Advertisement

തുടര്‍ച്ചയായ പത്താം തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റമില്ല

February 10, 2022
Google News 1 minute Read

റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.5 ശതമാനത്തിലും തന്നെ തുടരുമെന്നാണ് പ്രഖ്യാപനം. തുടര്‍ച്ചയായി പത്താം തവണയാണ് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാതിരിക്കുന്നത്. കൊവിഡ് മഹാമാരി സാമ്പത്തിക രംഗത്ത് സൃഷ്ടിച്ച സമ്മര്‍ദ്ദത്തില്‍ നിന്നും വളര്‍ച്ചയിലേക്ക് രാജ്യം ചുവടുവെക്കുന്ന പശ്ചാത്തലത്തില്‍ നയപരമായ പിന്തുണ തുടരേണ്ടത് ആവശ്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം. കേന്ദ്ര ബാങ്ക് മറ്റ് ബാങ്കുകള്‍ക്ക് കടം നല്‍കുമ്പോഴുള്ള പലിശ നിരക്കാണ് റിപ്പോ നിരക്ക്. കൊമേഷ്യല്‍ ബാങ്കുകളില്‍ നിന്നും മറ്റും കേന്ദ്ര ബാങ്ക് വായ്പ സ്വീകരിക്കുമ്പോഴുള്ള നിരക്കാണ് റിവേഴ്‌സ് റിപ്പോ നിരക്ക്.

അക്കമൊഡേറ്റീവ് നയം തുടരാനും തീരുമാനമായിട്ടുണ്ട്. പണനയ അവലോകനയോഗത്തിനുശേഷം ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസാണ് ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്. ഈ മാസം 7 മുതല്‍ 9 വരെയാണ് പണനയ അവലോകന യോഗം തീരുമാനിച്ചിരുന്നതെങ്കിലും ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറുടെ നിര്യാണം കണക്കിലെടുത്ത് ഇത് 8 മുതല്‍ 10 വരെയെയുള്ള തീയതികളിലേക്ക് മാറ്റിവെക്കുകയായിരുന്നു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 7.8 ശതമാനമായിരിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. 2021-22 സാമ്പത്തിക വര്‍ഷത്തിലെ 9.2 ശതമാനം മൊത്ത ആഭ്യന്തര ഉല്‍പാദനം രാജ്യത്തെ സമ്പദ് രംഗത്തെ കൊവിഡിന് മുന്‍പുള്ള സ്ഥിതിയിലേക്ക് എത്തിക്കുമെന്നാണ് ആര്‍ ബി ഐ വിലയിരുത്തിയത്. പണപ്പെരുപ്പ പരിധി 2 ശതമാനത്തിനും 6 ശതമാനത്തിനും ഇടയില്‍ നിലനിര്‍ത്താന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്‍ ബി ഐ ഗവര്‍ണര്‍ വ്യക്തമാക്കി.

ഇ- റുപ്പി ഡിജിറ്റല്‍ വൗച്ചറിനുള്ള പരിധി 10000 രൂപയില്‍ നിന്നും ഒരു ലക്ഷമായി ഉയര്‍ത്തിയതായും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു. പണപ്പെരുപ്പം 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് (സി പി ഐ) പ്രതീക്ഷിച്ച നിലയില്‍ മുന്നേറിയെന്നും ശക്തികാന്ത് ദാസ് കൂട്ടിച്ചേര്‍ത്തു.

Story Highlights: rb repo rates unchanged

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here