന്റെ നിലവാരത്തിലേക്കെത്തിയാല്‍ നമ്മുടെ രാജ്യത്തിന്റെ തന്നെ നിലവാരം വികസിത രാജ്യങ്ങള്‍ക്കൊപ്പമാകും എന്നു മനസ്സിലാക്കാന്‍ കഴിയാത്ത സഹതാപാര്‍ഹമായ പിന്തിരിപ്പന്‍ രാഷ്ട്രീയമാണത്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘപരിവാര്‍ ആഗ്രഹിക്കുന്നത് കേരളത്തെ യുപിയെ പോലെ ആക്കാന്‍ ആണ്. വര്‍ഗീയരാഷ്ട്രീയത്തിനു വളരാന്‍ സാധിക്കാത്ത വിധം മതേതരത്വവും ജനാധിപത്യവും ആധുനികമൂല്യങ്ങളും കൊണ്ടു തീര്‍ത്ത ശക്തമായ സാമൂഹിക അടിത്തറയുള്ള കേരളം സംഘപരിവാറിന് അപ്രാപ്യമായ ഇടമാണ്. അതുകൊണ്ടു തന്നെ കേരളത്തിനെതിരെ ദുഷ്പ്രചരണം നടത്തുക എന്നത് അവരുടെ പ്രധാന അജണ്ടകളിലൊന്നാണ്. അതിന്റെ തികട്ടലാണ് കേരളത്തെക്കുറിച്ചുള്ള പരാമര്‍ശത്തിലൂടെ പുറത്തു വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ എല്‍ ഡി എഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത് ഭരണ നേട്ടങ്ങള്‍ അക്കമിട്ടു പറഞ്ഞും കൃത്യമായ പ്രകടന പത്രിക മുന്‍നിര്‍ത്തിയുമാണ്. അതാണ് ശരിയായ രാഷ്ട്രീയ സമീപനം. അങ്ങനെ പറയാന്‍ സാധിക്കാത്തതു കൊണ്ടോ ജനങ്ങളുടെ രോഷം ഭയന്നോ ആകാം കേരളത്തിന് നേരെ ആക്ഷേപമുന്നയിക്കാന്‍ അദ്ദേഹം തയ്യാറായത്. മുഖ്യമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് കേരളത്തിനോട് കിടപിടിക്കുന്ന പുരോഗതി ആര്‍ജിക്കാന്‍ തക്ക ‘ശ്രദ്ധക്കുറവു’ ണ്ടാകട്ടെ എന്ന് ആശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: pinarayi vijayan slams yogi adityanath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here