അനന്തപുരി എഫ്എമ്മിൽ വരുത്തിയ മാറ്റങ്ങൾ പിൻവലിക്കണം; ജോൺ ബ്രിട്ടാസ് എംപി

അനന്തപുരി എഫ്എമ്മിന്റെ പേര് മാറ്റിയ നടപടിയേയും മലയാളം പ്രക്ഷേപണ സമയദൈർഘ്യത്തിൽ കുറവ് വരുത്തിയ തീരുമാനത്തെയും വിമർശിച്ച് ജോൺ ബ്രിട്ടാസ് എംപി. നടപടികൾ അടിയന്തരമായി പിൻലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിക്കും പ്രസാർഭാരതി സിഇഒയ്ക്കും കത്തുകളയച്ചു.
അനന്തപുരി എഫ്എം സ്റ്റേഷന്റെ പേരും പരിപാടികളുടെ ഉള്ളടക്കവും മുന്നറിയിപ്പുമില്ലാതെ ഏകപക്ഷീയമായി ഉന്നതരുടെ നിർദ്ദേശപ്രകാരം മാറ്റുകയായിരുന്നു. യാതൊരുവിധ കൂടിയാലോചനയുമില്ലാതെയാണ് പേര് ‘വിവിധ് ഭാരതി മലയാളം’ എന്ന് മാറ്റിയത്. പരിപാടികളുടെ ഉള്ളടക്കത്തിൽ മാറ്റം വരുത്തി ഹിന്ദി പരിപാടികൾ കുത്തിത്തിരുകി വരുത്തിയ മാറ്റം സ്ഥിരം ശ്രോതാക്കളെ ഈ സ്റ്റേഷൻ കേൾക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്ന അവസ്ഥ സംജാതമാക്കും.
ഇത്തരം നടപടികൾ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസത്തിനും ബഹുസ്വരതയ്ക്കും എതിരാണ്. രാജ്യത്ത് നിലവിലുള്ള ഭാഷാ സാംസ്കാരിക സാമൂഹിക വൈവിധ്യങ്ങളെ അടിച്ചമർത്തി ഏകശിലാഘടനയിലുള്ള ഒരു കേന്ദ്രീകൃത ഭരണശൈലി കൊണ്ടുവരുന്നതിനുള്ള വിപുലമായ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഇപ്രകാരമുള്ള പ്രാദേശിക ചാനലുകളിലും പരിപാടികളിലും ഏകപക്ഷീയമായ മാറ്റങ്ങൾ വരുത്തി ഹിന്ദിക്ക് പ്രാമുഖ്യം നൽകാൻ ശ്രമിക്കുന്നത്.
ഈ വിഷയത്തിൽ കേന്ദ്ര ഗവൺമെന്റും പ്രസാർഭാരതിയും വേണ്ട തിരുത്തൽ നടപടികൾ കൈക്കൊള്ളുമെന്ന് എംപി പ്രത്യാശ പ്രകടിപ്പിച്ചു.
Story Highlights: changes-made-to-ananthapuri-fm-should-be-withdrawn
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here