വിവാഹ വസ്ത്രത്തിന് പണം വേണ്ട, സൗജന്യമായി നൽകും; പ്രചോദനമായൊരു ആശയം…

ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് ചെലവേറിയ ഒരു സ്വപ്നം തന്നെയാണ്. അവിടെയാണ് ഇന്ന് ലളിതമായ കല്യാണങ്ങൾക്ക് പ്രസക്തിയേറുന്നത്. വിവാഹത്തിന് ചെലവേറിയ വസ്ത്രങ്ങൾ വാങ്ങിയാലും മിക്കവരും അത് അന്ന് മാത്രമേ അണിയുകയുള്ളു. ഒരിക്കൽ മാത്രം അണിഞ്ഞ വിവാഹ വസ്ത്രങ്ങൾ ശേഖരിച്ച് അർഹരായവർക്ക് സൗജന്യമായി നൽകുകയാണ് ഇസ്മത്ത്. കഴിഞ്ഞ ഒരു വർഷത്തിനിടെ എഴുപതോളം വിവാഹങ്ങൾക്കാണ് ഇസ്മത്ത് സൗജന്യമായി വിവാഹ വസ്ത്രങ്ങൾ നൽകിയത്.
ഒരുവര്‍ഷം മുന്‍പ് അരൂക്കുറ്റിയിലെ കോട്ടൂര്‍ പള്ളിക്കവലയില്‍ ആരംഭിച്ച ‘ഇസ്സാറ ബോട്ടിക്’ ഇന്ന് പണമില്ലാത്തവരുടെ വിവാഹ വസ്ത്രക്കടയാണ്. തന്റെ വിവാഹത്തിന് ഓടി നടന്നാണ് പിതാവ് ആവശ്യങ്ങൾ നിറവേറ്റിയത്. അന്ന് കല്യാണത്തിന് വസ്ത്രം വാങ്ങുന്നതിനും മറ്റുമായി പിതാവിനെ സഹായിച്ചവരുടെ ഓർമയ്ക്ക് കൂടിയാണ് ഇങ്ങനെയൊരു കടയുടെ ആശയത്തിൽ ഇസ്മത്ത് എത്തിച്ചേർന്നത്. ഏത് മതത്തിൽ പെട്ടവരാണെങ്കിലും നിങ്ങൾക്ക് പാവപ്പെട്ടവർക്ക് ഇവിടെ വിവാഹ വസ്ത്രങ്ങൾ സൗജന്യവുമായി ലഭിക്കും. കേരളത്തിലെ 14 ജില്ലകളിലും പ്രവര്‍ത്തിക്കുന്ന ‘റെയിന്‍ബോ ഫ്രീ ബ്രൈഡല്‍’ എന്ന കൂട്ടായ്മയിലെ അംഗം കൂടിയാണ് ഇസമത്ത്.
കണ്ണൂരിൽ നിന്നാണ് ഇസ്മത്തിന് ഇങ്ങനെയൊരു സൽപ്രവൃത്തിയ്ക്ക് പ്രചോദനം ലഭിച്ചത്. പാവപെട്ടവർക്ക് വസ്ത്രങ്ങൾ എത്തിച്ച് നൽകുന്ന സബിതയിൽ നിന്നാണ് ഇസ്മത്ത് ഈ പാഠം പഠിക്കുന്നത്. കുറച്ച് വിവാഹ വസ്ത്രങ്ങൾക്ക് വേണ്ടിയാണ് ഇസ്മത്ത് സബിതയെ വിളിക്കുന്നത്. അവിടെ നിന്ന് കിട്ടിയ പാഠവും ഊർജവുമാണ് ഇന്ന് കാണുന്ന ഇസ്മത്തിലേക്കുള്ള വളർച്ചയിലേക്ക് എത്തിച്ചത്. എല്ലാ പിന്തുണയുമായി ഭർത്താവ് റിൻഷാദും ഒപ്പമുണ്ട്.
Read Also : പണത്തിന് പകരം പൈൻ കോണുകൾ മതി; ഇത് സ്കാഗ്വേയിലെ പണം കായ്ക്കുന്ന മരം…
ഇങ്ങനെയൊരു ആശയം മനസ്സിൽ ഉദിച്ചപ്പോൾ തന്നെ ഇസ്മത്ത് തന്റെ പരിചയക്കാരോടും സുഹൃത്തുക്കളോടും പറയുകയും അവർ പിന്തുണയ്ക്കുകയും ചെയ്തു. കടയിട്ട ശേഷം അവരിൽ ചിലർ വസ്ത്രങ്ങൾ നൽകിയും മറ്റു ചിലർ പണം നൽകിയും ഇസ്മത്തിനെ പിന്തുണച്ചു. ചിലർ തങ്ങളുടെ വിവാഹ വസ്ത്രങ്ങൾ ഇതിനായി നൽകി. സംഭവം കൂടുതൽ ആളുകളിലേക്ക് എത്തിയതോടെ ഇസ്മത്തിനെ തേടി ആളുകൾ എത്താൻ തുടങ്ങി. വസ്ത്രങ്ങൾ നൽകുന്നവരുടെ എണ്ണവും വർധിച്ചു.
അലക്കിത്തേച്ച പഴയതല്ലാത്ത പുതിയ വസ്ത്രങ്ങള്‍ മാത്രമേ സ്വീകരിക്കൂ എന്നതിനാല്‍ ഇവിടെ വിവാഹവസ്ത്രം തേടിയെത്തുന്നവരും സന്തുഷ്ടരാണ്. കാരണം നല്ല വസ്ത്രങ്ങൾ ധരിച്ച് തന്നെ അവർക്ക് വിവാഹ ദിവസം അണിഞ്ഞൊരുങ്ങാം. അർഹരായവർക്ക് സൗജന്യമായി മൈലാഞ്ചിയും അണിയിക്കും ഇസ്മത്ത്.
Story Highlights: ismath will give wedding dress for free
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here