ശബരിമല കുംഭ മാസ പൂജ: കുള്ളാർ അണക്കെട്ട് തുറക്കും, പമ്പാ നദീ തീരത്തുള്ളവർ ജാഗ്രത പാലിക്കണം; ജില്ലാ കളക്ടർ

ശബരിമലയിലെ കുംഭമാസ പൂജയോടനുബന്ധിച്ച് കുള്ളാർ അണക്കെട്ടിൽ നിന്ന് ജലം തുറന്നുവിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. പമ്പാ ത്രിവേണി സ്‌നാന സരസിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കുന്നതിനായാണ് നടപടി. ഫെബ്രുവരി 13 മുതൽ 17 വരെ പ്രതിദിനം 15,000 ഘന മീറ്റർ ജലം തുറന്നു വിടുന്നതിനാണ് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യർ ഉത്തരവിട്ടത്. പമ്പാ നദീ തീരങ്ങളിലുള്ളവരും തീർഥാടകരും ജാഗ്രത പുലർത്തണമെന്ന് കളക്ടർ അറിയിച്ചു.
ശബരിമല കുംഭ മാസപൂജ തീർഥാടനത്തിന് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുമെന്നും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ. കുംഭ മാസപൂജയ്ക്കുള്ള ക്രമീകരണങ്ങൾ വിലയിരുത്താൻ ഓൺലൈനായി ചേർന്ന ഉദ്യോഗസ്ഥരുടെയും വിവിധ പ്രതിനിധികളുടെയും യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.
Read Also : കൊല്ലം നഗരമധ്യത്തിലൊരു കാട്; 20 സെന്റ് ഭൂമിയിൽ തീർത്ത മിയാവാക്കി കാടുകൾ…
വെർച്വൽ ക്യു സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് ദർശനത്തിന് അനുമതിയുള്ളത്. നിർദേശങ്ങൾ പാലിച്ച് പ്രതിരോധ പ്രവർത്തികൾ സ്വീകരിച്ചും ആരോഗ്യ പൂർണമായ തീർഥാടനം ഉറപ്പു വരുത്താൻ സഹകരിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.ശബരിമല കുംഭമാസപൂജയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നടപടികൾ പൂർത്തിയായി. തീർഥാടകർ രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായ സർട്ടിഫിക്കറ്റോ, 48 മണിക്കൂറിനുളളിൽ എടുത്ത ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റോ കരുതണം. രോഗലക്ഷണങ്ങൾ ഉള്ളവർ തീർഥാടനം ഒഴിവാക്കേണ്ടതാണ്.തീർഥാടന സമയത്ത് മാസ്‌ക് ശരിയായ രീതിയിൽ ധരിക്കുകയും, സുരക്ഷിതമായ ശാരീരിക അകലം പാലിക്കുകയും വേണം. ഹോട്ടലുകളിലും, കടകളിലും കൗണ്ടറുകളിലും തിരക്ക് കൂട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തീർഥാടനമെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. പമ്പയിൽ നിന്ന് തീർഥാടകർക്ക് കുടിവെള്ളം കുപ്പിയിൽ നൽകും. നിലയ്ക്കലിൽ നിന്നു പമ്പയിലേക്ക് ചെയിൻ സർവീസ് നടത്തുന്നതിന് 30 ബസുകൾ കെഎസ്ആർടിസി സജ്ജമാക്കിയിട്ടുണ്ട്. വാട്ടർ അതോറിറ്റി കുടിവെള്ള ലഭ്യത ഉറപ്പാക്കും. അയ്യപ്പസേവാ സംഘം സ്‌ട്രെച്ചർ സർവീസ്, ശുചീകരണം എന്നിവയ്ക്കായി വോളന്റിയർമാരെ സജ്ജമാക്കിയിട്ടുണ്ട്. അയ്യപ്പസേവാ സംഘം അന്നദാനം നടത്തും. ഒരു ആംബുലൻസും അയ്യപ്പസേവാ സംഘം സജ്ജമാക്കിയിട്ടുണ്ട്. വനം വകുപ്പ് റാപ്പിഡ് റെസ്‌പോൺസ് ടീമിനെ സജ്ജമാക്കും. പമ്പയിൽനിന്നും സന്നിധാനത്തേക്കും തിരിച്ചും തീർഥാടകർക്ക് സഞ്ചരിക്കുന്നതിനുള്ള സുരക്ഷ വനം വകുപ്പ് ഉറപ്പാക്കുമെന്നും കളക്ടർ പറഞ്ഞു. ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Story Highlights: sabarimala-kumbha-masa-puja-kullar-dam-will-be-opened
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here