മോഹഭംഗമെന്ന മന്ത്രി ആർ ബിന്ദുവിന്റെ പരിഹാസത്തോട് പ്രതികരിക്കാനില്ല; ലോകായുക്തയിൽ വീണ്ടും ഹർജി നൽകുമെന്ന് രമേശ് ചെന്നിത്തല

കണ്ണൂർ വി സി പുനർ നിയമനം ലോകായുക്തയിൽ വീണ്ടും ഹർജി നൽകുമെന്ന് രമേശ് ചെന്നിത്തല. തനിക്ക് മോഹഭംഗമെന്ന മന്ത്രി ആർ ബിന്ദുവിന്റെ പരിഹാസത്തോട് പ്രതികരിക്കാനില്ലെന്നും രമേശ് ചെന്നിത്തല ട്വന്റിഫോറിനോട് പറഞ്ഞു. ആർ ബിന്ദുവിന്റെ നിലവാരത്തിലേക്ക് താഴാൻ താൻ ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷത്തിന്റെ ചുമതല ആര് നിർവഹിക്കണം എന്നതിൽ ഒരു മത്സരവുമില്ല. ഡിസിസി ഭാരവാഹികളുടെ പട്ടിക കൂടാതെ കെപിസിസി സെക്രട്ടറിമാരുടെ പട്ടികയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ചർച്ച ചെയ്‌തിരുന്നു.
Read Also: വിഭജനത്തിൽ വേർപിരിഞ്ഞു; നീണ്ട 75 വർഷത്തിന് ശേഷം ജനിച്ച മണ്ണിലേക്ക് തിരിച്ചെത്തി മുംതാസ്…
ഗവർണറുടെ വെളിപ്പെടുത്തൽ ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിച്ചില്ലെന്നും മുഖ്യമന്ത്രിയെ കക്ഷി ചേർക്കണമെന്ന തന്റെ വാദം അംഗീകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല ലോകായുക്ത വിധിക്കെതിരെ പുന:പരിശോധന ഹർജി നൽകുന്നത്. ഈ വിഷയത്തിൽ ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതിന് സമാനമാണ്. വിസിയുടെ പുനർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായെന്ന ഗവർണറുടെ വെളിപ്പെടുത്തലും വളരെ ഗൗരവമുള്ളതാണ്. ഈ സാഹചര്യത്തിലാണ് പുനഃപരിശോധന ഹർജി നൽകുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Story Highlights: rameshchennithala-rbindhu-lokayuktha-