‘യുപിയില്‍ യോഗി ഇല്ലാതാക്കിയ ഗുണ്ടാരാജ് കേരളത്തില്‍ നടക്കുന്നു’; പ്രതികരണവുമായി വി മുരളീധരന്‍

ഉത്തര്‍പ്രദേശ് കേരളം പോലെയാകാതിരിക്കാന്‍ ശ്രദ്ധയോടെ വോട്ടുചെയ്യണമെന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. യോഗി ആദിത്യനാഥ് ഉദ്ദേശിച്ചത് കേരളത്തിലെ ക്രമസമാധാനരംഗത്തിന്റെ തകര്‍ച്ചയാണെന്ന് മുരളീധരന്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ യോഗി ഇല്ലാതാക്കിയ ഗുണ്ടാരാജ് കേരളത്തില്‍ നടക്കുന്നുവെന്നാണ് മുരളീധരന്‍ വിശദീകരിച്ചത്. യോഗിയുടെ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിക്കും സി പി ഐ എമ്മിനുമെതിരെയായിരുന്നു. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ കേരളത്തിന് എതിരാണെന്ന തരത്തിലുള്ള ബോധപൂര്‍വമായ പ്രചരണങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളം എന്ന ചെറിയ സംസ്ഥാനം അതിന്റെ മൂന്നിരട്ടി വലുപ്പമുള്ള ഉത്തര്‍പ്രദേശ് എന്ന സംസ്ഥാനത്തെക്കാള്‍ പല കാര്യങ്ങളിലും മികച്ചുനില്‍ക്കുന്നു എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണെന്ന് കേന്ദ്രമന്ത്രി പ്രസ്താവിച്ചു. എന്നാല്‍ അത് മുഖ്യമന്ത്രി പിണറായി വിജയന്റേയും സിപിഐഎമ്മിന്റേയും നേട്ടമാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ സാധിക്കില്ല. അത് മലയാളികളുടെ നേട്ടമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ തന്റെ ഭരണവും ഉത്തര്‍പ്രദേശിലെ അതിന് മുന്‍പുള്ള പത്ത് വര്‍ഷത്തെ ഭരണവും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കേരളത്തിലെ ഭരണവും തമ്മിലാണ് യോഗി ആദിത്യനാഥ് താരതമ്യം ചെയ്തത്. യോഗിയുടെ പ്രസ്താവന കേട്ട് പ്രതികരിച്ച കോണ്‍ഗ്രസിനും പ്രതിപക്ഷ നേതാവിനും കേരളത്തിലെ ക്രമസമാധാനനില മെച്ചപ്പെട്ടു എന്ന് അഭിപ്രായമുണ്ടെങ്കില്‍ അവര്‍ അത് തുറന്ന് പറയാന്‍ തയാറാകണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ ആരോഗ്യരംഗം പി ആര്‍ വര്‍ക്കുകള്‍ കൊണ്ട് കുറച്ചുനാള്‍ പിടിച്ചുനിന്നെന്ന് കേന്ദ്രമന്ത്രി ആക്ഷേപിച്ചു. എന്നാല്‍ യഥാര്‍ഥ മരണ വിവരങ്ങള്‍ മറനീക്കി പുറത്തുവരികയാണുണ്ടായത്. അഞ്ച് വര്‍ഷം കൊണ്ട് ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില മെച്ചപ്പെട്ടു. അതാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ഭരണനേട്ടം. കേരളത്തില്‍ ലഹരി ഉപയോഗം കൂടുകയാണ്. ക്രമസമാധാനം ആകെ തകര്‍ന്നു. കുടുംബങ്ങള്‍ കൈയ്യേറ്റം ചെയ്യപ്പെടുന്നുവെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു.
മതത്തിന്റെ പേരിലുള്ള പ്രശ്‌നങ്ങള്‍ കേരളത്തില്‍ പണ്ടുമുതലേ ഉണ്ടായിരുന്നില്ലെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഉത്തരേന്ത്യയില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ ചരിത്രപരമായ പല കാരണങ്ങളുമുണ്ട്. ഭരണത്തിന്റെ പാളിച്ചകളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ യോഗി ആദിത്യനാഥിന്റെ പരാമര്‍ശം സിപിഐഎം മറയാക്കുന്നുണ്ട്. ഉന്നാവയിലും കത്വയിലും പെണ്‍കുട്ടികള്‍ക്ക് നീതി വേണം എന്ന് പറയുന്ന കേരള സര്‍ക്കാര്‍ എന്തുകൊണ്ട് വണ്ടിപ്പെരിയാറിലെ പെണ്‍കുട്ടിയുടെ നീതിയെക്കുറിച്ച് സംസാരിക്കുന്നില്ല എന്നും മുരളീധരന്‍ ചോദിച്ചു.
‘പശ്ചിമ ബംഗാളിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ എനിക്ക് നേരിട്ട് ബോധ്യപ്പെട്ടതാണ്. ഒരു കേന്ദ്രമന്ത്രിക്ക് രക്ഷയില്ലാത്ത സംസ്ഥാനമാണ് ബംഗാള്‍. കേരള മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ സൈബര്‍ ഇടങ്ങളില്‍ ഭീഷണി നേരിടുന്ന സാഹചര്യം കേരളത്തിലുണ്ട്. എന്നാല്‍ ആര്‍ക്കും എന്തും ചോദിക്കാന്‍ ആകുന്ന ഒരു മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്.’ മുരളീധരന്‍ പറഞ്ഞു. യോഗി ആദിത്യനാഥിന്റെ പരാമര്‍ശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights:v muraleedharan response to yogi adityanath comments on kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here