Advertisement

‘രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ യോഗ്യതയുള്ള മക്കളില്ലാത്തതിന്റെ അസൂയ’; മോദിക്കെതിരെ ലാലു പ്രസാദ് യാദവ്

February 12, 2022
Google News 1 minute Read

ആര്‍ ജെ ഡിയില്‍ നിലനില്‍ക്കുന്നത് കുടുംബാധിപത്യമാണെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസത്തിന് മറുപടിയുമായി ലാലു പ്രസാദ് യാദവ്. രാഷ്ട്രീയത്തിലേക്ക് വരാന്‍ കഴിവും യോഗ്യതയുമുള്ള മക്കളില്ലാത്തതിന്റെ അസൂയയാണ് മോദിക്കെന്നാണ് അദ്ദേഹം തിരിച്ചടിച്ചത്. സമാന വിമര്‍ശനം ഉന്നയിച്ച നിതീഷ് കുമാറിന് നേരെയും ലാലു പ്രസാദ് യാദവ് പരിഹാസമുയര്‍ത്തി. നിതീഷ് കുമാറിന്റെ മകന് രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ കഴിവില്ലാത്തതുകൊണ്ടാണ് അദ്ദേഹം വിമര്‍ശനമുന്നിയിക്കുന്നതെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. ആര്‍ ജെ ഡി ദേശീയ നിര്‍വാഹക സമിതി വാര്‍ഷിക യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാലു പ്രസാദ് യാദവ് ആര്‍ ജെ ഡി അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് പകരം മകന്‍ തേജസ്വി യാദവിനെ അധ്യക്ഷ പദവിലേക്ക് കൊണ്ടുവരുമെന്ന പ്രചാരണം ശക്തമാകുന്നതിനിടെയായിരുന്നു പാര്‍ട്ടിയില്‍ കുടുംബാധിപത്യമെന്ന പരിഹാസം. എന്നാല്‍ പാര്‍ട്ടിയില്‍ തല്‍ക്കാലം നേതൃമാറ്റമുണ്ടാകില്ലെന്ന് ലാലു പ്രസാദ് യാദവ് തന്നെ വ്യക്തമാക്കുകയായിരുന്നു. ആര്‍ ജെ ഡിയെ നയിക്കാന്‍ ലാലു പ്രസാദ് യാദവ് ശക്തനും സന്നദ്ധനും ആണെന്നും തേജസ്വിയ്ക്ക് അധ്യക്ഷ സ്ഥാനം നല്‍കി ലാലു പ്രസാദ് ഒഴിയേണ്ട സാഹചര്യം നിലവിലില്ലെന്നും ആര്‍ ജെ ഡി നേതാവ് പ്രതാപ് യാദവും പ്രതികരിച്ചിരുന്നു. 2020ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തേജസ്വി യാദവാണ് ആര്‍ ജെ ഡിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കിയിരുന്നത്. തേജസ്വിയുടെ നേതൃത്വത്തിന് കീഴില്‍ യുവാക്കളുടെ വലിയ നിര തന്നെ അണി നിരന്നത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്തിരുന്നു.

ആര്‍ജെഡി കൂടാതെ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും കുടുംബാധിപത്യ പാര്‍ട്ടിയാണെന്ന് ബിജെപി ആരോപിച്ചിരുന്നു. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഉള്‍പ്പെടെ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു. ഒരു കുടുംബമുണ്ടെന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ആ കുടുംബത്തെ ഉപേക്ഷിച്ചുപോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഖിലേഷ് തിരിച്ചടിക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് ഒരു കുടുംബമുണ്ടായിരുന്നെങ്കില്‍ കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് മൈലുകളോളം നടന്ന കുടിയേറ്റത്തൊഴിലാളികളുടെ വേദന ബോധ്യപ്പെട്ടേനെയെന്നും അഖിലേഷ് പറഞ്ഞിരുന്നു.

Story Highlights: lalu prasad yadav jibe at narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here