പൂക്കളും, ടെഡ്ഡിയും ഒന്നും വേണ്ട; വാലന്റൈൻസ് ദിനത്തിൽ കുറഞ്ഞ ചെലവിൽ കൊടുക്കാവുന്ന ‘വെറൈറ്റി’ സമ്മാനങ്ങൾ

ഫെബ്രുവരി 14 വാലന്റൈൻസ് ദിനം. കൊവിഡ് കാലമാണെങ്കിലും പ്രണയദിനത്തിന്റെ ആഘോഷത്തിന് അതൊരു തടസമില്ല. വാലന്റൈൻസ് ദിനത്തിൽ പ്രണയപാതിക്ക് ഒരു സമ്മാനം കൊടുക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. നേരിൽ കാണാൻ സാധിച്ചില്ലെങ്കിൽ കൊറിയർ വഴിയെങ്കിലും സമ്മാനമെത്തിക്കും. എന്നാൽ പ്രധാന പ്രശ്‌നം എന്ത് സമ്മാനം വാങ്ങി നൽകും എന്നതാണ്. ( budget friendly gift ideas )
പൂവ്, ചോക്ലേറ്റ്, ടെഡ്ഡി ബെയർ പോലുള്ള ‘ക്ലീഷേ’ സമ്മാനങ്ങൾ മടുത്തതുകൊണ്ട് മറ്റ് ആശയങ്ങൾ തേടുകയാണ് യുവഹൃദയങ്ങൾ. ആ ചോദ്യത്തിന് ഉത്തരം തേടിയുള്ള യാത്ര ഇവിടെ അവസാനിപ്പിക്കാം. കുറഞ്ഞ ചെലവിൽ പ്രണയിക്കുന്ന വ്യക്തിക്ക് നൽകാവുന്ന കിടിലൻ സമ്മാനങ്ങൾ.
- ബീറ്റാ ഫിഷ്
വലിയ ചിറകുകളുള്ള ബീറ്റാ ഫിഷിനെ ഇഷ്ടപ്പെടാത്തവരായി ആരാണ് ഉള്ളത് ? ഫൈറ്റർ എന്നും അറിയപ്പെടുന്ന ഈ ഫിഷ് പല നിറങ്ങളിൽ ലഭ്യമായതുകൊണ്ട് തന്നെ പ്രണയത്തെ സൂചിപ്പിക്കുന്ന ചുവന്ന നിറത്തിലുള്ളവ തന്നെ നൽകി സംഭവം കളറാക്കാം. 150 രൂപ മുതലാണ് ബീറ്റാ ഫിഷുകളുടെ വില.
- നിയോൺ ടെട്ര
ഫൈറ്റർ ഫിഷ് വേണ്ടെങ്കിൽ പകരം നിയോൺ ടെട്രയും സമ്മാനിക്കാം. രാത്രി തിളങ്ങുമെന്നതാണ് ഈ കുഞ്ഞ് മീനിന്റെ പ്രത്യേകത. ഒരെണ്ണത്തിന് പത്ത് രൂപ മുതലാണ് തുടങ്ങുന്നത്.
- വാട്ടർ പ്ലാന്റ്‌സ്
പ്രണയിക്കുന്ന വ്യക്തിക്ക് ചെടികൾ ഇഷ്ടമാണെങ്കിൽ വെള്ളത്തിൽ വളരുന്ന ചെടികൾ സമ്മാനമായി നൽകാം. ഇവയ്ക്ക് അധികം പരിപാലനം ആവശ്യമായി വരില്ല എന്നതാണ് ഹൈലൈറ്റ്. കിടപ്പ് മുറിയിലെ ജനലരികിൽ ഒരു ചെടിയുണ്ടാകുക, അത് നൽകുന്ന പച്ചപ്പും, ഉന്മേഷവും… അത് കാണുമ്പോഴെല്ലാം സമ്മാനിച്ച വ്യക്തിയെ ഓർക്കും…
ലക്കി ബാംബൂ, സ്‌പൈഡർ പ്ലാന്റ്, ചൈനീസ് എവർഗ്രീൻ, പോത്തോസ്, കോൡയസ്, വാൻഡറിംഗ് ജ്യൂ എന്നിങ്ങനെ നിരവധി തരം ഭംഗിയുള്ള ചെടികൾ വിപണിയിൽ ലഭ്യമാണ്.
- ടീ ബാഗുകൾ
ചായ ഇഷ്ടപ്പെടുന്ന വ്യക്തിയെയാണ് നിങ്ങൾ പ്രണയിക്കുന്നതെങ്കിൽ വ്യത്യസ്ത രുചികളിലുള്ള ടീ ബാഗുകൾ സമ്മാനിക്കാം.
പലതരം ഫ്‌ളേവറുകളുടെ അസോർട്ടഡ് ടീ ബാഗ്‌സ് വിപണിയിൽ ലഭ്യമാണ്. 179 രൂപ മുതലാണ് ടീ ബാഗുകളുടെ വില. കാപ്പി ഇഷ്ടമുള്ളവർക്ക് വിവിധ ഫ്‌ളേവറിലുള്ള കാപ്പി പൊടികളും നൽകാം.
- തെർമൽ വാട്ടർ ബോട്ടിൽ
തിരക്കിട്ട ജീവിതത്തിനിടയിൽ ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കാൻ മറക്കും. തിരിക്കിനിടെ വെള്ളം കുടിക്കാൻ ഓരമിപ്പിക്കുന്നതാകട്ടെ ഈ വർഷത്തെ നിങ്ങളുടെ പ്രണയ സമ്മാനം.
നല്ല തെർമൽ വാട്ടർ ബോട്ടിൽ നൽകാം. 340 രൂപ മുതൽ തെർമൽ വാട്ടർ ബോട്ടിലുകൾ ലഭ്യമാണ്.
- നെക്ക് പില്ലോ
യാത്രയിലും മറ്റും ‘കഴുത്തുളുക്കാതെ’ സുഖമായി ഉറങ്ങാൻ സഹായിക്കുന്ന നെക്ക് പില്ലോ നല്ലൊരു സമ്മാനമാണ്.
- ഹെഡ് മസാജ്
പിരിമുറുക്കം നിറഞ്ഞ ജീവിത്തിനിടെ നല്ലൊരു ഹെഡ് മസാജ് ബുക്ക് ചെയ്ത് നൽകി നോക്കൂ.
- യോഗാ മാറ്റ്
വ്യായാമം, യോഗ എന്നിവ ദിവസേന ചെയ്യുന്ന വ്യക്തിയാണെങ്കിൽ അയാൾക്ക് യോഗാ മാറ്റിനേക്കാൾ ഇഷ്ടപ്പെടുന്ന സമ്മാനം വേറെയുണ്ടാകില്ല.
- ബാക്ക്പാക്ക്
ചെറു യാത്രകൾക്ക് വേണ്ടി ബാക്ക്പാക്ക് സമ്മാനിക്കാം. ഒരു കുപ്പി വെള്ളം, മൊബൈൽ ഫോൺ, പവർ ബാങ്ക്, ഹെഡ്‌സെറ്റ്, പേഴ്‌സ്, തൊപ്പി എന്നിവയെല്ലാം ഉൾക്കൊള്ളുന്ന അധികം കനമില്ലാത്ത ബാഗുകൾ ഉറപ്പായും ഉപകാരപ്പെടും.
- സെൽഫ് ഹൈജീൻ കിറ്റ്
കൊവിഡ് കാലമാണ്. അതുകൊണ്ട് തന്നെ വ്യക്തിശുചിത്വത്തിന് പ്രാധാന്യം ഏറെയാണ്. നല്ല മണമുള്ള സാനിറ്റൈസറുകൾ, അരോമാറ്റിക് സോപ്പുകൾ, ഭംഗിയുള്ള മാസ്‌കുകൾ, ഡിസിൻഫെക്ടന്റ് സ്‌പ്രേ എന്നിവയെല്ലാം ഒരു ബോക്‌സിലാക്കി സമ്മാനിച്ച് നോക്കൂ.
പ്രണയദിനത്തിൽ മാത്രമല്ല, പിറന്നാളോ, ആനിവേഴ്‌സറിയോ അങ്ങനെ എന്ത് വിശേഷ ദിനമാണെങ്കിലും ഈ ഗിഫ്റ്റുകൾ നൽകാം.
Story Highlights: budget friendly gift ideas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here