വാക്‌സിന്‍ ഇടവേള: കിറ്റെക്‌സിന്റെ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി

കൊവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് ഇടവേള 84 ദിവസമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കിറ്റെക്‌സ് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി. വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ചതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ നയം മാറ്റിയാല്‍ ബുദ്ധിമുട്ടാകുമെന്നാണ് കോടതി പറഞ്ഞത്. ഒരു കമ്പനിക്ക് മാത്രമായി വാക്‌സിന്‍ നയത്തില്‍ ഇളവ് വരുത്താന്‍ കഴിയില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറയ്ക്കുന്നതിനായി കിറ്റെക്‌സ് കമ്പനിക്ക് സര്‍ക്കാരിന് നിവേദനം നല്‍കാമെന്നും സുപ്രിംകോടതി പറഞ്ഞു.
പണം നല്‍കി കൊവിഷീല്‍ഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് നാല് ആഴ്ചയായ്ക്ക് ശേഷം രണ്ടാം ഡോസ് എടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിറ്റെക്‌സ് കമ്പനി സുപ്രിംകോടതിയെ സമീപിക്കുന്നത്. ഹൈക്കോടതിയില്‍ കിറ്റെക്‌സ് നല്‍കിയ ഹര്‍ജി പരിഗണിച്ച് വാക്‌സിന്‍ ഇടവേള 28 ദിവസമായി കോടതി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ രീതി ശാസ്ത്രീയമല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതോടെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കിയിരുന്നു. കിറ്റെക്‌സിലെ തൊഴിലാളികള്‍ക്ക് രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ അനുമതി നല്‍കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കിറ്റെക്‌സ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്.
വാക്‌സിന്‍ ഇടവേള നിശ്ചയിച്ചിരിക്കുന്നത് വാക്‌സിന്റെ ഫലപ്രാപ്തിക്കുവേണ്ടിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
Story Highlights: supreme court on kitex plea vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here