‘മരക്കൊമ്പിൽ തൂങ്ങി കിടക്കുന്ന പാവകൾ പരസ്പരം എന്തോ പിറുപിറുക്കുന്നുണ്ട്’- Island Of The Dead Dolls

പേടിപ്പെടുത്തുന്ന നിരവധി പാവ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. അനബെല്ല പാവയെ ചുറ്റിപ്പറ്റിയുള്ള സത്യവും മിഥ്യയും നിറഞ്ഞ കഥകൾക്ക് ആരാധകർ ഏറെയാണ്. മെക്സിക്കോയിൽ ലാ ഇസ്ലാ ഡെ ലാസ് മുസെകാസ് എന്ന ഒരു ദ്വീപ് തന്നെ അറിയപ്പെടുന്നത് പാവകളുടെ ദ്വീപ് എന്നാണ്. കണ്ടാൽ ഭയം തോന്നുന്ന വികൃത രൂപങ്ങളിലുള്ള പാവകൾ അവിടുത്തെ ഓരോ മരക്കൊമ്പിലും തൂങ്ങി കിടക്കുന്നു. ചിലത് ശിരസ്സറ്റ രൂപത്തിൽ, മറ്റ് ചിലതിന് കണ്ണുകളില്ല, കയ്യും കാലുമെല്ലാം അറ്റുപോയിരിക്കുന്നു കൂടാതെ, വളരെ പഴക്കം ചെന്ന ഇവ മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്ന കാഴ്ചകളാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ലാ ഇസ്ലാ ഡെ ലാസ് മുസെകാസ് പാവകളുടെ ദ്വീപായി മാറിയതിന് പിന്നിൽ ഒരു കഥയുണ്ട്. ഒരിക്കൽ, മേക്ക്‌സിക്കോയിൽ താമസിച്ചിരുന്ന ഡോൺ ജൂലിയൻ സാന്റാന ബാരേര എന്നയാൾ കുടുംബവുമായി വേർപെട്ട് ഏകാന്ത വാസത്തിനെത്തിയതാണ് ഈ ദ്വീപിൽ. മറ്റൊരു മനുഷ്യന്റെ സാന്നിധ്യവും ഇല്ലാതെ അയാൾ അവിടെ കഴിഞ്ഞുപോന്നു. അങ്ങനെ ഒരിക്കൽ ഒരു രാത്രി ദ്വീപിലെ തടാകത്തിനരികിൽ ഇരുന്ന ജൂലിയൻ ഒരു കാഴ്ച്ച കണ്ടു. ഒരു കൊച്ചു പെൺകുട്ടിയുടെ മൃതശരീരം വെള്ളത്തിലൂടെ ഒഴുകി വരുന്നു. ഭയപ്പെട്ട ജൂലിയന് എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലായില്ല. ഒടുവിൽ ജൂലിയൻ ആ പെൺകുട്ടിയുടെ ശരീരം മറവ് ചെയ്യാൻ തീരുമാനിച്ചു. എന്നാൽ അടുത്ത ദിവസം പെൺകുട്ടിയെ കണ്ട സ്ഥാനത്ത് ഒരു പാവ കുട്ടി കിടക്കുന്നത് ജൂലിയൻ ശ്രദ്ധിച്ചു. അത് മരിച്ച കുട്ടിയുടെ ആകാമെന്ന് വിചാരിച്ച ജൂലിയൻ ആ പാവ കുട്ടിയെ അടുത്തുള്ള മരക്കൊമ്പിൽ തൂക്കിയിട്ടു.

എന്നാൽ പ്രശ്നം അവിടം കൊണ്ടും തീർന്നിരുന്നില്ല, അതിനു ശേഷമുള്ള പല രാത്രികളിലും ജൂലിയൻ ഒരു പെൺകുട്ടിയുടെ കരച്ചിൽ കേൾക്കാൻ തുടങ്ങി. ‘ഐ വാണ്ട് മൈ ഡോൾ’ എന്നായിരുന്നു ആ കരച്ചിൽ, ദിവസങ്ങളോളം ഇത് ജൂലിയന്റെ ഉറക്കം കെടുത്തി. അങ്ങനെ ജൂലിയൻ ആ പെൺകുട്ടിയുടെ പാവയെ അന്വേഷിക്കാൻ തുടങ്ങി. ജൂലിയൻ അടുത്തുള്ള ഗ്രാമത്തിലെല്ലാം ചെന്ന് അവിടം കാണുന്ന പാവകളെയെല്ലാം ശേഖരിച്ച് ദ്വീപിലേക്ക് കൊണ്ടുവരും പെൺകുട്ടിയുടെ ആത്മാവിനെ തൃപ്തിപ്പെടുത്താൻ എന്നോണം മരക്കൊമ്പുകളിൽ അവ കെട്ടി തൂക്കും.

ജൂലിയന്റെ ഈ പ്രവർത്തി വർഷങ്ങളോളം നീണ്ടു. കാണുന്ന ഇടത്തുനിന്നെല്ലാം ശേഖരിച്ച പാവകൾ അങ്ങനെ ആ ദ്വീപ് നിറച്ചു. പലതും ഉപയോഗിച്ച് പഴകിയതായിരുന്നു. ആളുകൾ ഉപേക്ഷിച്ചു പോയവ, അതിനാൽ തന്നെ അവയ്ക്ക് നിറയെ കേടുപാടുകൾ പറ്റിയിരുന്നു. കണ്ടാൽ അരോചകമായ രൂപത്തിലേക്ക് മാറിയതായിരുന്നു പലതും. ഇത്രയൊക്കെ ചെയ്തിട്ടും ജൂലിയന്റെ കാതുകളിൽ ആ കരച്ചിൽ മുഴുങ്ങി കേട്ടുകൊണ്ടേയിരുന്നു. മാത്രമല്ല, പാവകൾ തല തിരിച്ച് തന്നെ നോക്കുന്നെന്നും പരസ്പരം എന്തൊക്കെയോ പിറുപിറുക്കുന്നുവെന്നും ജൂലിയന് തോന്നിക്കൊണ്ടിരുന്നു.
Read Also : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് 17 വ്യത്യസ്ത പാവകൾ ഒരുക്കി ബാർബി

ആ സമയങ്ങളിൽ മറ്റാരും തന്നെ ദ്വീപിലേക്ക് പ്രവേശിച്ചിരുന്നില്ല. അതിനാൽ ഇത് പുറലോകം അറിഞ്ഞത് ജൂലിയന്റെ മരണത്തോടെ ആയിരുന്നു. 2001 ലായിരുന്നു ഡോൺ ജൂലിയൻ സാന്റാന ബാരേരയുടെ മരണം. 50 വർഷങ്ങൾക്ക് മുൻപ് പെൺകുട്ടിയുടെ മൃതദേഹം കിടന്ന അതേ ഇടത്ത് തന്നെ മുങ്ങിമരിച്ച നിലയിൽ അയാളെ കണ്ടെത്തി. അപ്പോഴേക്ക് ദ്വീപ് പാവകളാൽ നിറഞ്ഞിരുന്നു. തീർത്തും ഭയാനകമായും വിചിത്രമായും മാറിയിരുന്നു അവിടം.

മേല്പറഞ്ഞതടക്കം പല കഥകളും ജൂലിയനെയും ദ്വീപിനെയുംപ്പറ്റി പരന്നിട്ടുണ്ട്. എന്നാൽ ഇതൊന്നും ജൂലിയന്റെ കുടുംബം മുഴുവനായും ശരിവയ്ക്കുന്നില്ല. മാത്രമല്ല ജൂലിയൻ കണ്ടു എന്ന് പറയുന്ന പെൺകുട്ടിയുടെ മൃതദേഹത്തിന്റെ യാതൊരു തെളിവും ഇന്നും ലഭിച്ചിട്ടില്ല. തന്റെ ഏകാന്തതയിലുള്ള വിരസത അകറ്റാൻ ജൂലിയൻ സ്വയം കണ്ടെത്തിയ മാർഗ്ഗമാണ് പാവകഥയെന്നും പറയുന്നവരുണ്ട്. എന്തായാലും ജൂലിയന്റെ മരണശേഷം കുടുംബം ദ്വീപ് ഏറ്റെടുക്കുകയും മെക്സിക്കോ ഗവണ്മെന്റ് അവിടം ഹെറിറ്റേജ് പ്ലേസ് ആയി പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്ന് നിരവധി വിനോദ സഞ്ചാരികളുടെ ഇഷ്ട്ട കേന്ദ്രമാണ് ഈ ദീപ്. ‘the island of the dolls ‘ എന്നാണ് ഈ ദ്വീപ് അറിയപ്പെടുന്നത് തന്നെ. ദ്വീപ് കാണുവാൻ എത്തുന്ന സഞ്ചാരികൾക്കും അസാധാരണ അനുഭവങ്ങൾ ഉണ്ടായതായി പറയപ്പെടുന്നുണ്ട്. ഇപ്പോൾ ഇവിടെയെത്തുന്ന സഞ്ചാരികളും വരുമ്പോൾ പാവകളെയും കൂടെ കൂട്ടുന്നു. കൊണ്ടവരുന്ന പാവകളെ അവർ ദ്വീപിലെ മരങ്ങളിൽ തൂക്കിയിട്ട് മടങ്ങുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here