Advertisement

ഹിജാബ് വിവാദം: ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി

February 11, 2022
Google News 1 minute Read

കര്‍ണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടിയന്തരമായി പരിഗണക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി. ഹിജാബ് വിഷയം ഉചിതമായ സമയത്ത് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി. വിഷയത്തെ വലിയ തലത്തിലേക്ക് വളര്‍ത്തുന്നതിനെതിരെ സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കി. ന്യായവിരുദ്ധമായ കാര്യങ്ങള്‍ സംഭവിച്ചെങ്കില്‍ തീര്‍ച്ചയായും ഇടപെടുമെന്നും ഭരണഘടനാ അവകാശങ്ങള്‍ എല്ലാവര്‍ക്കുമുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

ഹിജാബ് വിഷയത്തില്‍ കോടതിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ഇന്നലെ കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. വിഷയത്തെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തരുതെന്ന് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിഷയം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അഭിഭാഷകന്‍ വാദിച്ചതിന് മറുപടിയായിട്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.

ഹിജാബ് വിവാദത്തെത്തുടര്‍ന്ന് അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണമെന്നാണ് ഇന്നലെ കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് വീണ്ടും പരിഗണിക്കാനിരിക്കെയായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ വിധി വരുന്നതുവരെ മതപരമായ വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതി വിശാലബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസില്‍ തീര്‍പ്പ് ഉണ്ടാകുന്നതുവരെ എല്ലാവരും സംയമനം പാലിക്കണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി പറഞ്ഞു.

കോളജില്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കിയ നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെയ്ബുന്നീസ എം ഖാസി എന്നിവരടങ്ങിയ ബെഞ്ച് ബുധനാഴ്ചയാണ് ഹൈക്കോടതി രൂപീകരിച്ചത്. ക്ലാസുകള്‍ മുടങ്ങുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളജില്‍ പോകാനുള്ള സൗകര്യത്തിനായി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് സംഘര്‍ഷം വ്യാപിക്കുന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സര്‍ക്കാര്‍ നടപടി.

Story Highlights: supreme court on hijab row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here