ഐപിഎൽ ലേലം: ആദ്യ ദിനം സ്കോർ ചെയ്തത് ഡൽഹിയും ലക്നൗവും

ഐപിഎൽ താര ലേലത്തിൻ്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ സമർത്ഥമായി ലേലത്തിൽ ഇടപെട്ടത് ഡൽഹി ക്യാപിറ്റൽസും ലക്നൗ സൂപ്പർ ജയൻ്റ്സും. ഒന്നോ രണ്ടോ വിളി മാറ്റി നിർത്തിയാൽ രാജസ്ഥാൻ റോയൽസും ലേലത്തെ മികച്ച രീതിയിൽ സമീപിച്ചു. ചെന്നൈ സൂപ്പർ കിംഗ്സ് ആണ് ലേലത്തെ ഏറ്റവും മോശമായി സമീപിച്ചത്. (ipl auction delhi lucknow)
9 താരങ്ങളെയാണ് ഡൽഹി ഇന്ന് വിളിച്ചെടുത്തത്. പഴ്സിൽ ഇനിയും 16.50 കോടി രൂപ ബാക്കി. ഡേവിഡ് വാർണറെ 6.25 കോടി രൂപയ്ക്ക് ‘മോഷ്ടിച്ച’ ഡൽഹി ശക്തമായ ഒരു സ്ക്വാഡിനെയാണ് ഉണ്ടാക്കിയിരിക്കുന്നത്. മിച്ചൽ മാർഷ് (6.50 കോടി രൂപ), മുസ്തഫിസുർ റഹ്മാൻ (2 കോടി രൂപ) എന്നിവരും മികച്ച വാങ്ങലുകളാണ്. ഇരു താരങ്ങളെയും ഇത്രയും കുറഞ്ഞ വിലക്ക് വിളിച്ചെടുത്തത് തന്നെയാണ് നേട്ടം. ശർദ്ദുൽ താക്കൂറിനായി 10.75 കോടി രൂപ ചെലവാക്കിയത് അത്ര മികച്ച നീക്കമായിരുന്നില്ലെങ്കിലും ഓൾറൗണ്ടർ എന്ന നിലയിൽ അത് മറക്കാവുന്നതാണ്. പൃഥ്വി ഷാ, ഡേവിഡ് വാർണർ എന്നീ വിസ്ഫോടനാത്മക താരങ്ങൾ ഓപ്പൺ ചെയ്യുന്ന ഡൽഹിയിൽ മിച്ചൽ മാർഷ്, ഋഷഭ് പന്ത് എന്നിവർ മൂന്നും നാലും സ്ഥാനങ്ങളിൽ കളിക്കും. പന്തിനും പൃഥ്വിക്കുമൊപ്പം അക്സർ പട്ടേലിനെയും ആൻറിച് നോർക്കിയയെയും ഡൽഹി നിലനിർത്തിയിരുന്നു. വളരെ ശക്തമായ ഈ കോർ ഗ്രൂപ്പിനൊപ്പം അശ്വിൻ ഹെബ്ബാർ, ശ്രീകർ ഭരത്, കമലേഷ് നഗർകൊടി, കുൽദീപ് യാദവ്, സർഫറാസ് ഖാൻ എന്നീ താരങ്ങളെയും ഡൽഹി ക്യാമ്പിലെത്തിച്ചു.
ലക്നൗ ആവട്ടെ ഇന്ന് ആകെ വിളിച്ചത് 8 താരങ്ങളെയാണ്. ബാക്കിയുള്ളത് 6.90 കോടി രൂപ. ഡികോക്കിനെ വെറും 6.75 കോടി രൂപയ്ക്ക് ടീമിലെത്തിച്ച അവർ ജേസൻ ഹോൾഡറിനെ 8.75 കോടി രൂപയ്ക്കും അവേഷ് ഖാനെ 10 കോടി രൂപയ്ക്കും സ്വന്തമാക്കി. മനീഷ് പാണ്ഡെയ്ക്ക് 4.60 രൂപ നൽകി. മാർക്ക് വുഡിനു നൽകിയത് ഏഴരക്കോടി. ലോകേഷ് രാഹുൽ ക്വിൻ്റൺ ഡികോക്ക് എന്നിവർ ലക്നൗവിനായി ഓപ്പൺ ചെയ്യുമ്പോൾ മനീഷ് പാണ്ഡെ മൂന്നാം നമ്പറിൽ കളിക്കും. ദീപക് ഹൂഡ, കൃണാൽ പാണ്ഡ്യ, മാർക്കസ് സ്റ്റോയിനിസ്, ജേസൻ ഹോൾഡർ എന്നീ മികച്ച ഓൾറൗണ്ടർമാർ ടീമിലുള്ളത് തന്നെയാണ് ലക്നൗവിൻ്റെ ഏറ്റവും വലിയ സവിശേഷത. ഇതേ ഓർഡറിൽ നാല് മുതലുള്ള നമ്പറുകളിൽ ഇവർക്ക് ബാറ്റ് ചെയ്യാനും ഇറങ്ങാം. കൃണാലിനായി 8.25 കോടി രൂപ മുടക്കിയത് മോശം തീരുമാനമാണ്. മാർക്ക് വുഡ്, അവേഷ് ഖാൻ, ജേസൻ ഹോൾഡർ എന്നീ പേസ് ബൗളിംഗ് ഓപ്ഷനുകൾക്കൊപ്പം അങ്കിത് രാജ്പൂതും ഒരു ഓപ്ഷനാണ്. സ്പിന്നറായി ബിഷ്ണോയ് കളിക്കും.
രാജസ്ഥാൻ റോയൽസ് ഇന്ന് ടീമിലെത്തിച്ചത് 8 താരങ്ങളെ. 12.15 കോടി രൂപ ബാക്കിയുണ്ട്. ട്രെൻ്റ് ബോൾട്ടിനെ 8 കോടി രൂപയ്ക്കും അശ്വിനെ 5 കോടി രൂപയ്ക്കും ടീമിലെത്തിച്ചതാണ് നേട്ടം. ചഹാലിനെ 6.50 കോടി രൂപയ്ക്ക് വിളിച്ചെടുത്തത് മറ്റൊരു പോസിറ്റീവാണ്. 10 കോടി രൂപ നൽകിയെങ്കിലും പ്രസിദ്ധ് കൃഷ്ണ മികച്ച ബൗളറാണ്. ദേവ്ദത്തിന് 7.75 കോടി രൂപ നൽകിയതും ഹെട്‌മെയർക്ക് 8.50 കോടി രൂപ നൽകിയതും തിരിച്ചടിയാണ്. യശസ്വിയും ബട്‌ലറും ഉള്ളപ്പോൾ മറ്റൊരു ഓപ്പണറായ ദേവ്ദത്തിനെ ടീമിന് ആവശ്യമില്ലായിരുന്നു. ദേവ്ദത്ത് മൂന്നാം നമ്പറിൽ കളിക്കുമെന്ന് മാനേജ്മെൻ്റ് അറിയിച്ചിട്ടുണ്ടെങ്കിലും അത് വിജയിക്കുമോ എന്നത് സംശയമാണ്. ഫിറ്റും ഫോമും ശരിയാണെങ്കിൽ ഹെട്‌മെയർ ഒരു മാച്ച് വിന്നറാണ്. ഇത് രണ്ടും പ്രശ്നമാണെന്നതാണ് കാര്യം. റിയാൻ പരഗ് (3.80 കോടി രൂപ), കെസി കരിയപ്പ (30 ലക്ഷം രൂപ) എന്നീ താരങ്ങളും നല്ല വാങ്ങൽ തന്നെയാണ്. യശസ്വി, ബട്‌ലർ, ദേവ്ദത്ത്, സഞ്ജു, ഹെട്‌മെയർ, പരഗ്, അശ്വിൻ, ബോൾട്ട് എന്നിങ്ങനെയാവും ബാറ്റിംഗ് ഓർഡർ.
ചെന്നൈ സൂപ്പർ കിംഗ്സ് 6 താരങ്ങളെ ഇന്ന് സ്വന്തമാക്കി. ദീപക് ചഹാറിനെ ടീമിലെത്തിച്ചത് നന്നായെങ്കിലും 14 കോടി രൂപ മുടക്കിയത് ഒരു തിരിച്ചടിയാണ്. ഉത്തപ്പ (2 കോടി), റായുഡു (6.75 കോടി), ബ്രാവോ (4.40 കോടി), തുഷാർ ദേശ്പാണ്ഡെ (20 ലക്ഷം), കെഎം ആസിഫ് (20 ലക്ഷം) എന്നിങ്ങനെയാണ് ചെന്നൈ ടീമിലെത്തിച്ച മറ്റ് താരങ്ങൾ. ബ്രാവോയും ബാറ്റർമാരും പ്രൈം ടൈം കഴിഞ്ഞവരാണ്. ബൗളർമാരിൽ ചഹാർ ഒഴികെ മറ്റാരും അത്ര എക്സ്പീരിയൻസ് ഉള്ളവരല്ല. 20.45 കോടി രൂപ പഴ്സിൽ ബാക്കിയുണ്ടെന്നുള്ളതാണ് നേട്ടം.
Story Highlights: ipl auction delhi capitals lucknow super giants
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here